സര്‍ക്കാരിന്റെ ഒരു പൈസപോലും ചെലവാക്കാതെ പ്രവാസികള്‍ക്കായി എല്ലാം ഒരുക്കി കൊടുവള്ളി നഗരസഭ

 
സര്‍ക്കാരിന്റെ ഒരു പൈസപോലും ചെലവാക്കാതെ പ്രവാസികള്‍ക്കായി എല്ലാം ഒരുക്കി കൊടുവള്ളി നഗരസഭ

'കൊടുവള്ളി നഗരസഭ കിടുവാണ്': വിദേശത്ത് നിന്നെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ സഹല്‍ മുഹമ്മദിന്റെ വാക്കുകള്‍. സൗദിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സഹല്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. നാട്ടിലേക്കെത്തുമ്പോള്‍ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ട് രണ്ട് മാസം കഴിഞ്ഞിരുന്നു. ക്വാറന്റൈന്‍ ചെലവുകള്‍ക്കോ ഭക്ഷണത്തിനോ കയ്യില്‍ പണമുണ്ടായിരുന്നില്ല. 'പക്ഷെ ഇവിടെയെത്തിയ എനിക്ക് ഒന്നും അറിയണ്ടി വന്നില്ല. എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിത്തന്നിരുന്നു. അഞ്ച് പൈസ ചെലവില്ലാതെ ക്വാറന്റൈന്‍ പൂര്‍ത്തിയായി. ഭക്ഷണത്തിനോ മറ്റൊരു സൗകര്യത്തിനും ഒരു പ്രശ്നവും വന്നില്ല.' ക്വാറന്റൈനുള്ള ചെലവുകള്‍ വിദേശത്ത് നിന്നെത്തുന്നവര്‍ തന്നെ എടുക്കണം എന്ന് മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊടുവള്ളി നഗരസഭാ പരിധിയില്‍ ഉള്ളവരുടെ ക്വാറന്റൈന്‍ ചെലവ് തങ്ങള്‍ തന്നെ വഹിക്കാമെന്നും കൊടുവള്ളിയിലെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കാമെന്നും മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചതാണ് കൊടുവള്ളി നഗരസഭാംഗങ്ങള്‍. പിന്നീട് നാട്ടിലേക്കെത്തുന്ന ഒരു പ്രവാസിക്കും കൊടുവള്ളിയില്‍ ഭക്ഷണത്തിനോ താമസ സൗകര്യത്തിനോ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. തനത് ഫണ്ട് ചെലവഴിക്കാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് കാലത്തെ സേവനങ്ങളും എങ്ങനെ നിര്‍വ്വഹിക്കാം എന്നുകൂടി കാണിക്കുകയാണ് കോഴിക്കോട് കൊടുവള്ളി നഗരസഭ.നഗരസഭാ ചെയര്‍പേഴ്സണ്‍ ഷരീഫ കണ്ണാടിപ്പയില്‍ അഭിമാനത്തോട് കൂടിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 'ഇപ്പോള്‍ നൂറിലധികം പ്രവാസികള്‍ക്ക് നഗരസഭ സൗജന്യമായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുറച്ച് പേര്‍ക്ക് വീട്ടിലും. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ച് കൊടുക്കുന്നവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും മരുന്നുകളും ആവശ്യമെങ്കില്‍ വസ്ത്രങ്ങളും താമസ സൗകര്യവും ഉള്‍പ്പെടെ നഗരസഭ നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവാക്കാതെയാണ് എല്ലാം ഒരുക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും സഹകരണവും ആണ് അതിന് പിന്നില്‍. എന്തിനും എത്ര പൈസയും ചെലവഴിക്കാന്‍ കൊടുവള്ളിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാണ്. 30 മുറികളുള്ള തന്റെ ബില്‍ഡിങ് ഒരു മനുഷ്യന്‍ നഗരസഭയ്ക്ക് വിട്ട് നല്‍കി. ജനങ്ങള്‍ക്ക് ഒരു വിഷമ ഘട്ടം വരുമ്പോള്‍ അവരുടെ കൂടെയുണ്ടാവണമെന്നാണ് ജനപ്രതിനിധികള്‍ എല്ലാം ആഗ്രഹിച്ചത്. പ്രവാസികള്‍, അവരാണ് ഈ ലോകത്തെ തന്നെ മറ്റൊരു തരത്തിലേക്ക് മാറ്റിയത്. ഇവിടെയുള്ളവര്‍ ഗള്‍ഫിലേക്ക് പോവുന്നതിന് മുമ്പ് ഇത്തരം മഴക്കാലത്ത് എങ്ങനെ വീട് കെട്ടാമെന്നും, ചോര്‍ച്ച മാറ്റാമെന്നും ഒക്കെ ആലോചിച്ചിരുന്നവരാണ് കൊടുവള്ളിയിലെ ഭൂരിഭാഗം കുടുംബങ്ങളും. പ്രവാസികള്‍ തന്നെയാണ് ഈ നാടിനെ ഇപ്പോഴത്തെ സ്ഥിതിയിലേക്കെത്തിച്ചത്. അത് നമ്മള്‍ മറന്ന് കൂടാ. നമ്മള്‍ അവര്‍ക്കുള്ള സൗകര്യമൊരുക്കാനും ബാധ്യസ്ഥതരാണ്. അതാണ് ഞങ്ങള്‍ ചെയ്തത്.' കൂടുതല്‍ പേര്‍ വിദേശത്ത് നിന്നെത്തുമ്പോള്‍ അവരെയും താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ പ്രതിനിധികള്‍ പറയുന്നു. സ്‌കൂളുകളെല്ലാം അതിനായി സജ്ജമായിക്കഴിഞ്ഞു.വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സൗജന്യമായി കോവിഡ് പരിശോധന നടത്താന്‍ തയ്യാറാണന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ നഗരസഭാ അധികൃതര്‍. പ്രവാസികളോടുള്ള ആളുകളുടെ സമീപനത്തില്‍ ഇതോടെ മാറ്റം വരും എന്നാണ് നഗരസഭാ ഭരണ സമിതി അംഗങ്ങളുടെ കണക്കുകൂട്ടല്‍. മുമ്പ് വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗ ലക്ഷണമുള്ളവര്‍ക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. ഇത് മടങ്ങി വരുന്ന പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ പരിശോധന നടത്തി ഫലം വന്നാല്‍ ഒരു പരിധിവരെ ഈ ആശങ്ക ഒഴിയുമെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍ പറയുന്നു ' നികൃഷ്ട ജീവികളെ പോലെയാണ് പ്രവാസികളെ ഇപ്പോള്‍ കാണുന്നത്. അടുപ്പിക്കാന്‍ കഴിയാത്ത ആളുകളെ പോലെ. ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ അടിച്ചോടിക്കുന്നത്രയും ഭീതി ആളുകള്‍ക്കുണ്ട്. വരുന്നയാള്‍ക്ക് കോവിഡ് രോഗം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് അറിഞ്ഞ് കഴിഞ്ഞാല്‍ ആളുകളുടെ ഈ സമീപനത്തില്‍ കുറേയേറെ മാറ്റങ്ങള്‍ വരും. ഇപ്പോള്‍ വരുന്നവര്‍ക്കെല്ലാം രോഗമാണെന്നും നാട്ടില്‍ രോഗം പടര്‍ത്താനാണ് അവര്‍ വന്നിരിക്കുന്നതെന്നുമുള്ള ഒരു ധാരണ പലരുടേയും ഉള്ളിലുണ്ട്. സര്‍ക്കാര്‍ പരിശോധനയ്ക്ക് അനുമതി നല്‍കും എന്നാണ് കരുതുന്നത്. അഥവാ അനുമതി ലഭിച്ചാല്‍ തനത് ഫണ്ട് ഉപയോഗിച്ച് പരിശോധനകള്‍ക്കുള്ള സൗകര്യം ഒരുക്കും. അഥവ അനുമതി ലഭിച്ചില്ലെങ്കില്‍ സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ നഗരസഭ അത് നടപ്പാക്കും.'നഗരസഭാ പരിധിയിലുള്ള എല്ലാ വീടുകളിലും ആഴ്ചയില്‍ ഒരു ദിവസം പനി പരിശോധന ആരംഭിച്ചിരിക്കുകയാണ് കൊടുവള്ളി നഗരസഭ. എല്ലാ വീടുകളിലും എത്തി വീട്ടിലുള്ളവരുടെയെല്ലാം ശരീര ഊഷ്മാവ് അളക്കും. പനിയുള്ളവരുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്യാനുമാണ് തീരുമാനം. ഏറ്റവും അധികം പ്രവാസികളുള്ള സ്ഥലങ്ങളില്‍ ഒന്നാണ് കൊടുവള്ളി. അതിനാല്‍ തന്നെ രോഗ വ്യാപനം തടയാനുള്ള എല്ലാവിധ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പനി പരിശോധന.കോവിഡ് കാലത്ത് 1500 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. മരുന്നുകള്‍ സൗജന്യമായി എത്തിച്ച് നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു... എന്നിങ്ങനെ നിരവധി സേവനങ്ങള്‍ നഗരസഭ തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ സൗജന്യ ക്വാറന്റൈന്‍ സെന്ററിലേക്കുള്ള കട്ടിലും ബെഡ്ഡുകളും വാങ്ങാനായി മാത്രമാണ് നഗരസഭയുടെ ഫണ്ട് ചെലവഴിച്ചതെന്ന് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു. മറ്റെല്ലാം നാട്ടുകാരും പ്രവാസികളുമുള്‍പ്പെടെയുള്ളവര്‍ സ്വരൂപിച്ചതാണ്.