പിണറായി വിജയന്റെ പിന്നില്‍ നടന്നു, വേറിട്ടുനില്‍ക്കുന്നവരുടെ ഇടയില്‍ അനുരഞ്ജനത്തിന്റെ വക്താവായി; മക്കളാൽ മുറിവേറ്റ കോടിയേരിയുടെ രാഷ്ട്രീയ ജീവിതം

 
പിണറായി വിജയന്റെ പിന്നില്‍ നടന്നു, വേറിട്ടുനില്‍ക്കുന്നവരുടെ ഇടയില്‍ അനുരഞ്ജനത്തിന്റെ വക്താവായി; മക്കളാൽ മുറിവേറ്റ കോടിയേരിയുടെ രാഷ്ട്രീയ ജീവിതം

കോടിയേരി ബാലകൃഷ്ണന്‍ എന്നും സിപിഎമ്മില്‍ പിണറായി വിജയന്റെ പിന്നില്‍ ആയിരുന്നു. തലശ്ശേരിക്ക് സമീപത്തെ രണ്ട് പ്രദേശങ്ങളായ കോടിയേരിയും പിണറായിയും തമ്മിലുള്ള അകലം പോലും അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. തലശ്ശേരിയില്‍നിന്നുള്ള രണ്ട് പ്രമുഖ നേതാക്കള്‍. സിപിഎമ്മില്‍ ആദ്യ തലമുറയ്ക്ക് ശേഷമുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖങ്ങൾ. ഇതില്‍ പിണറായി വിജയന്‍ കര്‍ക്കശക്കാരന്റെ വേഷമണിഞ്ഞപ്പോള്‍ സൗമ്യതയുടെയും അനുരഞ്ജനത്തിന്റെ റോളിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആരോഗ്യ പ്രശ്നങ്ങളും മക്കളുണ്ടാക്കിയ വിവാദങ്ങളും തളര്‍ത്തി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിന്‍വാങ്ങുമ്പോള്‍ സിപിഎമ്മില്‍ പുതിയ നേതൃത്വത്തിന്റെ ഉയര്‍ച്ച കൂടിയാണ് സംഭവിക്കുന്നത്.

ആദ്യം പിണറായി വിജയന്‍, പിന്നെ കോടിയേരി ബാലകൃഷ്ണന്‍. എന്നതായിരുന്നു കീഴ്വഴക്കം പോലെ അനുസരിച്ചുവന്ന പാര്‍ട്ടിയിലെ രീതി. തലശ്ശേരി കോടിയേരിയിലെ ഓണിയന്‍ സ്‌കൂളില്‍ കെഎസ്എഫിന്റെ യൂണിറ്റ് രൂപികരിച്ചു തുടങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നു. സിപിഎമ്മിന്റെ ഏറ്റവും വലിയ ഘടകത്തിലെ അംഗമായ കോടിയേരി ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് സ്ഥാനമൊഴിയേണ്ടിവന്നത്. കടുത്ത ആരോഗ്യ പ്രശ്‌നം അലട്ടുമ്പോള്‍ തന്നെയാണ് മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും സമുന്നതനായ നേതാവിന് നേരിടേണ്ടി വന്നത്. അത് പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് ഒഴിഞ്ഞുപോകല്‍.

സിപിഎമ്മിന്റെ രീതി അനുസരിച്ച് ഒരാള്‍ക്ക് മൂന്ന് തവണ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ കഴിയും. അത് ബ്രാഞ്ച് സെക്രട്ടറിയാണെങ്കിലും ജനറല്‍ സെക്രട്ടറിയായാലും അതുതന്നെ. 2015 ല്‍ ആലപ്പുഴയില്‍ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായത്. 2018 ലെ തൃശ്ശൂര്‍ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇനിയും ഒരു വട്ടം കൂടിയാകാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് അതിന് അദ്ദേഹം തയ്യാറാകാന്‍ സാധ്യതയില്ല. കോവിഡ് കാരണം ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാത്രമെ സിപിഎം സമ്മേളന നടപടികളിലേക്ക് കടക്കാന്‍ സാധ്യതയുള്ളൂ.

സിപിഎം സംസ്ഥാന സെക്രട്ടറി പദവിയായാലും പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമായാലുമെല്ലാം കോടിയേരിക്ക് ലഭിച്ചത് പിണറായി വിജയന് തൊട്ടുപിന്നിലായാണ്. 1990 മുതല്‍ 95 വരെ കോടിയേരി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അതിന് മുമ്പ് പിണറായി വിജയനായിരുന്നു കണ്ണൂരിലെ പാര്‍ട്ടിയുടെ സാരഥി. സംസ്ഥാന സെക്രട്ടറി സ്ഥാനവും കോടിയേരിക്ക് വന്നു ചേര്‍ന്നത് പിണറായി ഒഴിഞ്ഞപ്പോഴായിരുന്നു.

കോടിയേരി വിഎസ്സിനൊപ്പം സംസ്ഥാന സമ്മേളന വേദിയിൽ

എപ്പോഴും പിണറായി വിജയനോട് ചേര്‍ന്ന് നിന്നായിരുന്നു പാര്‍ട്ടിയില്‍ കോടിയേരി ബാലകൃഷ്ണന്റ സഞ്ചാരം. പാലക്കാട് സമ്മേളനം മുതല്‍ സിപിഎമ്മിനെ വരിഞ്ഞുമുറുക്കിയ വിഭാഗീയതയില്‍ പിണറായിയുടെ പക്ഷമായിരുന്നു കോടിയേരിയുടേതും. പാലക്കാട് വിഎസ് അച്യുതാനന്ദന്റെ പോരാളിയായി പിണറായി വിജയന്‍ നിലകൊണ്ടപ്പോള്‍ കോടിയേരി മറ്റ് കണ്ണൂര്‍ നേതാക്കളെ പോലെ കൂടെ നിന്നു. പിന്നീട് 2005-ല്‍ മലപ്പുറം സമ്മേളനത്തിന്റെ സമയത്ത് അധികാര തര്‍ക്കം വി.എസും പിണറായിയുമായപ്പോള്‍, പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തായിരുന്നു കോടിയേരി. പാര്‍ട്ടിയിലെ ഒരു വിഭാഗം വിഎസ്സിനോട് കാണിച്ച ശത്രുതാ മനോഭാവം പക്ഷേ, കോടിയേരി കാണിച്ചില്ലെന്ന് മാത്രം. പിന്നീട് വിഎസ് മുഖ്യമന്ത്രിയാകുകയും പാര്‍ട്ടിയുമായി നിരന്തരം പോരിലേര്‍പ്പെട്ടപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിഭാഗത്തോടുള്ള അചഞ്ചലമായ കൂറ് മുറുകെ പിടിച്ചുതന്നെ വിഎസ്സുമായി ഇടപെട്ടു. അനുരഞ്ജനമാണ് കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയം. അത് സംഘടനയിലെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലാണെങ്കിലും 'വര്‍ഗശത്രു'ക്കളോടായാലും.

എതിരാളികളും പാര്‍ട്ടിയിലെ ശത്രുക്കളും കോടിയേരിയെ തളര്‍ത്തിയ സംഭവങ്ങള്‍ കുറവാണ്. എല്ലായ്‌പ്പോഴും അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത് മക്കളായിരുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മുതല്‍ ലൈംഗിക കേസും പിന്നീട് ഇപ്പോള്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസും. ഇങ്ങനെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയിലാണെങ്കില്‍ പോലും അതിജീവനം എളുപ്പമാകില്ലായിരുന്ന സാഹചര്യങ്ങളിലേക്കാണ് മക്കള്‍ കോടിയേരിയെ കൊണ്ടെത്തിച്ചത്. ഗള്‍ഫ് രാജ്യത്തെ പണം തട്ടിപ്പ് കേസ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യുറോയുടെ മുന്നില്‍ വരെ എത്തി. കോടിക്കണക്കിന് രൂപയുടെ കേസ് എങ്ങനെയാണ് ഒതുക്കിയത് എന്നതിന് മാത്രം പിന്നീട് വിശദീകരണമുണ്ടായിട്ടില്ല. അതിന് ശേഷമാണ് ഇപ്പോള്‍ മയക്കുമരുന്ന് കേസ്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ ഉണ്ടായ ഈ കേസ് കോടിയേരിയെ ഉലച്ചുവെന്നാണ് സൂചന. ആരോഗ്യം മോശമായി. നേതൃത്വവും ഒഴിഞ്ഞു.

ഇപ്പോള്‍ അവധി മാത്രമാണ് കോടിയേരി എടുത്തിട്ടുള്ളത്. ആരോഗ്യം വീണ്ടെടുത്താല്‍ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാമെന്ന് അര്‍ത്ഥം. എന്നാല്‍ ഇനി അതിനുള്ള സാധ്യത എത്രത്തോളമെന്ന് ചോദിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളും ഉത്തരം പറയുന്നില്ല. അനാരോഗ്യം മാത്രമല്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ കാരണം എന്നതുകൊണ്ടാവാം ഇത്. ഡിസംബറില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്, ഏപ്രില്‍ - മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്. അതിനിടിയില്‍ കോടിയേരി സെക്രട്ടറി പദവിയിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല, അദ്ദേഹത്തിന്റെ മകനെതിരായ കേസ് അതിനിടെ എന്താകുമെന്നും. സിപിഎമ്മില്‍ മറ്റൊരു തലമുറ മാറ്റത്തിന്റെ കാലമാകുന്നു.