കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കെ.സി വേണുഗോപാലും വി.ഡി സതീശനും

 
d

ഡിസിസി പുന:സംഘടനക്ക് പിന്നാലെ കെ സുധാകരന് പിന്തുണ പരസ്യമാക്കി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത്. കെ.സുധാകരന് സര്‍വ്വ സ്വാതന്ത്ര്യവും പൂര്‍ണ പിന്തുണയും നല്‍കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള കരുത്ത് സുധാകരനുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് അഭിമാനമാണെന്നും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

പരസ്പരം കലഹിച്ചു കളയാന്‍ സമയമില്ല, പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. കോൺഗ്രസില്‍ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ലെന്നും  ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണെന്നും ഇനി മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, പാര്‍ട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാല്‍ തല്ലികൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഗ്രൂപ്പില്ല, തന്റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാല്‍ പറഞ്ഞു.

കെ.സുധാകരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാവരും ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.