സഭാ ആശുപത്രിയില്‍ വൈദികനൊപ്പം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; സാമുദായിക വോട്ട് ബാങ്ക് ലക്ഷ്യമെന്ന് വിമര്‍ശനം 

 
jo joseph

തൃക്കാക്കരയില്‍ രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിറകിലെന്ന് വിമര്‍ശനം. സഭയുടെ ആശുപത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ പ്രഖ്യാപന വേദിയാക്കിയതിനെതിരെ ഒരു കൂട്ടം എതിര്‍പ്പുമായി വൈദികരും രംഗത്തെത്തി. 

സഭയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയുണ്ടാ
ക്കാന്‍ ശ്രമം നടത്തിയെന്നാണ് വിമര്‍ശനം. സഭ വോട്ട് ലകഷ്യമിടുന്ന സിപിഎമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാര്‍ സഭ വൈദികര്‍ക്കിടിയലെ ഭിന്നത. ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത  അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

കേരളത്തില്‍ ഇതാദ്യമായാണ് സഭ ഒരു രാഷ്ട്രീയപാര്‍ട്ടിക്കോ മുന്നണിക്കോ തങ്ങളുടെ ഇടം ഇത്തരമൊരാവശ്യത്തിനായി തുറന്നു കൊടുക്കുന്നത്. ഇത്തരം വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴയ്ക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും വൈദികര്‍ പറയുന്നു. എന്നാല്‍ ആശുപത്രിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ലെന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫാദര്‍ പോള്‍ കരേടന്‍ പറഞ്ഞു. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി കെസിബിസി മുന്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ രംഗത്തുവന്നു. വൈദികര്‍ക്ക് ഒപ്പം സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹത്തിന്റെ വിമര്‍ശനം. 

ഒരു ബ്രാന്‍ഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫാദര്‍ വള്ളിക്കാട്ടില്‍ ആരോപിച്ചു.  മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്.  രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കേണ്ടത് എന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ കുറിപ്പില്‍ പറയുന്നു. 

അതേസമയം തെരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സഭയുടെ പേര് വലിച്ചിഴക്കുന്നത് നെഗറ്റീവ് പൊളിറ്റിക്സ് കളിക്കുന്നവരാണെന്ന് ഡോ.ജോ ജോസഫിന്റെ പ്രതികരണം.  മറ്റൊന്നും പറയാനില്ലാത്തതിനാലാണ് അവര്‍ വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നത്. നമ്മള്‍ മുന്നോട്ടുവെക്കുന്നത് പോസിറ്റീവ് പൊളിറ്റിക്സാണ്. നെഗറ്റീവ് പൊളിറ്റിക്സോ വ്യക്തിഹത്യയോ സൈബര്‍ ആക്രമണമോ കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.