രണ്ട് ഡോസ് വാക്‌സിന്‍ എടുത്തശേഷവും 87,000 പേര്‍ക്ക് കോവിഡ്; 46 ശതമാനവും കേരളത്തില്‍

 
India Covid Updates

100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടില്‍ ഉള്‍പ്പെടെ പുതിയ കേസുകള്‍ 


രാജ്യത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തശേഷവും 87,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ 46 ശതമാനവും കേരളത്തില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആദ്യ ഡോസ് വാക്‌സിനുശേഷം കേരളത്തില്‍ 80,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ട് ഡോസും സ്വീകരിച്ച 40,000 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടില്‍ ഉള്‍പ്പെടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രതിദിന കേസുകള്‍ വര്‍ധിക്കുന്നതിലും ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയുണ്ട്. എന്നാല്‍, വാക്‌സിന്‍ സ്വീകരിച്ച 200 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ല. 

പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയിലധികം കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 37,45,457 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 35,48,196 പേര്‍ രോഗമുക്തരായി. 19,049 പേര്‍ കോവിഡ്മൂലം മരിച്ചു. നിലവില്‍ 1,78,212 പേരാണ് ചികിത്സയിലുള്ളത്.