'കെ.സി വേണുഗോപാല്‍ ബിജെപി ഏജന്റ്'; കോണ്‍ഗ്രസിനെ തകര്‍ക്കുന്ന പ്രവര്‍ത്തനം, രാഹുല്‍ ഗാന്ധിക്ക് പരാതി

 
rahul

കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്നു കുറ്റപ്പെടുത്തി, രാഹുല്‍ ഗാന്ധിക്ക് കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന്റെ കത്ത്. കെ.സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി.എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. കെ.സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമാണ്. വേണുഗോപാല്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. വേണുഗോപാല്‍ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തില്‍ പറയുന്നു. 

കെ.സി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പി.എസ് പ്രശാന്ത് ചുണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് രവിയെ അധ്യക്ഷനാക്കിയതിന് എതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലോട് രവിയ്ക്ക് എതിരെയും ബിജെപി ബന്ധം ആരോപിക്കപ്പെട്ടിരുന്നു. 

ഡിസിസി പുന:സംഘടന പട്ടിക പുറത്ത് വിട്ടതിന് ശേഷം ഗ്രൂപ്പ് നേതാക്കളുടെ പ്രതികരങ്ങള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്
തള്ളിവിടുകയാണ്. അധ്യക്ഷന്‍മാരുടെ പട്ടിക തയാറാക്കുന്നതില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന് പ്രതികരിച്ച ഉമ്മന്‍ചാണ്ടിയെ ഖണ്ഡിക്കുന്ന വിധം കെ. സുധാകരന്റെ പ്രതികരണത്തിലും അതൃപ്തി പുകയുന്നു. ജില്ല അധ്യക്ഷന്‍മാരുടെ പട്ടികയില്‍ രണ്ട് പ്രാവശ്യം ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ വാദം തെറ്റാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഒരേ ഒരു തവണയാണ് ചര്‍ച്ച നടത്തിയത്. ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ കാണിച്ചത്. അതില്‍ വിശദ ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

ഡിസിസി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നാണ് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെന്നാണ് സുധാകരന്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.