സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷനില്‍ നിര്‍ണായക ഘട്ടം; 80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

 
pinarayi

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നിര്‍ണായക ഘട്ടം പിന്നിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്  80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2.30 കോടി പേരാണ് ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത്. 32.17 ശതമാനം അഥവാ 92.31 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കാനായി. കോവിഡിനെതിരായ പ്രതിരോധത്തില്‍ പ്രധാനം വാക്‌സിനേഷനാണ്. 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

പരമാവധി ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നത് ആ ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമാണ്. സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒരാഴ്ചയ്ക്കിടെ കോവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

സെപ്തംബര്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ രണ്ട് ശതമാനത്തിന് മാത്രമേ ഓക്‌സിജന്‍ ബെഡുകള്‍ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവില്‍ ആയുള്ളൂ.

18 വയസ്സായ എല്ലാവര്‍ക്കും ഈ മാസം ആദ്യഡോസ് നല്‍കാനായാല്‍ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയില്‍ വൈകിയെത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റില്‍ അത് 22 ശതമാനമായിരുന്നു. കോവിഡ് കാരണം മരണമടയുന്നവരില്‍ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്.തക്ക സമയത്ത് ചികിത്സ തേടിയാല്‍ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.