കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി വിളിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം ഇന്ന്

 
pinarayi

അടുത്തഘട്ടം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച

മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനും പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. വൈകിട്ട് നാലിനാണ് യോഗം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ഭവനനിര്‍മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മുഴുവന്‍ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപന തലത്തിലുമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.