'കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 104 കോടി രൂപയുടെ ക്രമക്കേട്'; 38.75 കോടി തിരികെ നല്‍കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍

 
vn vasavan

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്നും ബാങ്കില്‍ നിക്ഷേപിച്ച 38.75 കോടി രൂപ തിരികെ നല്‍കിയെന്നും മന്ത്രി വി.എന്‍. വാസവന്‍. ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാല്‍ വിദഗ്ധ ചികിത്സ തേടാന്‍ കഴിയാതെ മരിച്ച രിച്ച ഫിലോമിനക്കും ഭര്‍ത്താവ് ദേവസിക്കും 4.60 ലക്ഷം രൂപ തിരികെ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

മകന് ചികിത്സക്കുള്ള പണവും നല്‍കിയിരുന്നു. ജൂണ്‍ 28ന് പണം ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. ബാങ്ക് ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയെന്നും വി.എന്‍. വാസവന്‍ വ്യക്തമാക്കി. സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാറെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം മടക്കി നല്‍കുന്നതിനായി കേരളബാങ്കില്‍നിന്ന് അടിയന്തരമായി 25 കോടി ഓവര്‍ഡ്രാഫ്റ്റ് എടുക്കും. 10 കോടി റിസ്‌ക് ഫണ്ടായും ലഭ്യമാക്കും. 164 സഹകരണ സംഘങ്ങള്‍ ബാധ്യതയിലാണെന്ന പ്രചാരണം ശരിയല്ല. പലതും സഹകരണ സംഘങ്ങളുടെ പരിധിയില്‍ വരുന്നതല്ല. 132 സഹകരണ സംഘങ്ങളില്‍ മാത്രമാണ് ബാധ്യത നിലനില്‍ക്കുന്നത്. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി.എന്‍. വാസവന്‍ വ്യക്തമാക്കി. 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് വിഴുങ്ങിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.