ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ; നിയന്ത്രണങ്ങള്‍ ഇങ്ങനെ, കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ ചര്‍ച്ച

 
nightcurfew

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കര്‍ഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകല്‍ സമയത്ത് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേര്‍ത്തുള്ള പൊലീസിന്റെ യോഗം നടത്തും. 

ഇന്ന് മുതല്‍ രാത്രി 10 മണിമുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും.  അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. കര്‍ഫ്യൂ ശക്തമാക്കാന്‍ കര്‍ശന പരിശോധനകള്‍ക്ക്  പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.  ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന ലോക്ഡൗണും ഏര്‍പ്പെടുത്തും. 

നൈറ്റ് കര്‍ഫ്യൂവില്‍ അവശ്യസര്‍വീസുകള്‍, രോഗികളുമായി ആശുപത്രിയില്‍ പോകാന്‍, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രയ്ക്ക്, ചരക്ക് വാഹനങ്ങള്‍ക്ക്, അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക്, രാത്രി 10-നുമുമ്പ് ദിര്‍ഘദൂര യാത്ര ആരംഭിച്ചവര്‍ക്ക് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം. മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്നുള്ള അനുമതി ആവശ്യമാണ്.