ഞായറാഴ്ച ലോക്ഡൗണ്‍ പുന:സ്ഥാപിച്ചു;  കടകളുടെ പ്രവര്‍ത്തനത്തിനു നിലവിലെ ഇളവുകള്‍ തുടരും

 
pinarayi


സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തും. കടകളുടെ പ്രവര്‍ത്തനത്തിനു നിലവിലെ ഇളവുകള്‍ തുടരും.  കടകൾക്ക് 7 മുതൽ 9 വരെ തന്നെ പ്രവർത്തിക്കാം. 

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗണ്‍ ഒഴിവാക്കിയത്.  പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

തെരുവുകള്‍, മാര്‍ക്കറ്റ്, ഹാര്‍ബര്‍, ഫിഷിങ് വില്ലേജ്, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്എംഇ യൂണിറ്റ്, ഓഫിസ്, ഐടി കമ്പനി, ഫ്‌ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവ ഉള്‍പ്പെടെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിന്റെ നിര്‍വചനത്തില്‍ വരുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം.

100 മീറ്റര്‍ പരിധിയില്‍ അഞ്ചിലധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്താല്‍ അതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളും വീടുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാകും. അഞ്ചില്‍ താഴെ കേസുകളാണെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാം. 7 ദിവസത്തേക്കായിരിക്കും നിയന്ത്രണം. ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും ഏര്‍പ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് നേരത്തെ നിര്‍ദ്ദേശിച്ചത് പോലെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുക, പരിശോധന വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍  അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.