പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ല; കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു, ഇനി സിപിഎമ്മിനൊപ്പം

 
KP Anilkumar

സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിനെതിരെ ശബ്ദമുയര്‍ത്തിയ സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടു. വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം അനില്‍കുമാര്‍ പ്രഖ്യാപിച്ചത്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അതിനാല്‍ അവസാനിപ്പിക്കുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണത്തിന്റെ പേരില്‍ അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസിസി പ്രസിഡന്റുമാര്‍ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്നായിരുന്നു അനില്‍കുമാറിന്റെ ആരോപണം. ഇതില്‍ വിശദീകരണം ചോദിച്ചശേഷം അനില്‍കുമാര്‍ നല്‍കിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. പുറത്താക്കല്‍ നടപടിയുമായി കെപിസിസി മുന്നോട്ടുപോകുന്നതിനിടെയാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. 

രാജി പ്രഖ്യാപനത്തിനു പിന്നാലെ അനില്‍കുമാര്‍ എകെജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സിപിഎമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി.എസ് പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ എകെജി സെന്ററില്‍ എത്തിയത്. അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. ആദ്യമായാണ് എകെജി സെന്ററിന്റെ പടി ചവിട്ടുന്നതെന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. വലതുകാല്‍ വച്ച് കയറുകയാണ്. അഭിമാനത്തോടെയും അന്തസോടെയുമാണ് സിപിഎമ്മുമായി സഹകരിക്കാന്‍ പോകുന്നത്. സിപിഎം ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.