സെമി ഫൈനലില്‍ മുന്നിലോടി എല്‍ഡിഎഫ്; കിതച്ചുകിതച്ച് യുഡിഎഫ്, വെല്ലുവിളി ഉയര്‍ത്താനാകാതെ എന്‍ഡിഎ

 
സെമി ഫൈനലില്‍ മുന്നിലോടി എല്‍ഡിഎഫ്; കിതച്ചുകിതച്ച് യുഡിഎഫ്, വെല്ലുവിളി ഉയര്‍ത്താനാകാതെ എന്‍ഡിഎ

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനലെന്ന് വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് ആധിപത്യം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തി. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ വികാരം പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് കനത്ത തിരിച്ചടിയാണുണ്ടായത്. മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം, വലിയ അവകാശവാദങ്ങളുമായെത്തിയ എന്‍ഡിഎയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും നില മെച്ചപ്പെടുത്തി.

941 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫ് 375, എന്‍ഡിഎ, 23, മറ്റുള്ളവര്‍ 29 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 108 ഇടത്തും യുഡിഎഫ് 44 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് മൂന്നിടങ്ങളില്‍ മുന്നിലുണ്ട്. അതേസമയം, 86 മുനിസിപ്പാലിറ്റികളില്‍ 45 ഇടങ്ങളില്‍ യുഡിഎഫാണ് മുന്നില്‍.35 ഇടങ്ങളിലാണ് എല്‍ഡിഎഫിന് ലീഡ്. എന്‍ഡിഎ രണ്ടിടങ്ങളിലും മറ്റുള്ളവര്‍ നാല് ഇടങ്ങളിലും മുന്നിലുണ്ട്. ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. ഒരെണ്ണമാണ് യുഡിഎഫിന് നേടാനായത്.

മുന്നണിയ്ക്ക് ലഭിച്ച വിജയം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരവും പിന്തുണയുമാണെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണം. അതേസമയം, യുഡിഎഫ് കോട്ടയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും എല്‍ഡിഎഫിന് ആഹ്ലാദിക്കാന്‍ തക്ക വിജയമില്ലെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. തങ്ങളെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.