കരിപ്പൂര്‍ വിമാനപകടം: കാരണം പൈലറ്റിന്റെ വീഴ്ച; മുന്നറിയിപ്പുകള്‍ അവഗണിച്ചു

 
karippur flight

ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് 

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം റണ്‍വേയില്‍നിന്ന് വിട്ട് വശങ്ങളിലേക്ക് തെന്നിമാറി. പൈലറ്റിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തില്‍ മുന്‍പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) പാലിക്കാത്തതാണ് ദുരന്തകാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 'ഗോ എറൗണ്ട്' നിര്‍ദേശം ഉണ്ടായിരുന്നിട്ടും അത് പാലിച്ചില്ല. വിമാനം റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് തെന്നിമാറി. നിരീക്ഷണ ചുമതലയിലുണ്ടായിരുന്ന പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തില്ല. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിതവേഗത്തില്‍ വിമാനം മുന്നോട്ടുപോകുകയായിരുന്നു. വിമാനത്തിലെ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ല. ഇന്ധനച്ചോര്‍ച്ചയുണ്ടായത് അപകടത്തിന് ആക്കം കൂട്ടിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിന്റെ ഗതി നിശ്ചയിച്ചിരുന്ന പൈലറ്റിന്റെ തീരുമാനങ്ങള്‍ പിഴച്ചു. സമാന സാഹചര്യത്തില്‍ മുന്‍പ് വിമാനമിറക്കിയ പൈലറ്റ് അമിത ആത്മവിശ്വാസത്തിലായിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനത്തിന്റെ വൈപ്പര്‍ ശരിയായി പ്രവര്‍ത്തിച്ചില്ല. തെറ്റായ ലാന്‍ഡിംഗാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു. 8858 അടി നീളമുള്ള റണ്‍വേയില്‍ 4438 അടിയില്‍ വിമാനം താഴെയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിനാണ് ദുബായില്‍ നിന്നും കോഴിക്കോടെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബി 737-800 വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റ് ഉള്‍പ്പെടെ 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.