അപ്രതീക്ഷിത ട്വിസ്റ്റില്‍ സംസ്ഥാന രാഷ്ട്രീയം; പ്രതിസന്ധിയില്‍ ഉഴറി സിപിഎം

 
അപ്രതീക്ഷിത ട്വിസ്റ്റില്‍ സംസ്ഥാന രാഷ്ട്രീയം; പ്രതിസന്ധിയില്‍ ഉഴറി സിപിഎം

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പിന്മാറ്റം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയിരിക്കുന്നത് അപ്രതീക്ഷിത ട്വിസ്റ്റ്. എല്‍ഡിഎഫും യുഡിഫും ബിജെപിയും ഒരുപോലെ പ്രതിസന്ധികളില്‍പ്പെട്ടു നില്‍ക്കുന്നൊരു സാഹചര്യമാണ് നിലവില്‍ കേരളത്തിലുള്ളത്. സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികളിലെ കരാര്‍ ഇടപാടുകളും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആരോപണ നിഴലില്‍ നിര്‍ത്തിയിരിക്കുന്നു. മറുവശത്ത് എം സി കമറുദ്ദീന്‍, കെ എം ഷാജി എന്നിവരിലൂടെ യുഡിഎഫ് അഴിമതിയാരോപണങ്ങള്‍ നേരിടുന്നു. ബിജെപിയിലാകട്ടെ നേതാക്കള്‍ക്കിടയില്‍ വലിയ പോര് നടക്കുന്നു. ഇതിനെല്ലാം ഇടയിലേക്കാണ് കോടിയേരിയുടെ അപ്രതീക്ഷിത രാജി. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങളും മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് കേരള രാഷ്ട്രീയം മാറിമറിയുന്നത്.

സംസ്ഥാന സെക്രട്ടറി സിപിഎമ്മിന്റെ ആഭ്യന്തര വിഷയമാണെന്ന് പറയുമ്പോഴും അതിന്റെ പ്രത്യാഘാതങ്ങള്‍ രാഷ്ട്രീയവൃത്തങ്ങളിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍. സിപിഎം തന്നെയാണ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നതെങ്കിലും നിലവിലെ ആരേപണങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും മറുപടി പറയാന്‍ കോടിയേരിയുടെ സ്ഥാനമാറ്റം കൊണ്ട് പാര്‍ട്ടിക്ക് കഴിയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുളളില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയായിരുന്നു സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രധാന കവചം. എന്നാല്‍ ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതോടെ പാര്‍ട്ടിയുടെയും നില തെറ്റി. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് പ്രതിപക്ഷം ആയുധമാക്കിയതോടെ സിപിഎമ്മിന് സ്വയം പ്രതിരോധത്തിലേക്ക് നീങ്ങേണ്ടി വന്നു. ബിനീഷിനെ 'സ്വതന്ത്ര വ്യക്തി'യാക്കി തള്ളാന്‍ ശ്രമിച്ചെങ്കിലും ആരോപണങ്ങളുടെ വിരല്‍ ചൂണ്ടലില്‍ നിന്നും കോടിയേരിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെയൊരു ഘട്ടത്തില്‍ സെക്രട്ടറി പദത്തില്‍ നിന്നും മാറി നില്‍ക്കുക മാത്രമായിരുന്നു കോടിയേരിയുടെ മുന്നില്‍ ഉണ്ടായിരുന്ന വഴി. ഇതൊഴിവാക്കാനുള്ള ശ്രമം കഴിഞ്ഞദിവസങ്ങളിലെല്ലാം നടന്നതെങ്കിലും തെരഞ്ഞെടുപ്പുകളെ നേരിടുമ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ വെല്ലുവിളിയാകുമെന്ന ഭയം ഒടുവില്‍ കോടിയേരിക്ക് വിനയായി.

സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ അകപ്പെട്ടത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന് സമ്മതിക്കുക കൂടിയാണ് സിപിഎം. വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറയ്ക്കുള്ളില്‍ നിന്നും പാര്‍ട്ടി അണികളെയും ജനങ്ങളെയും നേരിടുക ബുദ്ധിമുട്ടായിരിക്കുമെന്ന് നേതൃത്വം മനസിലാക്കിയിരിക്കുന്നു. ഇപ്പോഴത്തെ ട്വിസ്റ്റ് ഒരു പരിധിവരെയെങ്കിലും പ്രതിരോധത്തിന് അവസരമുണ്ടാക്കുമെങ്കിലും തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ് വിശദമായൊരു വിശദീകരണത്തിന് കഴിയില്ലെന്നതും വെല്ലുവിളിയാണ്. അതേസമയം, പ്രതിപക്ഷത്തിന് തങ്ങളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ 'കോടിയേരി'യിലൂടെ കഴിയുകയും ചെയ്യും.

നാല് മാസങ്ങള്‍ക്കു മുമ്പ് വരെ പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന സാഹചര്യമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. പ്രതിപക്ഷത്തുള്ളവര്‍ തന്നെ ഏകദേശം അംഗീകരിച്ച കാര്യം. പ്രളയം, നിപ, കോവിഡ് എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ അടക്കം നടത്തിയ മുന്നേറ്റങ്ങളും മറ്റ് വികസന പ്രവര്‍ത്തനങ്ങളുമെല്ലാം സര്‍ക്കാരിന് വലിയതോതില്‍ ജനപിന്തുണ നേടിക്കൊടുത്തിരുന്നു. എടുത്ത് പറയാന്‍ ശക്തമായൊരു ആരോപണം പോലും ഇല്ലാതെ നില്‍ക്കുകയായിരുന്നു യുഡിഫും ബിജെപിയും. എന്നാല്‍, എല്ലാം മാറ്റിമറിച്ച് സ്വര്‍ണക്കടത്ത് കേസ് ഉണ്ടാകുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേര്‍ക്കും പിന്നീട് മുഖ്യമന്ത്രിക്കു വേരെ വരെ ആരോപണങ്ങള്‍ ഉയരുന്നു. എന്‍ഐഎ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെല്ലാം കേരളത്തിലേക്ക് എത്തുന്നു. സ്വര്‍ണക്കടത്തിനു പിന്നാലെ ഒരോരോ ആരോപണങ്ങള്‍. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ആവേശം കൊണ്ടിരുന്ന ലൈഫ് മിഷന്‍ പദ്ധതിപോലും ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമായി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം തകര്‍ക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുതുജീവന്‍ പകരുകയും ചെയ്ത ദിവസങ്ങളായിരുന്നു കഴിഞ്ഞ ജൂലൈ മുതല്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഇരട്ടപ്രഹരം എന്നോണം ബിനീഷ് കോടിയേരി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. ഇതോടെ സര്‍ക്കാരിനെ ചാരി നിര്‍ത്തിയിരുന്ന പാര്‍ട്ടിക്ക് കാലിടറാന്‍ തുടങ്ങി. കൂടുതല്‍ അപകടത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെന്ന് ഉറപ്പായതോടെ അടിയന്തര ചികിത്സയെന്നോണം ഇപ്പോള്‍ ചെയ്തിരിക്കുന്ന സ്ഥാനമാറ്റ ശസ്ത്രക്രിയ എത്രത്തോളം ഫലം ചെയ്യുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.