സിലബസ് പരിശോധിക്കാന്‍ രണ്ടംഗ സമിതി;സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും ഉര്‍പ്പെടുത്തിയതില്‍ അപകാതയില്ലെന്ന് വിസി 

 
d


വിവാദമായ കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ചില പോരായ്മകള്‍ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ സിലബസ് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയമിച്ചെന്ന് വിസി പറഞ്ഞു.  സര്‍വകലാശാലയ്ക്ക് പുറത്തു നിന്നുള്ള അധ്യാപകരായിരിക്കും സമിതിയിലെന്നും ഇവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വകലാശാല സിലബസില്‍ കാവിവത്കരണം എന്ന ആരോപണം തള്ളിയ വിസി മറ്റ് നേതാക്കളുടെ പുസ്തകങ്ങള്‍ക്കൊപ്പം തന്നെയാണ് സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും അപകാതയില്ലെന്നും പ്രതികരിച്ചു. എല്ലാവരേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുണ്ട്. എന്നാല്‍ ഹിന്ദുത്വ വാദികളുടെ അഞ്ച് പുസ്തകങ്ങള്‍ വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരണം നല്‍കിയെന്നും വിസി വ്യക്തമാക്കി. 

സര്‍വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസില്‍ ആര്‍.എസ്.എസ്. നേതാവ് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ നടപടി താത്കാലികമായി മരവിപ്പിച്ചിതായി റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിലബസ് മരവിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിസി രംഗത്തെത്തുകയായിരുന്നു.