കോവിഡ്, മരംമുറി; ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു: വിമര്‍ശനവുമായി നേതാക്കള്‍ 

 
pinarayi

കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയും മുട്ടില്‍ മരംമുറി കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍. കോവിഡ് സാഹചര്യം വിവരിക്കുന്നതിനൊപ്പം വിവിധ വിഷയങ്ങളില്‍ പ്രതികരണം അറിയിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇല്ലാത്തതിനെയും നേതാക്കള്‍ വിമര്‍ശിക്കുന്നുണ്ട്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വിമര്‍ശനത്തിന് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടത്. 'ഒരു ആറുമണി വാര്‍ത്താസമ്മേളനം കേരളം കൊതിക്കുന്നു' എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.

 

പിന്നാലെ, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം രംഗത്തെത്തി. കോവിഡ് നിയന്ത്രണ പരാജയങ്ങളെക്കുറിച്ചും മുട്ടില്‍ മരംമുറി അന്വേഷണ അട്ടിമറിയെക്കുറിച്ചും പത്രസമ്മേളനം വിളിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. അങ്ങനെ ഒരവസരം ലഭിക്കുകയാണെങ്കില്‍ കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകരും തയ്യാറെടുക്കണം -എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ക്ക് അവലോകനം ഒരുക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരിനാഥന്റെ വിമര്‍ശനം. ഏറ്റവും കൂടുതല്‍ കോവിഡ് രോഗവ്യാപനമുള്ള സംസ്ഥാനം, അയല്‍ സംസ്ഥാനങ്ങളേക്കാള്‍ അഞ്ചിരട്ടി കോവിഡ് മരണങ്ങള്‍, ജീവിത ഉപാധി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് 35 ആത്മഹത്യകള്‍, കോവിഡ് തുടര്‍ചികിത്സക്ക് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പണം ഈടാക്കുന്ന സംസ്ഥാനം... എന്നിങ്ങനെ പോകുന്നു അവലോകന പട്ടിക. ലിസ്റ്റ് അപൂര്‍ണമാണ്, എന്നാലും മച്ചാനേ... ഇത് പോരേയളിയാ? എന്ന പരിഹാസത്തോടെയാണ് ശബരിയുടെ ഫേസ്ബുക്ക് കുറിപ്പ്. 

കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒന്നാം തരംഗത്തില്‍ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവര്‍ ഇപ്പോള്‍ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണ്. ഒന്നാം തരംഗത്തില്‍ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്ത്തിയവര്‍ ഇപ്പോള്‍ എവിടെയാണ്? ദിവസവും വാര്‍ത്താസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എവിടെയാണെന്നും മുരളീധരന്‍ ചോദിച്ചു.