വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ഒടുവില്‍ വിവാദങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറി

 
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം; ഒടുവില്‍ വിവാദങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറി

ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ അമരത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുമ്പോള്‍ ആ തീരുമാനം സിപിഎമ്മിന്റെ ചരിത്രത്തിലും ഇടപിടിക്കും. ആദ്യമായാണ് സിപിഎമ്മിന്റെ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് ദൗത്യം പുര്‍ത്തിയാക്കാനാവാതെ പാതിവഴിയില്‍ മടങ്ങേണ്ടിവരുന്നത്. പദവിയിലേക്ക് തിരിച്ചു വരുമെന്ന് പാര്‍ട്ടിയിലെ നേതാക്കള്‍ പറയുമ്പോഴും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതെത്രത്തോളം സാധ്യമാവുമെന്ന് കാത്തിരുന്ന് മാത്രം കാണേണ്ട ഒന്നാണ്.

നേരത്തെ, പിണറായി വിജയനെതിരെ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും മറ്റൊരു സിപിഎം സംസ്ഥാന സെക്രട്ടറി‌ക്കോ കുടുംബാംഗങ്ങള്‍ക്കോ എതിരെ കോടിയേരി ബാലകൃഷ്ണന്‍ നേരിടുന്നതുപോലെ ഗുരുതരമായ ആരോപണങ്ങളോ കേസുകളോ ഉയര്‍ന്നുവന്നിട്ടില്ല. ഇതുവരെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബാംഗങ്ങളും ഇത്തരമൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇനിയും പ്രതിരോധിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് കോടിയേരിയുടെ മാറി നില്‍ക്കല്‍ എന്നും വ്യക്തമാണ്.

2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയും കോടിയേരി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി 2018-ല്‍ അദ്ദേഹം രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിന് മുന്‍പ് 2006 മുതല്‍ 2011 വരെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും കോടിയേരി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ കടന്നുവരുന്നത്. എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിന്റെ പ്രവര്‍ത്തകനായി തുടക്കം. 1970 ല്‍ 17ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1982-ല്‍ ആദ്യമായി തലശ്ശേരി മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും തലശ്ശേരിയില്‍ വിജയം കണ്ടു.

കേരള രാഷ്ട്രീയത്തില്‍ പിണറായിക്ക് പിന്നില്‍ വളര്‍ന്നപ്പോഴും വ്യക്തിയെന്ന നിലയിലോ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലോ മന്ത്രിയെന്ന നിലയിലോ കാര്യമായ ചീത്തപ്പേരുകള്‍ കേള്‍പ്പിക്കാതിരുന്ന വ്യക്തി കൂടിയാണ് കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും എതിരാളികള്‍ക്ക് പോലും വ്യക്തിപരമായി കോടിയേരിയോട് ശത്രുതയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിക്ക് പുറത്തേക്കുള്ള വഴി തെളിയുന്നത് മകന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തിന്റെ പേരിലാണ്; അങ്ങനെ അല്ല എന്ന് പാര്‍ട്ടി വിശദീകരിക്കുന്നുണ്ടെങ്കിലും.

പാര്‍ട്ടിയില്‍ കോടിയേരി ബാലകൃഷണന്‍ പ്രബലനായി വളരുമ്പോള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയത് ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നീ രണ്ട് മക്കളുടെ ഇടപെടലുകളായിരുന്നു. സെക്രട്ടറി പദവിയിലെ രണ്ടാം ടേമില്‍ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിച്ച് ഇരുവരും കോടിയേരിക്ക് 'തലവേദന സൃഷ്ടിച്ചു. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ്.

മൂത്ത മകന്‍ ബിനോയിക്കെതിരെ 2018-ല്‍ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് ഇതില്‍ ആദ്യം. പൊതുവേ വിവാദങ്ങളില്‍ നിന്നും അകന്ന് നിന്നിരുന്ന വ്യക്തിയായിരുന്നു ബിനോയ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇയാള്‍ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ആഡംബര കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടു വായ്പയും 7.7 കോടി രൂപയും ബിനോയ്ക്ക് നല്‍കിയെന്നും, പറഞ്ഞ സമയത്ത് മടക്കി നല്‍കിയില്ലെന്നുമായിരുന്നു പരാതി.

ആരോപണവുമായി കമ്പനി ഉടമ കേരളത്തിലെത്തുകയും ചെയ്തു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതോടെ ബിനോയ് ദുബായില്‍ കുടങ്ങി. പിന്നീട് കോടതിക്ക് പുറത്ത് കേസില്‍ ഒത്തുതീര്‍പ്പ്. കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതിനാലും മകന്റെ സാമ്പത്തിക ഇടപാടില്‍ അച്ഛനെന്ന നിലയില്‍ കോടിയേരിക്ക് പങ്കില്ലെന്നതിനാലും അന്ന് കോടിയേരിയുടെ പദവിക്ക് വിഷയം ഭീഷണിയായില്ല.

കോടിയേരി കുടുംബത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ ആരോപണമായിരുന്നു പിന്നീട് ഉയര്‍ന്നത്. ബിഹാര്‍ സ്വദേശിനിയായ യുവതി 2019ല്‍ ബിനോയ്‌ക്കെതിരെ പീഡനപരാതിയുമായി രംഗത്തെത്തി. വിവാഹിതനായിരുന്നു എന്ന കാര്യം ബിനോയ് മറച്ചുവെച്ചു, ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നുമായിരുന്നു യുവതി മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്. പിതൃത്വവും ബന്ധവും ഒക്കെ ബിനോയ് നിഷേധിച്ചു. എന്നാല്‍ കേസ് ഡിഎന്‍എ. പരിശോധനയില്‍ എത്തി. 2021-ല്‍ കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ മാത്രമെ ഈ ഡിഎന്‍എ പരിശോധനയുടെ ഫലം പുറംലോകം അറിയൂ.

എന്നാല്‍, അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ല ബിനീഷ് കോടിയേരി തുറന്ന് വിട്ട വിവാദം. ബെംഗളുരു ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ടായിരുന്നു കുരുക്ക്. മയക്കുമരുന്ന് കടത്തിന് സാമ്പത്തിക സഹായം മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെ ആരോപണങ്ങള്‍. അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജന്‍സി; വിവാദം കോടിയേരിയുടെ പദവിയെ തന്നെ ബാധിച്ചു. മകന്‍ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്ന വാദം വീണ്ടും ഉയര്‍ത്തി പ്രതിരോധ ശ്രമം. പാര്‍ട്ടിയും പരമാവധി പിന്തുണച്ചു. എന്നാല്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ആസന്നമായ സമയത്ത് മക്കള്‍ വിവാദം തനിക്കപ്പുറത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ കോടിയേരി തയ്യാറാവുകയാണ്. അനാരോഗ്യം ചൂണ്ടിക്കാട്ടി സ്വയം മാറി നില്‍ക്കാനുള്ള ആ തീരുമാനമാണ് ഇന്ന് പുറത്തുവന്നത്.