'ഓരോരുത്തര്‍ക്കും ഓരോ നീതി; കോണ്‍ഗ്രസിന്റെ അസ്ഥിത്വം നഷ്ടമായി, പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത് വേണുഗോപാല്‍'

 
Anilkumar Kodiyeri

സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതുപോലെ

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചശേഷമാണ് കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടുന്ന കോണ്‍ഗ്രസിനകത്ത് ജനാധിപത്യം ഇല്ലാതായെന്ന് അനില്‍കുമാര്‍ പറഞ്ഞു. ആളെ നോക്കി നീതി നടപ്പാക്കുകയാണ് പുതിയ നേതൃത്വം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. ദേശീയ തലത്തില്‍ അത് വ്യക്തമാണ്. വെറും കാഴ്ചക്കാരന്റെ റോള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. ഇത്രയുംകാലം നൂറ് ശതമാനവും പാര്‍ട്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. പലതും സഹിച്ചാണ് പൊതുപ്രവര്‍ത്തനം നടത്തിയത്. ഒരിക്കലും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടുമില്ല. ഇപ്പോള്‍, കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്. പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ലെന്നും പ്രഖ്യാപിച്ചാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. കെഎസ്‌യു കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അനില്‍കുമാര്‍ വഹിച്ചിട്ടുണ്ട്. 

ദീര്‍ഘനാള്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ്. അഞ്ച് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴോ, 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴോ എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടുമില്ല. ഇത്രയുംകാലം നൂറ് ശതമാനവും പാര്‍ട്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. പലതും സഹിച്ചാണ് പൊതുപ്രവര്‍ത്തനം നടത്തിയത്.

കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്. പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ ഓരോരുത്തര്‍ക്കും ഓരോ നീതിയാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. അവര്‍ക്കെതിരെ നടപടി എടുത്തോ? കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരന്റെ റോളിലാണ്. പാര്‍ട്ടിക്കകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ? പിന്നില്‍നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ല. തന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിക്കും സുധാകരനും കൈമാറി. 

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തതു പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ളക്‌സായിരുന്നു കേരളത്തിലാകെ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു സുധാകരന്‍. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം തെറി വിളിക്കുന്നവരെ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ സുധാകരനാണ് ആദരിച്ചത്, കെഎസ് ബ്രിഗേഡ് എന്ന പേരില്‍. ആ സുധാകരനാണ് അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. കൂലിക്ക് ആളെവച്ച് നേതാക്കളെ അപമാനിക്കുന്നതിന് നേതൃതം കൊടുക്കുന്ന വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാള്‍ക്കൊപ്പം എങ്ങനെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റും. 

കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ല. പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത് കെ.സി വേണുഗോപാലാണ്. എല്ലാം തന്റെ കൈയ്യില്‍ വരണമെന്ന് വാശിയാണ് വേണുഗോപാലിന്. പാര്‍ട്ടിക്ക് ഉണ്ടാകാന്‍ പോകുന്ന പരാജയ സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല. ദേശീയ തലത്തില്‍ നരേന്ദ്ര മോദിയുടെ ജനദ്രോഹ നയങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ, ക്രിയാത്മകമായി കോണ്‍ഗ്രസിന് എന്തു ചെയ്യാന്‍ സാധിക്കുന്നുണ്ട്? ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയും ഇല്ല. മോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധനവില കുതിച്ചുയരുന്നു, ഗ്യാസ് വില ഉയരുന്നു. എവിടെയെങ്കിലും കോണ്‍ഗ്രസിന്റെ സമരം നടക്കുന്നുണ്ടോ? പിന്നെയെന്ത് ജനപക്ഷത്താണ് കോണ്‍ഗ്രസ്? ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.