രോഗം മാറ്റാന്‍ മന്ത്രവാദിയെ തേടിപ്പോകുന്ന കേരളം; നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ എത്രയും വേഗം നടപ്പാക്കണം

മന്ത്രവാദം ഉള്‍പ്പെടെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
 
 
Black magic
മതവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളുടെ ഇരകളായി തീര്‍ന്നവര്‍  കേരളത്തില്‍ നിരവധിയുണ്ട്

മന്ത്രവാദം ഉള്‍പ്പെടെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് കണ്ണൂരില്‍ ന്യുമോണിയ ബാധിതയായ പതിനൊന്നുകാരി മന്ത്രവാദ ചികിത്സയുടെ ഇരയായി മരണപ്പെടുന്നത്.  ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു സംസ്ഥാനം ശാസ്ത്രീയ ചിന്തയുടെ കാര്യത്തില്‍ എത്രത്തോളം പിന്നിലാണെന്നു വ്യക്തമാക്കുന്നതായിരുന്നു കണ്ണൂരിലെ സംഭവം. ഒറ്റപ്പെട്ട സംഭവമായി നിസ്സാരവത്കരിക്കാവുന്നതല്ല എം എ ഫാത്തിമ എന്ന പെണ്‍കുട്ടിയുടെ മരണം. വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളുടെ മറ്റൊരു ഇരയാണ് ഫാത്തിമ. ന്യുമോണിയ മൂര്‍ച്ചിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ശാസ്ത്രീയ ചികിത്സ നല്‍കിയിരുന്നുവെങ്കില്‍ ഫാത്തിമയുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ സ്വന്തം പിതാവ് തന്നെ ആ ഏഴാം ക്ലാസുകാരിയുടെ ജീവിക്കാനുള്ള അവകാശത്തെ അന്ധവിശ്വാസത്തിന്റെ പേരില്‍ നിഷേധിക്കുകയാണുണ്ടായത്.

മതവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളുടെ ഇരകളായി തീര്‍ന്നവര്‍ ഈ കേരളത്തില്‍ നിരവധിയുണ്ട്. ചരട് ജപിച്ചുകെട്ടിയും ചൂരലിനടിച്ചും, ഓതിയ വെള്ളം കുടിപ്പിച്ചും മാതാവിനു മുന്നില്‍ ഉടമ്പടിയെടുപ്പിച്ചുമൊക്കെ ഏതു മാറാരോഗവും മാറ്റിയെടുക്കാം എന്നു വിശ്വസിക്കുന്നൊരു ജനസമൂഹമായി കേരളം മാറിയിട്ടുണ്ട്. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായവരൊക്കെ തന്നെയും ഒരു രോഗം വന്നാല്‍ ആദ്യം അടുത്തുള്ള മന്ത്രവാദിയുടെ അടുക്കലേക്ക് ഓടുന്ന കാഴ്ച്ച കേരളത്തില്‍ സര്‍വ്വസാധാരണമാണ്. കോട്ടയം കാഞ്ഞിരിപ്പിള്ളിയില്‍ മന്ത്രവാദിനയുടെ മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ എന്നൊരു വാര്‍ത്ത വന്നിട്ട് അധികകാലമൊന്നുമായിട്ടില്ല. പൊലീസുകാരനായ പിതാവായിരുന്നു സ്വന്തം മകളെ ഏതോ മന്ത്രാവദിക്കു മുന്നില്‍ ഇട്ടുകൊടുത്തത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച വാര്‍ത്ത കേരളം മറന്നു കാണില്ല. ബാങ്ക് ജപ്തി ഭയന്നാണ് അമ്മയും മകളും ജീവനൊടുക്കിയത്. ആ ദുരന്തത്തിനു പിന്നിലും വില്ലന്‍ മന്ത്രവാദങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു. ലോണെടുത്ത പണം തിരിച്ചടയ്ക്കാതെ ബാങ്കില്‍ നിന്നും വരുന്ന നോട്ടീസുകള്‍ ആല്‍ത്തറയില്‍ കൊണ്ടുവച്ച് പൂജ നടത്തിയിരുന്ന ഭര്‍ത്താവും ഭര്‍തൃമാതാവുമായിരുന്നു ആ അമ്മയുടെയും മകളുടെയും ജീവനെടുത്തവര്‍. കടം വീട്ടാന്‍, നിധി സ്വന്തമാക്കാന്‍, ജോലി കിട്ടാന്‍, പരീക്ഷകളില്‍ വിജയിക്കാന്‍, രോഗം മാറാന്‍, മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രസ് പരീക്ഷകളില്‍ വിജയിക്കാന്‍, സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ജയിക്കാന്‍; എല്ലാത്തിനും പ്രാര്‍ത്ഥനയും വഴിപാടും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നവരായി മലയാളി മാറിയിരിക്കുന്നു.

ഇത്തരമൊരു സാഹചര്യം സമൂഹത്തില്‍ ഉണ്ടെന്ന് മനസിലാക്കി തന്നെയാണ് മന്ത്രവാദം ഉള്‍പ്പെടെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയതെന്നാണ് ഭരണ പരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍ അഴിമുഖത്തോട് പ്രതികരിച്ചത്.'  നമ്മുടെ ചുറ്റും കാണുന്ന കാഴ്ച്ചകള്‍ തന്നെയാണ് അത്തരമൊരു നിയമത്തിന്റെ ആവശ്യകതയ്ക്കു പിന്നില്‍. വിശ്വാസത്തിന്റെ പേരില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്. ആള്‍ദൈവങ്ങളെയും അവര്‍ ചെയ്യുന്ന അത്ഭുതങ്ങളും തേടിപ്പോവുകയാണ് ജനങ്ങള്‍. മനുഷ്യാധീതമായ ശക്തികള്‍ ഇവിടെയുണ്ടെന്നു പറഞ്ഞു പറ്റിക്കുന്നവരുടെ എണ്ണം കൂടുകയാണ്, അത്തരം ചതിക്കുഴികളില്‍ വീണുപോകുന്നവരുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷരതയുള്ളൊരു സമൂഹം തന്നെയാണ് യുക്തിഭദ്രതയില്ലാതെ പെരുമാറുന്നതും എന്നിടത്താണ് അത്ഭുതം. അവര്‍ മാജിക്ക് റെമിഡികള്‍ക്കും അതീന്ദ്രശക്തികളുടെ അനുഗ്രഹങ്ങള്‍ക്കും വേണ്ടി പരക്കം പായുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന അപകടം വലുതാണ്. ആ തിരിച്ചറിവിലാണ് നിയമം കൊണ്ടൊരു മാറ്റത്തിന് ശ്രമിക്കാമെന്ന തീരുമാനത്തിലേക്ക് വന്നത്'; ശശിധരന്‍ നായര്‍ പറയുന്നു.

അശാസ്ത്രീയബോധ്യങ്ങളിലേക്ക് മനുഷ്യരെ വലിച്ചിടുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരുനില്‍ക്കുന്നില്ലെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വളര്‍ത്തിയെടുക്കുന്നപ്രവണതയില്‍ നിന്നും മതങ്ങളെ നിയന്ത്രിക്കുന്നവര്‍ പിന്മാറണമെന്നാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ആവശ്യപ്പെടുന്നത്. കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ പോലും മതവിശ്വാസം തടസമാകുന്നുവെന്നും രഹസ്യമായ കാമ്പയിനുകള്‍പോലും ഇക്കാര്യത്തില്‍ നടക്കുന്നുണ്ടെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പറയുന്നു. ഏതെങ്കിലും ഒരു മതത്തെമാത്രം പ്രതികൂട്ടില്‍ നിര്‍ത്തുകയല്ലെന്നും അശാസ്ത്രീയത പ്രചരിപ്പിക്കുന്നതില്‍ എല്ലാ മതങ്ങള്‍ക്കും ഒരുപോലെ പങ്കുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. കവിളും നാക്കിലും ശൂലം തുളച്ചു കയറ്റിയും ശരീരം ഇരുമ്പ് കൊളുത്തില്‍ കോര്‍ത്തും വഴിപാടുകള്‍ നടത്തുന്നുവരുണ്ട്. കൊച്ചുകുട്ടികളെയും ഇത്തരം പീഢനങ്ങള്‍ക്ക് വിധേയരാക്കുകയാണ്. ഇതൊക്കെ നിയമം മൂലം തന്നെ നിരോധിക്കേണ്ട അനാചാരങ്ങളാണ്. ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ കുട്ടികളിലേക്കും പകര്‍ന്നുകൊടുക്കുമ്പോഴാണ് തലമുറകള്‍ മാറിയാലും പല അനാചാരങ്ങളും തുടരുന്നതിന് കാരണം''; കെ ശശിധരന്‍ നായര്‍ പറയുന്നു.

നിയമ പരിഷ്‌കരണ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നാണ് വിശ്വാസമെന്നും കെ ശശിധരന്‍ നായര്‍ പറഞ്ഞു. പക്ഷേ ഇത്തരമൊരു നിയമം കൊണ്ടു മാത്രം എല്ലാം മാറുമെന്നു കരുതനാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ' നിയമം മാത്രം പോരാ, ജനങ്ങളില്‍ അവബോധം കൂടിയുണ്ടാകണം. കണ്ണൂരില്‍ കുട്ടി മരിക്കാനിടയായ സംഭവം ഒറ്റപ്പെട്ടതായി കാണരുത്. ഇത്തരം പല സംഭവങ്ങളും നടക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചിലത് മാത്രം നമ്മള്‍ അറിയുന്നുവെന്നേയുള്ളൂ. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ ഉണ്ടാകണം. സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ആളുകള്‍ നിര്‍ബന്ധിതരായി ഇത്തരം അപകടങ്ങളിലേക്ക് എത്തപ്പെടുകയാണ്. ആ മന്ത്രവാദിയുടെ അടുത്ത് ചെന്നാല്‍ ഏതുരോഗവും മാറും, അവിടെയുള്ളൊരു ആള്‍ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതു പരീക്ഷയിലും വിജയിക്കും, ഭാഗ്യമുണ്ടാകാനും നിധി കിട്ടാനും നിങ്ങളെ ഞങ്ങള്‍ സഹായിക്കാം, ദൈവത്തെ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചെകുത്താനെയും വിശ്വസിക്കണമെന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് ഒരു വിഭാഗം. ഇത്തരം ചതിക്കുഴികള്‍ തിരിച്ചറിയാന്‍ ശാസ്ത്രീയ അവബോധം ആളുകളിലുണ്ടാക്കണം. അതിന് സര്‍ക്കാരിന് മുന്‍കൈയെടുക്കാം'.

ഇപ്പോള്‍ നടന്നു വരുന്ന ചില ആചാരങ്ങള്‍ പൂര്‍ണമായി നിരോധിക്കണനെന്നും ചിലവ കാലക്രമേണ ഇല്ലാതാക്കിയെടുക്കണമെന്നുമാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒറ്റയടിക്ക് മാറ്റാന്‍ പറ്റാത്തവ, അവയുടെ ദൂഷ്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ട് പതിയെ മാറ്റിയെടുക്കുകയാണ് ഉചിതമെന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരുപക്ഷേ ഇത്തരം നിര്‍ദേശങ്ങളും നിയമവും പ്രതിഷേധങ്ങള്‍ക്ക് കാരണമായേക്കാമെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍ പറയുന്നുണ്ട്. വിശ്വാസകാര്യങ്ങളില്‍ ഇടപെടുന്നുവെന്ന വാദവുമായിട്ടായിരിക്കും പ്രതിഷേധക്കാര്‍ രംഗത്തു വരികയെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

ഒരാളെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കാത്ത, ജീവഹാനിക്ക് കാരണമാകാത്ത, വഞ്ചിക്കപ്പെടുന്ന സാഹചര്യമില്ലാത്ത ആചാരങ്ങളല്ല, ഇതിനെല്ലാം എതിരായി നടക്കുന്ന അനാചരങ്ങളാണ് നിര്‍ത്തലാക്കേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ മനസിലാക്കേണ്ടത്. അതീന്ദ്ര ശക്തിയുണ്ടെന്ന് പ്രചരിപ്പിച്ച് ചികിത്സ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടായെങ്കില്‍ മാത്രമെ കണ്ണൂരിലെ ഫാത്തിമയ്ക്ക് സംഭവിച്ചതുപോലൊരു ദുരന്തം മറ്റൊരു കുട്ടിക്ക് ഉണ്ടാവാതിരിക്കുകയുള്ളൂ. ആചാരങ്ങള്‍ അനാചാരങ്ങളായി മാറാതാരിക്കാന്‍ യുക്തിസഹമായ വിശ്വാസം പുലര്‍ത്തണം. മനസിലേക്ക് കടന്നിറങ്ങിയിരിക്കുന്ന അശാസ്ത്രീയ ചിന്തകള്‍ ഉപേക്ഷിച്ച്, സാമൂഹ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. മതങ്ങള്‍ക്കും ഇവിടെ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും നിയമപരിഷ്‌കരണ കമ്മീഷന്‍ വൈസ് ചെയര്‍മന്‍ പറയുന്നു.