മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു

 
km roy

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം റോയ്​ (83) അന്തരിച്ചു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, അധ്യാപകന്‍ എന്നീ നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. വിവിധ മാധ്യമങ്ങളിൽ പതിറ്റാണ്ടുകളോളം സേവനമനുഷ്​ടിച്ചിട്ടുണ്ട്​. മംഗളം പത്രത്തിന്‍റെ ജനറൽ എഡിറ്ററായാണ്​ വിരമിച്ചത്​.

കേരള പ്രകാശത്തിലൂടെ പത്രപ്രവർത്തന രംഗത്ത്​ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും യു.എൻ.ഐ വാർത്താഏജൻസിയിലും റിപ്പോർട്ടറായിരുന്നു. സ്വദേശാഭിമാനി-കേസരി അവാർഡ് , സഹോദരൻ അയ്യപ്പൻ പുരസ്കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്, പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്  ഉൾപ്പെടെ ഒട്ടേറെ പുരസ്​കാരങ്ങളും ലഭിച്ചിട്ടുണ്ട്.