കര്‍ഷകര്‍ക്കൊപ്പം നിന്ന കേരളം

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും നിയമസഭ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കേരളം
 
farmer


വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടുമ്പോള്‍, കര്‍ഷകര്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച കേരളത്തിന്റെ നിലപാടിനുള്ള അംഗീകാരം കൂടിയാകുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും നിയമസഭ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഭരണ-പ്രതിപക്ഷ കക്ഷികള്‍(ബിജെപിയുടെ ഏക എംഎല്‍എ ഒഴികെ) ഒരുമിച്ച് നിന്ന് കാര്‍ഷിക നിയമങ്ങളെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ക്കുകയായിരുന്നു. നിയമനിര്‍മ്മാണങ്ങള്‍ അത് ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അത് ഗൗരവമായി പരിഗണിക്കാന്‍ ബാധ്യതയുണ്ടെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു 2020 ഡിസംബര്‍ 31 ന് ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം പാസ്സാക്കിയത്. ആ സമയത്ത് ഡല്‍ഹിയില്‍ ശക്തമായ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടിയായിരുന്നു കേരളം ചെയ്തത്. കര്‍ഷകരെയും കാര്‍ഷിക മേഖലയെയും തകര്‍ക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.

കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍  മൂലം ഭക്ഷ്യധാന്യങ്ങള്‍ക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന കര്‍ഷക ആശങ്കയും പ്രേമയത്തിലൂടെ നിയമസഭ പങ്കുവച്ചിരുന്നു. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ലെന്നും കോര്‍പറേറ്റുകളുമായി നിയമയുദ്ധം നടത്താനുള്ള ശേഷി കര്‍ഷകര്‍ക്കുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. കര്‍ഷകരുടെ വിലപേശല്‍ശേഷി മിക്കപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമാകുമെന്ന ഗൗരവതരമായ പ്രശ്നം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകരുടെ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നതായിരുന്നു കേരളത്തിന്റെ നിലപാട്. സമരം തുടര്‍ന്നാല്‍, ഒരു ഉപഭോക്ത്യ സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തി ലേക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലേക്ക് വഴുതി വീഴും. കോവിഡ് വ്യാപന ഘട്ടത്തില്‍ അത്തരം ഒരു സ്ഥിതി സൃഷ്ടിക്കുന്ന പ്രത്യാഘാതം  താങ്ങാനാവില്ലെന്നും പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തെ അറിയിച്ചു.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കൈകടത്തല്‍ കൂടിയാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ എന്ന പ്രതിഷേധവും കേരളത്തിനുണ്ടായിരുന്നു. കൃഷി ഭരണഘടനയുടെ ഷെഡ്യൂള്‍ 7 ലെ ഇനം 14 ലും മാര്‍ക്കറ്റ് ആന്‍ഡ് ഫെയേര്‍സ് ഇനം 28 ലും ഉള്‍പ്പെടുന്ന സംസ്ഥാന വിഷയങ്ങളാണെന്നും, സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഇത്തരം വിഷയങ്ങളില്‍ അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടി വിശദമായ കൂടിയാലോചനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നതും കേരളം ഉയര്‍ത്തിയ ആക്ഷേപമായിരുന്നു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും സുപ്രധാനമായ ഈ നിയമങ്ങള്‍ വന്നില്ല എന്നത് ഗൗരവമായ പ്രശ്നമാണെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിക്കുകയും ചെയ്തൂ.

ഇന്ത്യയെ സംബന്ധിച്ച് കൃഷി ഒരു ഉത്പാദന മേഖല മാത്രമല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണെന്നും അതുകൊണ്ട് കാര്‍ഷികരംഗത്തെ പരിഷ്‌കരണങ്ങള്‍ ശ്രദ്ധാപൂര്‍വം വിഭാവനം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കേരളത്തിന്റെ നിലപാട്. ഭൂപരിഷ്‌കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമെന്ന നിലയിലും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ  പങ്കാളിത്തത്തോടെ കാര്‍ഷികരംഗത്തെ പ്രതിസന്ധികള്‍ പരിഹരിച്ചു മുന്നേറുന്നൊരു നാടെന്ന നിലയിലും ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്നും കേരളം പറഞ്ഞു.

താങ്ങുവില നിലനിര്‍ത്തിയിരിക്കുന്നു എന്നതായിരുന്നു കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മുന്‍കാലങ്ങളിലും സമീപകാലങ്ങളിലും സംഭവിച്ചിട്ടുള്ള യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയണമെന്നതായിരുന്നു കേരളത്തിന്റെ പോയിന്റ്. ചുരുക്കം ചില ഉല്‍പന്നങ്ങള്‍ക്ക് മാത്രമേ താങ്ങുവില ലഭ്യമാകുന്നുള്ളൂവെന്ന വാസ്തവം കേന്ദ്രസര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് സംസ്ഥാനം ഓര്‍മിപ്പിച്ചു. രാജ്യത്തെ പല ഭാഗങ്ങളിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും വലിയ സാമൂഹിക പ്രശ്നങ്ങളാണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തി ലാഭകരമായി നടത്താന്‍ സഹായകമായ നടപടികളാണ് സര്‍ക്കാര്‍  സ്വീകരിക്കേണ്ടതെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം. അതിനുവേണ്ടി കേരളം മുന്നോട്ടു വച്ച നിര്‍ദേശം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത്  സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കുക എന്നതായിരുന്നു. അതിനു തയ്യാറാകാതെ വിവാദ നിയമങ്ങള്‍ ഉണ്ടാക്കി കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് അതിശക്തമായ വിമര്‍ശനവും കേരളത്തിന്റെതായി ഉയര്‍ന്നു. ഇത്തരം നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്പഷ്ടമാക്കി, രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട്  മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന കേരളത്തിന്റെ കൂടി ആവശ്യമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്.