കെ റെയില്‍: ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല; നിലപാടിലുറച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി
 
K Rail

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ (കെ റെയില്‍) സംബന്ധിച്ച വിവാദങ്ങള്‍ മുറുകുന്നു. കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കുന്നത്. എതിര്‍പ്പുണ്ടെന്നു കരുതി നാടിന് ആവശ്യമുള്ള ഒരു പദ്ധതിയും വേണ്ടെന്നുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എതിര്‍പ്പുണ്ടെന്ന് കരുതി മാറിനിന്നാല്‍ നമ്മുടെ നാട് ബഹുദൂരം പിറകിലായിപ്പോകുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനായി കെ-റെയില്‍ അധികൃതര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ രീതികള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് ലഭ്യമായ വസ്തുതകളും വിവരങ്ങളും പരിശോധിക്കുമ്പോള്‍, കേരള വികസനത്തിനായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല സില്‍വര്‍ലൈന്‍ എന്നാണ് പരിഷത്തിന്റെ വാദം.

പദ്ധതി ഉപേക്ഷിക്കില്ലെന്ന് സര്‍ക്കാര്‍
കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എതിര്‍പ്പുണ്ടെന്നു കരുതി നാടിന് ആവശ്യമുള്ള ഒരു പദ്ധതിയും വേണ്ടെന്നുവെക്കാന്‍ തയ്യാറല്ല. കെ റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ, തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് കേവലം നാലുമണിക്കൂര്‍ മതിയാവും. എതിര്‍പ്പുണ്ടെന്ന് കരുതി മാറിനിന്നാല്‍ നമ്മുടെ നാട് ബഹുദൂരം പിറകിലായിപ്പോവും. വരും തലമുറ നമ്മെ ശപിക്കുന്ന നിലയുണ്ടാവും. കഴിഞ്ഞ അഞ്ചുവര്‍ഷം വികസനപ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു. അതിര്‍ത്തി നിര്‍ണയ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഒരു വികസന പദ്ധതി കൊണ്ടുവന്നാല്‍, ചിലര്‍ അതിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കും. പിന്നീട് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ പദ്ധതിക്ക് ഒപ്പം നില്‍ക്കാറുണ്ട്. ജനങ്ങളുടെ ന്യായമായ എതിര്‍പ്പുകള്‍ കണക്കിലെടുക്കും. ശാസ്ത്രീയമായി പഠിച്ച് എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. എന്നാല്‍, പദ്ധതി വേണ്ടെന്ന് മുഷ്‌കോടെ പറഞ്ഞാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു വികസന പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കരുതെന്ന സംഘടിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പരിസ്ഥിതിക്കു ദോഷമാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൂര്‍ണമായും ഹരിത പദ്ധതിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനാല്‍, പദ്ധതി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. 

നടക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടികള്‍ 
അതേസമയം, കെ റെയില്‍ അധികൃതര്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോപണം. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നില്ല. റെയില്‍വേ ലൈനിന്റെ അലൈന്‍മെന്റ് കൃത്യമായി നിര്‍ണയിക്കാതെയും കേരളത്തില്‍ അങ്ങോളമിങ്ങോളം കല്ലുകള്‍ നാട്ടി അതിര്‍ത്തി നിര്‍ണയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അതില്‍ നിന്ന് കെ-റെയില്‍ അധികാരികളും സംസ്ഥാന സര്‍ക്കാരും പിന്‍വാങ്ങണമെന്നാണ് പ്രസിഡന്റ് ഒ.എം ശങ്കരന്‍, ജനറല്‍ സെക്രട്ടറി പി.ഗോപകുമാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്. വിദേശ ഫണ്ടിങ് ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ-റെയില്‍ അധികാരികളുടെ വിശദീകരണം പ്രതിഷേധാര്‍ഹമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നല്‍ നല്‍കുന്നതുമാണ് കേരളം അനുവര്‍ത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നതെന്ന് പരിഷത്ത് ഓര്‍മിപ്പിക്കുന്നു.

Also Read : എന്താണ് കെ-റെയില്‍ പദ്ധതി? അറിയേണ്ടതെല്ലാം

ലഭ്യമായ വസ്തുതകളും വിവരങ്ങളും പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല സില്‍വര്‍ലൈന്‍. കെ റെയില്‍ കമ്പനിയുടെ വെളിപ്പെടുത്തലനുസരിച്ച് സില്‍വര്‍ ലൈന്‍, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സ്റ്റേഷനുകള്‍ക്ക് അടുത്തായി ഉയര്‍ന്നുവരുന്ന പുതിയ ടൗണ്‍ഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള ഒരു യാത്രാ സംവിധാനമായാണ് സില്‍വര്‍ലൈന്‍ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ വരാനിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിന്ന് മാത്രം 10000 കോടിയിലേറെ രൂപ വരുമാനമായി കണക്കാക്കുന്നുമുണ്ട്. നിലവില്‍ തീവണ്ടി യാത്ര ചെയ്യുന്നവരില്‍നിന്ന് ഉയര്‍ന്ന ക്ലാസുകാരെ മാത്രമേ സില്‍വര്‍ ലൈനിലേക്ക് പ്രതീക്ഷിക്കുന്നുള്ളൂ. സ്വന്തമായി കാര്‍ ഉള്ളവര്‍, വിമാന യാത്രക്കാര്‍, ചാര്‍ജ് കൂടിയ ബസ്സില്‍ യാത്ര ചെയ്യുന്നവര്‍, പുതിയ വികസനം വഴി നേട്ടം ഉണ്ടാക്കുന്നവര്‍ എന്നിവരാണ് ബാക്കി യാത്രക്കാര്‍. നിലവിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ഇന്നത്തെ ഇഴഞ്ഞുനീങ്ങല്‍ തുടരട്ടെയെന്നും, പണക്കാര്‍ വേഗത്തില്‍ യാത്ര ചെയ്യട്ടെയെന്നുമുള്ള കെ-റെയില്‍ സമീപനം കേരളത്തിന്റെ സമഗ്രവികസനത്തിന് അഥവാ കേരള വികസന മാതൃകയ്ക്ക് യോജിച്ചതല്ല.

നേട്ടം ന്യൂനപക്ഷത്തിന്, പാരിസ്ഥിതിക-സാമുഹിക പ്രശ്‌നങ്ങള്‍ ഭൂരിപക്ഷത്തിന്
സില്‍വര്‍ ലൈന്‍ വഴി നേട്ടം ലഭിക്കുന്നത് ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കും. 530 കി.മീ. ദൈര്‍ഘ്യമുള്ള പാതയില്‍ 292 കി.മീ എംബാങ്ക്‌മെന്റ് ആണ്. 20-25 മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും ഏഴ് മീറ്ററോളം ഉയരത്തില്‍ ഭിത്തി കെട്ടി, അവയ്ക്കിടയില്‍ കല്ലോ മണ്ണോ പാറയോ ഇട്ടു നികത്തി ഉണ്ടാക്കുന്നതാണ് എംബാങ്ക്‌മെന്റ്. ഇതില്‍ 500മീറ്റര്‍ ഇടവിട്ട് നിര്‍മിക്കുന്ന അടിപ്പാതകള്‍ക്ക് റോഡ് മുറിക്കുന്ന സ്ഥലങ്ങളില്‍ ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ കടന്നുപോകാന്‍ മാത്രം ഉയരം ഉണ്ടാവണം. ആ അര്‍ത്ഥത്തില്‍ എംബാങ്ക്‌മെന്റ് മതിലുകള്‍ തന്നെ ആയിരിക്കും. ഇത് കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള കേരളത്തിലെ ജലപാതക്കുള്‍പ്പെടെ പലതരം തടസ്സങ്ങളുണ്ടാക്കും. ഇതിനു പുറമേ, 88 കിലോമീറ്റര്‍ നീളത്തില്‍ കാലുകള്‍ (വയഡക്ട്) ഉണ്ടാക്കണം. അതിനും എംബാങ്ക്‌മെന്റിന്റെ ഉയരം വേണം. അതിനൊക്കെ വേണ്ട പ്രകൃതിവിഭവങ്ങള്‍ ശേഖരിക്കുക വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍, നിര്‍മാണ സമയത്ത് ഭൂതലത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍, എന്നിവയെല്ലാം കേരളത്തിലെ ദുര്‍ബലമായ പ്രകൃതിയിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ കാലത്ത് ഇവയൊക്കെ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

പദ്ധതി ആര്‍ക്കുവേണ്ടി? ആരുടെ ചെലവില്‍? 
സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത് സ്റ്റാന്റേര്‍ഡ് ഗേജിലാണ്. അത് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ 96 ശതമാനവും കേരളത്തിലെ റെയില്‍വേയുടെ നൂറ് ശതമാനവും പ്രവര്‍ത്തിക്കുന്ന ബ്രോഡ്ഗേജിന് പൂരകമല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരെയെല്ലാം പൂര്‍ണമായി അവഗണിക്കുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ഇവിടെ സില്‍വര്‍ ലൈന്‍ കേരളത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് വാദിക്കാം, പക്ഷേ കേരളത്തിലെ ആര്‍ക്കുവേണ്ടി? ആരുടെ ചെലവില്‍? എന്ന അന്വേഷണം പ്രസക്തമാവുകയാണ്. മാത്രമല്ല, കേരളീയരില്‍ നല്ലൊരു ഭാഗം അന്യസംസ്ഥാനങ്ങളിലേക്ക് റെയില്‍ യാത്ര ചെയ്യുന്നവരാണല്ലോ. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്റ്റാന്റേര്‍ഡ്ഗേജിനെ അടിച്ചേല്‍പ്പിക്കുന്നതിന്റെ പിറകില്‍ ധാരാളം അജണ്ടകളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്തായാലും ലോക രാജ്യങ്ങളിലെല്ലാം അവിടെ നിലവിലുണ്ടായിരുന്ന പാളങ്ങള്‍ ശക്തിപ്പെടുത്തിയാണ് റെയില്‍ ഗതാഗതം വികസിച്ചുവന്നത്. 64,000 കോടി രൂപയായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള നിര്‍മാണച്ചെലവ് 2018-19 വില നിരക്കനുസരിച്ചുള്ളതാണ്. അതിലൊക്കെ വന്‍വര്‍ധനവുണ്ടായിരിക്കുന്നു. നീതി ആയോഗ് കണക്കുപ്രകാരമുള്ള 1.26 ലക്ഷം കോടിയിലും മൊത്തം ചെലവ് നില്‍ക്കാന്‍ സാധ്യതയില്ല.

മെച്ചപ്പെട്ട പൊതുഗതാഗതം ഉറപ്പാക്കണം
കേരളത്തില്‍ ധാരാളം ഗതാഗത പ്രശ്നങ്ങളുണ്ട്. അതിന്റെ പരിഹാരത്തില്‍ പ്രധാനം മേന്മയേറിയ പൊതുഗതാഗതം ഉറപ്പാക്കലാണ്. കേരളത്തിലെ പൊതുഗതാഗതത്തിന്റെ കേന്ദ്രസ്ഥാനത്ത് റെയില്‍ ആയിരിക്കണം. അതിന്റെ ഭാഗമായി ഇന്നത്തെ പാളങ്ങള്‍ പൂര്‍ണമായും ഇരട്ടിപ്പിക്കുക, സിഗ്‌നലിങ് ആധുനീകരിക്കുക എന്നിവ പ്രധാനമാണ്. മണിക്കൂറില്‍ 160കി.മീ. വേഗതയില്‍ ഓടിക്കാന്‍ ശേഷിയുള്ള മൂന്നാമതും നാലാമതും ലൈനുകള്‍ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് ബ്രോഡ്ഗേജില്‍ നിര്‍മിക്കുക, അതിനായി ഇന്ത്യന്‍ റെയില്‍വേയുടെ മിഷന്‍-2020 പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ഉണ്ടാവുക എന്നിവയാണ് ഉടന്‍ ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രവര്‍ത്തനങ്ങളുടെ (എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം ലൈന്‍ ഉള്‍പ്പെടെ) വേഗത കൂട്ടാനും നടപടികള്‍ ഉണ്ടാകണം.

Also Read: കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോ? എന്താണ് തത്വത്തിലുള്ള അനുമതി? 

ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന നിലയില്‍ ഇത്തരമൊരു പദ്ധതിയെപ്പറ്റിയുള്ള നേട്ട കോട്ട വിശകലനം നടത്തുന്നതിന് സഹായകമായ ശാസ്ത്രീയമായ അറിവും വിവരവും ജനങ്ങളിലെത്തിക്കുക എന്നതാണ് പരിഷത്തിന്റെ പ്രധാന ദൗത്യമെന്ന് പ്രസ്താവന പറയുന്നു. ഈ തിരിച്ചറിവോടെ, കേരത്തിലെ ജനങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള വികസന അവബോധത്തോടാണ് സംവദിക്കുന്നത്. അത് ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. അതിനായുള്ള പഠനങ്ങളും വിവരശേഖരണവും നടക്കുകയാണ്. കേരള സര്‍ക്കാരിനെ കണ്ണടച്ചെതിര്‍ക്കുന്നതും ഒരു ചര്‍ച്ചയും ഇല്ലാതെയും ഒന്നും പരിഗണിക്കാതെയും സില്‍വര്‍ ലൈന്‍ നടപ്പാക്കുന്നതുമായ രണ്ടു നിലപാടുകളും ശരിയല്ല. ഇതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമഗ്രവികസനം, അതില്‍ ഗതാഗതത്തിനുള്ള പങ്ക് എന്നിവയുടെ ചട്ടക്കൂടില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ വിലയിരുത്താനും റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണവും ഭീമതോതിലുള്ള വിദേശസഹായ പദ്ധതികളും വിശകലനം ചെയ്യാനും നിഗമനങ്ങള്‍ പ്രചരിപ്പിക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്. കേരത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സില്‍വര്‍ ലൈന്‍ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുന്‍ഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട ഡിപിആര്‍, ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട്, പരിസ്ഥിതി ആഘാത പഠനം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.