മുട്ടില്‍ മരംമുറി കേസ്: സിബിഐ വേണ്ട; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

 
Kerala high Court

അന്വേഷണത്തില്‍ പരാതിയുള്ളപക്ഷം ആര്‍ക്കും കോടതിയെ സമീപിക്കാം

മുട്ടില്‍ മരംമുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഫലപ്രദമായ അന്വേഷണം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

നിലവില്‍ കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ഇപ്പോള്‍ നടക്കുന്ന  ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി കോടതി മാര്‍ഗരേഖയും നല്‍കി. കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ചുളള ആഴത്തിലുള്ള അന്വേഷണം നടത്തണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍, പരാതിയുള്ളപക്ഷം ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടു പോകുകയാണ്. കേസ് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക് നിയമപരമായി കഴിയില്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.