'കോണ്‍ഗ്രസില്‍നിന്ന് നേതാക്കളുടെ ഉരുള്‍പൊട്ടല്‍; അനില്‍കുമാര്‍ വന്നത് പ്രലോഭനങ്ങളൊന്നുമില്ലാതെ'

 
kodiyeri

കോണ്‍ഗ്രസ് പറയുന്നതെന്താണെന്ന് അണികള്‍ക്ക് തന്നെ അറിയാത്ത സ്ഥിതി

സംഘടനാ പ്രശ്നങ്ങള്‍ കൊണ്ടു മാത്രമല്ല, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ എത്തിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍നിന്ന് ഇനി ഒരാളും പുറത്തുപോകില്ലെന്നാണ്, കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റപ്പോള്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് നേതാക്കളുടെ ഉരുള്‍പ്പൊട്ടലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അതിന്റെ ഭാഗമാണ് കെപിസിസി ഓഫീസിന്റെ താക്കോല്‍ വരെ സൂക്ഷിച്ച സംഘടനാ സെക്രട്ടറി തന്നെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയതെന്നും എകെജി സെന്ററില്‍ അനില്‍കുമാറിനെ സ്വീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

അനില്‍കുമാറിനെ സന്തോഷപൂര്‍വം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കോടിയേരി പറഞ്ഞു. പ്രലോഭനങ്ങളൊന്നുമില്ലാതെയാണ് അനില്‍കുമാര്‍ വന്നത്. സിപിഎമ്മില്‍ അര്‍ഹമായ പരിഗണന എല്ലാവര്‍ക്കും ലഭിക്കും. സിപിഎമ്മിനെ അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്‍കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കേരളത്തിന്റെ ഭാവിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍.

കോണ്‍ഗ്രസിലുള്ള പ്രതീക്ഷ പാര്‍ട്ടി അണികള്‍ക്ക് നഷ്ടപ്പെട്ടു. ദേശീയതലത്തിലും കോണ്‍ഗ്രസില്‍ തമ്മിലടിയും പ്രശ്നങ്ങളുമാണ്. സംസ്ഥാന കോണ്‍ഗ്രസിലും ഗുരുതരമായ പ്രശ്നങ്ങളാണുള്ളത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. കേഡര്‍ പാര്‍ട്ടി എന്നു പറഞ്ഞതുകൊണ്ട് മാത്രം കേഡര്‍ പാര്‍ട്ടിയാകില്ല. അതിനാവശ്യമായ പ്രത്യയശാസ്ത്രം, സംഘടനാ സംവിധാനം എന്നിവ വേണം. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ കേഡര്‍ സംവിധാനത്തിന് സഹായകരമല്ല. കോണ്‍ഗ്രസ് പറയുന്നതെന്താണെന്ന് അവരുടെ അണികള്‍ക്ക് തന്നെ അറിയാത്ത സ്ഥിതിയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.