കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

 
Kerala high Court

കോവിഡ് പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിവാഹത്തിന് നടപ്പന്തലിനു രൂപമാറ്റം വരുത്തും വിധത്തില്‍ വലിയ അലങ്കാരങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നടപ്പന്തല്‍ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ എഎസ്പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷിചേര്‍ത്തു.

കോടതി നടപടികള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ചൂണ്ടികാണിച്ച് ചടങ്ങിലെ അലങ്കാരങ്ങള്‍, ചടങ്ങില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം, ക്ഷേത്ര പരിസരത്ത് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സാന്നിധ്യം എന്നിവയില്‍   ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു.

എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ വിവാഹം നടത്താന്‍ അവകാശം ഉണ്ടെങ്കിലും ഈ അവകാശങ്ങള്‍ പൂര്‍ണമല്ലെന്നും നിയന്ത്രണങ്ങള്‍ക്ക്
വിധേയമാണെന്നും കോടതി പറഞ്ഞു. നിയമപ്രകാരം ബോര്‍ഡ് അധികാരികളുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും എന്തൊക്കെയാണ്? ചുമതലകളില്‍ എന്തെങ്കിലും ലംഘനം നടന്നോ?, ചടങ്ങ് നടന്ന ദിവസം ക്ഷേത്ര പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഏതെങ്കിലും ഭക്തരെ തടഞ്ഞിരുന്നോ?, വിവാഹ ദിനത്തില്‍ സുരക്ഷാ ചുമതല ഏതെങ്കിലും സ്വകാര്യ ഏജന്‍സിക്കു കൈമാറിയോ കോടതി ചോദിച്ചു. 

വിവാഹ ദൃശ്യങ്ങളില്‍ കറുത്ത വേഷം ധരിച്ച സുരക്ഷാ ചുമതലയുള്ളവരെ കാണുന്നു. ഇത് എന്താണ്? അവര്‍ ബ്ലാക്ക് ക്യാറ്റുകളെ പോലെ തോന്നുന്നു. അവര്‍ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നോ, ക്ഷേത്രത്തില്‍ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ? 

എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ വിവാഹം നടത്താന്‍ അവകാശം ഉണ്ടെന്നും എന്നാല്‍ പൊതു താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചും ആചാരങ്ങള്‍ക്കനുസരിച്ചും ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന  ബെഞ്ച് സ്വമേധയാ കേസെടുത്തത്. 

കഴിഞ്ഞ ആഴ്ചയാണ് രവിപിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. നടപ്പന്തലിലെ അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്.