സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യുവും പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി 

 
pinarayi

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നടപടികുളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യുവും പിന്‍വലിക്കാന്‍ കോവിഡ് അവലോകനയോഗത്തില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ വാര്‍ഡ് തല ലോക്ക്ഡൗണും നിയന്ത്രണങ്ങളും തുടരും.

സംസ്ഥാനത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും ജനസംഖ്യയില്‍ 75 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ച സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഓണത്തിന് ശേഷം സര്‍ക്കാര്‍ ഭയപ്പെട്ട രീതിയില്‍ കോവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്ന പ്രവണതയുണ്ടായതും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ നിര്‍ണായകമായി. 

കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നം നിലവിലെ നിയന്ത്രണങ്ങള്‍ പുന: പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോവിഡിനെ സ്വയം പ്രതിരോധിക്കാനുള്ള പുതിയ കാമ്പയിനും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു