കൂടുതല്‍ പാറമടകളുമായി ഇന്‍കെല്‍ വരുന്നൂ, ഇനി സര്‍ക്കാര്‍ സ്വകാര്യ മേഖല സംയുക്ത ഖനനം, പശ്ചിമഘട്ടം ഇല്ലാതാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

 
കൂടുതല്‍ പാറമടകളുമായി ഇന്‍കെല്‍ വരുന്നൂ, ഇനി സര്‍ക്കാര്‍ സ്വകാര്യ മേഖല സംയുക്ത ഖനനം, പശ്ചിമഘട്ടം ഇല്ലാതാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

പാറ ഖനനവും ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും ഖനന ഉത്പ്പന്നങ്ങളുടെ വിപണനവും സംയുക്ത സംരംഭമായി നടത്താന്‍ സര്‍ക്കാര്‍ നീക്കം. ഇതിനുള്ള താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് ഇന്‍കെല്‍ (INKEL) കഴിഞ്ഞ ദിവസം പരസ്യം നല്‍കി. ഈ മാസം 30-നകം അപേക്ഷ നല്‍കാനാണ് ഇതില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് പുതിയ പാറമടകള്‍ തുടങ്ങാനും ഉള്ളവ വികസിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ഖനനം പൊതു ഉടമസ്ഥതയിലും ശക്തമായ സാമൂഹ്യ നിയന്ത്രണത്തോടെയും നടത്തുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ പത്രപരസ്യവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

"ഖനന മേഖലയില്‍ പൂര്‍ണമായോ ഭാഗീകമായോ പൂര്‍വകാല പരിചയമുള്ളവരും സാമ്പത്തിക ഭദ്രതയുള്ളവരുമാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ തന്നെ ഖനന സ്ഥലം, ക്രഷര്‍ യൂണിറ്റ് തുടങ്ങിയവ ഉള്ളവര്‍ക്കും താത്പര്യപത്രം സമര്‍പ്പിക്കാവുന്നതാണ്'' എന്ന് പരസ്യത്തില്‍ പറയുന്നു. നിലവിലുള്ള പാറമടകളുടെ വിപുലീകരണത്തോടൊപ്പം നിരവധി പുതിയ പാറമടകളും സംസ്ഥാനത്ത് തുടങ്ങാന്‍ പോകുന്നു എന്നാണ് പരസ്യത്തിലൂടെ വ്യക്തമാകുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്‍കെല്‍ ഖനന രംഗത്തേക്ക് കടന്നു വരുന്നതിനെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് കാണുന്നത്. നിലവില്‍ സ്വകാര്യ മേഖലയിലാണ് സംസ്ഥാനത്തെ പാറമടകളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് 750 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ കേരള വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ രണ്ടു വര്‍ഷം മുന്‍പത്തെ പഠനമനുസരിച്ച് സംസ്ഥാനത്തെ പാറമടകളുടെ എണ്ണം 5942 ആണ്. സര്‍ക്കാര്‍ പങ്കാളിത്തമുള്ളവ കൂടി ഇതോടൊപ്പം വന്നാല്‍ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും.

തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന പാറമടകള്‍ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന സമരങ്ങളെ ഈ സര്‍ക്കാര്‍ പങ്കാളിത്തം കാണിച്ച് പാറമട ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ നേരിടാനും സാധിക്കും.

കേരളത്തിന്റെ ഖനിജങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുമെന്നും ഖനനത്തില്‍ ശക്തമായ സാമൂഹ്യ നിയന്ത്രണ സംവിധാനം കൊണ്ടുവരുമെന്നും ഇടതുമുന്നണിയുടെ 2016-ലെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതാണ്. ഖനനം പൊതുമേഖലയില്‍ കൊണ്ടുവരാന്‍ നാളിതുവരെ ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ഖനനത്തിനൊരുങ്ങുന്നത്. ഇതില്‍ 24 ശതമാനം മാത്രമായിരിക്കും സര്‍ക്കാര്‍ ഓഹരിയെന്ന് ഇന്‍കെല്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതായത് പ്രത്യക്ഷത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം എന്നു പറയുകയും അതിന്റെ മറവില്‍ സ്വകാര്യ പാറമട ഉടമകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു ഇന്‍കെലും വ്യവസായ വകുപ്പും.

കോവിഡ് മഹാമാരി മൂലം ജനജീവിതം മുഴുവന്‍ സ്തംഭിച്ചിരിക്കുമ്പോഴും സംസ്ഥാനത്തു ക്വാറി പ്രവര്‍ത്തനം സജീവമാക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സേവ് കേരള ക്യാമ്പയിന്‍ കമ്മറ്റി പ്രസ്താവനയില്‍ ആരോപിക്കുന്നു.

"അത്യാവശ്യ സേവനങ്ങള്‍ക്ക് പോലും വിലക്കുകള്‍ ഉള്ള, സഞ്ചരിക്കാനും സംഘം ചേരാനുമുള്ള മൗലികമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഒരു മഹാമാരിയുടെ കാലത്ത് ഖനന മേഖലയ്ക്ക് ലഭിക്കുന്ന ഇളവുകള്‍ സര്‍ക്കാരുകളുടെ മുന്‍ഗണനാക്രമമാണ് സൂചിപ്പിക്കുന്നത്. സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മിതിക്ക് പോലും ഇല്ലാത്ത മുന്‍ഗണന ഖനനത്തിന് ലഭിക്കുകയാണ്. ഈ സവിശേഷ സാഹചര്യത്തില്‍ ആരോഗ്യരക്ഷാ ഉപകരണങ്ങളുടെ നിര്‍മാണത്തിനു വേണ്ടി മുതല്‍ മുടക്കേണ്ടതിനു പകരം പാറമടകള്‍ തുടങ്ങാന്‍ പണം ചെലവിടുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? എതിര്‍പ്പുകളെ ലോക്ക്ഡൗണ്‍ ചെയ്ത് ഖനനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഖനനം പൊതുമേഖലയില്‍ നടത്തും എന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഖനനം ആരംഭിക്കാന്‍ നടത്തുന്ന നീക്കം ദുരുദ്ദേശപരമാണ്. നിലവില്‍ സ്വകാര്യ മേഖലയിലെ ഖനനം മൂലം തന്നെ പൊറുതിമുട്ടുന്ന കേരളം. ഭക്ഷണത്തിനു പോലും നിലവില്‍ നിവൃത്തിയില്ലാത്ത മനുഷ്യരുടെ നികുതിപ്പണം എടുത്തു സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പുതിയ ക്വാറികള്‍ തുടങ്ങാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരമൊരു നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഈ ദുരിത കാലത്തും പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയല്ലാതെ ജനങ്ങള്‍ക്ക് മറ്റു മാര്‍ഗമുണ്ടാവുകയില്ല. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പാറഖനനം നടത്താന്‍ തീരുമാനമെടുത്ത സാചര്യം വിശദീകരിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്." സേവ് കേരള ക്യാമ്പയിന്‍ കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ നോബിള്‍ എം. പൈകട പറഞ്ഞു.

'ഇന്‍കെല്‍' എന്ന പി.പി.പി ശ്രേണിയില്‍ പെട്ട സ്ഥാപനത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം 22.78 % മാത്രമാണ്. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 6.74% ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. അപ്പോള്‍ ആകെ സര്‍ക്കാര്‍ നിയന്ത്രണം 29.52 ശതമാനത്തിന്‍മേല്‍ മാത്രമാണ്. സിംഹഭാഗം ഓഹരികളും സ്വകാര്യ മേഖലയ്ക്കു നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ചില വന്‍കിട വ്യവസായികളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം ഉണ്ടാക്കിയയാണ് ഇന്‍കെല്‍ എന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ.പി.അനില്‍ പറയുന്നു. "ഇന്‍കെലിന്റെ ഡയറക്ടര്‍മാരായിരിക്കുന്ന കേരളത്തിലെ ഉന്നതരായ വ്യവസായികള്‍ കരിങ്കല്‍ ഖനന മേഖലയിലേക്കും അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. 2018 ലെ പ്രളയത്തെ തുടര്‍ന്ന് നിയമസഭാ പരിസ്ഥിതി സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിലെ അനിയന്ത്രിത ഖനനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എടുത്ത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല, മാത്രമല്ല പാറമടകളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണുണ്ടായത്.കോവിഡ് കാലത്ത് നമ്മുടെ പാരിസ്ഥിതിക സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചകളും തന്നെയാണ് ലോകമെങ്ങും ഉയര്‍ന്നു വരുന്നത്. പക്ഷേ സംസ്ഥാന സര്‍ക്കാരിനും അതിന്റെ ഭാഗമായ വ്യവസായ വകുപ്പിനും ഇതൊന്നും ബാധകമേയല്ല എന്ന നിലപാടാണുള്ളത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോലും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങളുന്നയിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കള്‍ക്കും പശ്ചിമഘട്ടമാകെ തുരന്നെടുക്കാന്‍ നടക്കുന്ന നീക്കങ്ങളില്‍ പരാതിയും പരിഭവവുമില്ല എന്നതും കൗതുകകരമാണ്." അദ്ദേഹം പറയുന്നു. പാറഖനനം ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കാരണമാകും എന്നതിന് ശാസ്ത്രീയമായി തെളിവില്ല എന്നാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ 2020 ഫെബ്രുവരിയില്‍ കേരള നിയമസഭയില്‍ പറഞ്ഞത്. 2018 ലെയടക്കം നിയമസഭാ പരിസ്ഥിതി സമിതികളുടെ റിപ്പോര്‍ട്ടുകളെയും കേരള വനഗവേഷണ കേന്ദ്രത്തിന്റെയും ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിന്റെയും പഠന റിപ്പോര്‍ട്ടുകളെയും പാടേ നിരാകരിച്ചുകൊണ്ടായിരുന്നു വ്യവസായ മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. അതായത് പാറമടകളെ നിയന്ത്രിക്കാനുള്ള നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്നു വ്യക്തം.

കോവിഡിന്റെയും നിപ്പയുടെയുമെല്ലാം വൈറസുകള്‍ വന്യജീവികളില്‍ നിന്നുമാണ് മനുഷ്യരില്‍ എത്തുന്നത് എന്നും ആവാസവ്യവസ്ഥകളുടെ നാശം ഇത്തരം വൈറസ് ബാധയ്ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് എന്നും ഗവേഷകര്‍ ലോകത്തിന് മുന്നറിയിപ്പു നല്‍കുമ്പോള്‍ തന്നെയാണ് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥകളെയാകെ തകര്‍ക്കുന്ന ഖനന പ്രവര്‍ത്തനങ്ങളുമായി പൂര്‍വാധികം ശക്തിയോടെ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ പാറമടകളുടെ വലിയൊരു ഭാഗവും വനപ്രദേശങ്ങളോടു ചേര്‍ന്നാണ്. ഇവയുടെ പ്രവര്‍ത്തനം വന്യ ജീവികളെ ഏതൊക്കെ രീതിയില്‍ ബാധിക്കുന്നു എന്നതിനെ കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നാളിതുവരെ നടന്നിട്ടില്ല. വനപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള ഖനന നിരോധിത മേഖലയുടെ വിസ്തൃതി കുറയ്ക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ആഗോള താപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ദുരന്തങ്ങള്‍ അതിന്റെ എല്ലാ തീവ്രതയിലും കേരളം പോലുള്ള ഉഷ്ണമേഖലാ തീരപ്രദേശങ്ങള്‍ നേരിടേണ്ടി വരും എന്ന ശാസ്ത്രീയ മുന്നറിയിപ്പും നിലനില്‍ക്കുന്നു. സ്വാഭാവികമായി തന്നെ ദുര്‍ബലമായ പശ്ചിമഘട്ടത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് വലിയ ആപത്തുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് പല ഗവേഷകരും നല്‍കുന്നത്. ഇതൊന്നും ഉള്‍ക്കൊള്ളാതെയാണ് കൂടുതല്‍ പാറമടകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്.