ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ആക്രമണം; കോവിഡ് പോരാളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി 

 
Kerala high Court

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ നഴ്‌സിംഗ് അസിസ്റ്റന്റിനെ ആക്രമിച്ച  സംഭവത്തിന്റെ പശ്ചാത്തലത്തില്‍  ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സംഭവത്തില്‍ ആശങ്ക അറിയിച്ചത്.  ആലപ്പുഴ തൃക്കുന്നപ്പുഴയില്‍, ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ നഴ്‌സിങ് അസിസ്റ്റന്റിനെ ആക്രമിച്ചു തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

'ഡ്യൂട്ടി കഴിഞ്ഞ് വൈകി തിരിച്ചെത്തുന്ന തിരിച്ചെത്തുന്ന ഇത്തരം ധീരരായ നിരവധി സ്ത്രീകള്‍ റോഡിലുണ്ട്. സാമൂഹ്യവിരുദ്ധര്‍ അവരുടെ സമയവും ചലനങ്ങളും പതിവായി ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ അത് കടുത്ത ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. കോവിഡ് പോരാളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും' കോടതി നിര്‍ദേശിച്ചു. 

സംഭവം  ഒറ്റപ്പെട്ട കേസാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എസ് കണ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി ഞങ്ങള്‍ കാണുന്നില്ലെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് ഇടപെട്ട് കോവിഡ് യോദ്ധാക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണംമെന്ന്
കോടതി പറഞ്ഞു. 

കോവിഡ് ചികിത്സയ്ക്ക് എപിഎല്‍ വിഭാഗത്തില്‍നിന്നു പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിയേയും ഹൈക്കോടതി ചോദ്യം ചെയ്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പാസാക്കിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു.  ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 30 ദിവസമായി രോഗബാധയില്ലാതിരുന്നിട്ടും കോവിഡ് -19 ബാധിച്ച ഒരാളുടെ മരണം കോവിഡ് മരണമായി ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.  കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.