അടുത്ത ആഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ; രോഗവ്യാപനം 7നു മുകളിലായാല്‍ ലോക്ഡൗണ്‍

 
pinarayi


സംസ്ഥാനത്ത് അശാസ്ത്രീയമായ വാക്‌സിന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്‌സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെടുക്കാന്‍ വിമുഖത കാണിച്ച ഒന്‍പത് ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ബോധവത്കരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഇവരില്‍ പലരും ഇപ്പോഴും വാക്‌സിനേഷനോട് മുഖം തിരിക്കുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ എടുക്കാത്തവരാണ്. ഇക്കാര്യത്തില്‍ എല്ലാവരും പൊതുജാഗ്രത പുലര്‍ത്തുകയും ഇത്തരം വിമുഖത കാണിക്കുന്നവരെ തിരിച്ചറിഞ്ഞ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണം.

കോവിഡ് മുക്തരായ കുട്ടികളില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. വയറുവേദന, പനി, ത്വക്കില്‍ കാണുന്ന തിളര്‍പ്പ് എന്നിവ കോവിഡാനന്തര രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാന്‍ വേണ്ട പരിശീലനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗമുണ്ടായായാല്‍ കുട്ടികളില്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നമുണ്ടായേക്കാം എന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക ശിശുരോഗ ഐസിയുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തു. 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിലവില്‍ കരുതല്‍ ശേഖരമായിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ സ്ഥാപിക്കാന്‍ സഹായകരമാവുന്ന പ്ലാന്റുകള്‍ സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു വെന്റിലേറ്റര്‍ സൗകര്യം ഇതൊന്നും ലഭ്യമല്ലെങ്കില്‍ ഇത്തരം ആശുപത്രികളില്‍ മാറ്റി ചികിത്സിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്താകെ രാത്രിക്കാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി 10 മുതല്‍ രാവിലെ ആറ് വരെയാവും കര്‍ഫ്യൂ

സംസ്ഥാനത്ത് അനുബന്ധരോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് രോഗബാധയുണ്ടായാല്‍ അതിവേഗം ചികിത്സ നല്‍കാന്‍ നടപടിയെടുക്കും. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിശേഷതകളും ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി എങ്ങനെ മുന്നോട്ട് പോകാം എന്ന് ആലോചിച്ചപ്പോള്‍ ഈ രംഗത്തെ പ്രമുഖരേയും ആരോഗ്യവിദഗ്ദ്ദരേയും ചേര്‍ത്ത് ഒരു യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ചികിത്സാ രംഗത്ത് പരിചയമുള്ള പ്രമുഖ ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ദ്ദര്‍, ഡോക്ടര്‍മാര്‍ എന്നിവരെയെല്ലാം ആ യോഗത്തിലേക്ക് ക്ഷണിക്കും. സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യും. 

കോവിഡ് ലക്ഷണമുള്ള എല്ലാവരേയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കും.രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണം കാണിക്കാത്തവരും ഒരു മാസത്തിനുള്ളില്‍ കോവിഡ് പൊസീറ്റാവയവര്‍ക്കും ടെസ്റ്റിന്റെ ആവശ്യമില്ല. 12 മണിക്കൂറിനുള്ളില്‍ റിസല്‍ട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ലാബുകള്‍ ശ്രദ്ധിക്കണം. എല്ലാ ലാബുകളിലും ഉപയോഗിക്കുന്ന ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.