ഇടതുമുന്നണിയിലേക്ക് ലീഗിന് ക്ഷണം:  ജയരാജന്റെ പ്രസ്താവന തള്ളി, മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്ന് കാനം 

 
ep

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ല. ഇ.പി.ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കാനത്തിന്റെ പ്രതികരണം. 

മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞതായിരിക്കാം അദ്ദേഹം,  ഇടത് മുന്നണി ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ താനി്ല്ല കാനം വ്യക്തമാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണെന്നും പറയാനുളളത് പറഞ്ഞുകഴിഞ്ഞെന്നുമാണ് ജയരാജന്‍ വ്യക്തമാക്കിയത്. 

'ഇടതുമുന്നണിയിലേക്ക് വരുന്നതനുസരിച്ച് അവര്‍ ആലോചിക്കട്ടെ, ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാവില്ല എന്ന ഭയമാണ് കോണ്‍ഗ്രസിന്. പി.സി. ചാക്കോ എവിടെയാണ്, കെ.വി. തോമസ് എവിടെയാണ്, ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സിപിഎം സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി കൂടുതല്‍ ശക്തിപ്പെടും. അതൊരു മനുഷ്യമഹാപ്രവാഹമായി മാറും. മുന്നണി വിപുലികരണം എല്‍ഡിഎഫിന്റെ പദ്ധതിയിലുള്ള കാര്യമാണ്. 50 ശതമാനം വോട്ടുകള്‍ നേടുന്ന മുന്നണിയായി എല്‍ഡിഎഫിനെ വളര്‍ത്തുകയാണ് ലക്ഷ്യം. ചെറിയ പാര്‍ട്ടികളെ എടുക്കുന്നതിനു പകരം വലിയ പാര്‍ട്ടിയായ ലീഗ് വന്നാലോ എന്ന ചോദ്യത്തിന് അവര്‍ വരട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ നയമാണ്. യുഡിഎഫില്‍ എത്തിയതോടെ ആര്‍എസ്പി ഒന്നും അല്ലാതായി. എന്‍സിപി വിട്ടു പോയ മാണി സി.കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും. ഇ പി വ്യക്തമാക്കിയിരുന്നു.

ഇ.പിയുടെ പ്രസ്താവന തളളിയ പ്രതിപക്ഷനേതാവ് ഇ.പിക്ക് യു.ഡി.എഫിനെപ്പറ്റിനെ ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു.  മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്ന് കെ.പി.എ മജീദും വ്യക്തമാക്കി. ഇടതുമുന്നണിയിലേക്ക് പോവേണ്ട ഗതികേട് ലീഗിനില്ല, അത് ലീഗിന്റെ അജണ്ടയില്‍ പോലുമില്ല, ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ലീഗ് ക്ഷീണിച്ചുപോകില്ല, വളരുകയേയുള്ളുവെന്നും കെ.പി.എ മജീദ് വ്യക്തമാക്കിയിരുന്നു.