പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച എസ്.ശ്രീജിത്തിനും മാറ്റം

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയും മാറ്റി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് എസ്.ശ്രീജിത്തിനെ മാറ്റി, ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി.

നടിയെ ആക്രമിച്ച കേസ് അന്വേഷണം നടത്തുന്നത് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കേസ് വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
എസ്. ശ്രീജിത്തിന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായാണ് പുതിയ ചുമതല. എം.ആര്.അജിത്ത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്കി. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാര്‍ ഐ.പി.എസ് പുതിയ ജയില്‍ മേധാവി ആവും.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന് തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി.