'നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ച് കൊടുക്കണമായിരുന്നു'

 
d

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന പരാമര്‍ശത്തോടെ ആയിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ആക്ഷേപം. ശബരിമലയ്ക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ എത്രയോ നല്ല ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു കഴിഞ്ഞ ഒന്നാം പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത് എന്ന് പറഞ്ഞതിന് പിറകേയാണ് ഇതിനെ സാധൂകരിക്കുന്നതിനായി  പരാമര്‍ശങ്ങള്‍ കൊടിക്കുന്നിലിന്റെ ഭാഗത്ത് നിന്നുണ്ടായത്. തുടര്‍ച്ചയായി അദ്ദേഹം പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തില്‍ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ് സി നിയമനത്തില്‍പോലും തുടര്‍ച്ചയായി പട്ടികജാതിക്കാരെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്.  അദ്ദേഹം പറഞ്ഞു.