അന്ധമായ ഇടതുപക്ഷ വിമര്‍ശനം അവസാനിപ്പിക്കണം; എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു:കോടിയേരി 

 
kodiyeri

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങള്‍ ശ്രമിച്ചു, ഭരണ നേട്ടങ്ങളെ ഇകഴ്ത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു, സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചു വിട്ടുവെന്നും കോടിയേരി ആരോപിച്ചു. 

എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച തടയാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. വ്യാജകഥകള്‍ ചമച്ചു. എന്നിട്ടും എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലക്കി വെളുപ്പിക്കാന്‍ ശ്രമിച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി മാധ്യമങ്ങള്‍ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അന്ധമായ ഇടതുപക്ഷ വിമര്‍ശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതു പക്ഷം വീണ്ടും അധികാരത്തില്‍ വന്നപ്പോഴും മാധ്യമങ്ങള്‍ മാറുന്നില്ലെന്നും കോടിയേരി പറഞ്ഞു.  

സ്വാതന്ത്ര്യ ദിനം സി.പി.എം ആഘോഷിച്ചത് മാധ്യമങ്ങള്‍ മറ്റു തരത്തില്‍ ചിത്രീകരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് മറച്ചുവക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. ജയരാജനും സഹദേവനുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.