പ്രൊഫഷണല്‍ കോഴ്സ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണമെന്ന ആവശ്യം തള്ളി ഹൈക്കോടതി 

 
Kerala high Court

ഈ അധ്യയന വര്‍ഷം മെഡിക്കല്‍, എന്‍ജിനിയറിങ് പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടിയ സ്‌കോറുകള്‍ ഉള്‍പ്പെടുത്താതെ പ്രവേശന പരീക്ഷ മാര്‍ക്കുകള്‍ മാത്രം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് തള്ളിയത്. പ്രവേശനത്തിന് നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

എന്നാല്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അനുവദിച്ച് ഫലം വരുന്ന മുറയ്ക്ക് അവ അപ്‌ലോഡ് ചെയ്യാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ എന്നിവയ്ക്കായി പന്ത്രണ്ടാം ക്ലാസിലെ ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുവരെ മാര്‍ക്ക്-അപ്ലോഡിംഗ് പോര്‍ട്ടല്‍ ക്ലോസ് ചെയ്യണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന രണ്ട് ഹര്‍ജികളും കോടതി അനുവദിച്ചു. 

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കിയിരിക്കുകയാണെന്നും ഈ മാര്‍ക്ക് പ്രവേശന പരീക്ഷയ്ക്കു നല്‍കിയാല്‍ തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് നിലവിലുള്ള പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് പരാതി. ഇതേതുടര്‍ന്നാണ് എന്‍ട്രന്‍സ് റാങ്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.