പാലാ ബിഷപ്പിന് പിന്തുണയുമായി മോന്‍സ് ജോസഫ്;  മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും വിയോജിപ്പ്

 
d

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും, പ്രതിപക്ഷ ചീഫ് വിപ്പുമായ മോൻസ് ജോസഫ്. ബിഷപ്പ് നിര്‍വഹിച്ചത് അദ്ദേഹത്തിന്റെ അപ്പോസ്‌തോലികമായി ദൗത്യമാണെന്നും വാക്കുകള്‍ വിവാദമാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യകരമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു. യാഥാര്‍ത്ഥ്യം മനസ്സിലാക്കി വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് പറഞ്ഞതിന്റെ  അന്തസത്ത ഉൾക്കൊണ്ട് തിരുത്തലുകൾ ഉണ്ടാകണം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നായാലും പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്ത് നിന്നായാലും മാതൃകാപരമായ തിരുത്തലുകളുണ്ടാവണം. എല്ലാ മതങ്ങളുടേയും ആചാര്യന്മാർ ശരിയായ പാതയിൽ നയിക്കാനാണ് ശ്രമിക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. 

ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണിയും രംഗത്ത് എത്തിയിരുന്നു. സാമൂഹ്യതിന്മയ്ക്കെതിരായ ജാ​ഗ്രതയാണ് പാലാ ബിഷപ്പ് ഉയ‍ർത്തിയത്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിൻ്റെ മതസാഹോദര്യം സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ബിഷപ്പിൻ്റെ വാക്കുകൾ ചില‍ർ വളച്ചൊടിച്ചെന്നും ജോസ് കെ മാണി പ്രസ്താവനയിൽ പറഞ്ഞു.