കോവിഡ് നിയന്ത്രണം: കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

 
pinarayi

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതിനൊപ്പം സംസ്ഥാനത്ത് കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. 

ഇന്ന് ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കര്‍ഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതല്‍ ഉണ്ടായിരിക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അതോടൊപ്പം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാനും അനുമതി നല്‍കി. ബയോബബിള്‍ മാതൃകയില്‍ വേണം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരായിരിക്കണം വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും. അതില്‍ ഉദ്ദേശിക്കുന്ന ബിരുദ/ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ അവര്‍ ഈ ആഴ്ച തന്നെ വാക്‌സീന്‍ സ്വീകരിക്കണം.

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

സ്‌കൂള്‍ അധ്യാപകരെല്ലാം വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അധ്യാപകരുടെ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കണം. ആകെ വാക്‌സിനേഷന്‍ മൂന്ന് കോടി കടന്നിട്ടുണ്ട്. 2.18 കോടി പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 82.46 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 18 വയസ്സിന് മുകളിലുള്ള 76.15 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 28.37 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ജനസംഖ്യ അടിസ്ഥാനത്തില്‍ ഇത് 67.73 ശതമാനവും, 23.03 ശതമാനവുമാണ്. നമ്മുടെ വാക്‌സീനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയില്ല. ഓഗസ്റ്റ് 24 മുതല്‍  30  വരെയുള്ള ആഴ്ചയില്‍ 18.41 ആയിരുന്നു ടിപിആര്‍. 31 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ആഴ്ചയില്‍ 17.96 ആയി കുറഞ്ഞു. ജാഗ്രത തുടര്‍ന്നാല്‍ ഇനിയും കേസുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ഡെല്‍റ്റ വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.