എന്തുകൊണ്ട് തോറ്റു? കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് കണ്ടെത്തും; വിമര്‍ശനങ്ങളുടെ കെട്ടഴിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍

 
എന്തുകൊണ്ട് തോറ്റു? കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് കണ്ടെത്തും; വിമര്‍ശനങ്ങളുടെ കെട്ടഴിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11നാണ് യോഗം. സര്‍ക്കാരിനെതിരായ വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിയ നേരിട്ട തിരഞ്ഞെടുപ്പില്‍ സംഭവിച്ച തിരിച്ചടിയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. മുന്നണി പ്രശ്‌നങ്ങള്‍, തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച പുതിയ നീക്കുപോക്കുകള്‍ അവ എത്രത്തോളം ഗുണം ചെയ്‌തെന്ന കാര്യവും ചര്‍ച്ചയില്‍ വരും. നേതാക്കളുടെ വാര്‍ഡില്‍ ഉള്‍പ്പെടെ നേരിട്ട പരാജയവും ഉയര്‍ന്ന വിമര്‍ശനങ്ങളും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. കെപിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതെല്ലാം യോഗത്തിലും വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

നേതാക്കളുടെ പിടിപ്പുകേടും ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും എതിരെയാണ് മുരളീധരനും സുധാകരനും തുറന്നടിച്ചത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നേതൃത്വത്തിനു സംഭവിച്ച പാളിച്ചയും ജോസ് കെ മാണിയെ പിണക്കി വിട്ടതിലെ നഷ്ടവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കും അതിനെചൊല്ലിയുണ്ടായ വിരുദ്ധ അഭിപ്രായങ്ങളുമെല്ലാം യോഗം കൂടുതല്‍ ബഹളമയമാക്കും. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടും എല്‍ഡിഎഫ് സര്‍ക്കാരിന് വിജയാന്തരീക്ഷം ഒരുക്കിയത് പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമാണെന്ന ആരോപണം യുഡിഎഫില്‍ നിന്നുയരുന്നുണ്ട്. തങ്ങളുടെ നില ശക്തമാണ്, ബാക്കി കാര്യങ്ങള്‍ കോണ്‍ഗ്രസ് പറയട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പ്രതീക്ഷിച്ച ഐക്യം കണ്ടില്ലെന്നും കാലുവാരല്‍ നടന്നതായും കേരള കോണ്‍ഗ്രസിലെ പിജെ ജോസഫും പ്രതികരിച്ചു.

വിജയ സാധ്യതകള്‍ക്കപ്പുറം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്ന പരാതി താഴേത്തട്ടില്‍നിന്നും ഉയരുന്നുണ്ട്. നേതാക്കളുടെ വാര്‍ഡുകളില്‍ തന്നെ പാര്‍ട്ടിക്കുണ്ടായ പരാജയം ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങള്‍. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതിരുന്ന എല്‍ഡിഎഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി അനുകൂല തരംഗം സൃഷ്ടിക്കാന്‍ കാരണമായത് പ്രതിപക്ഷത്തിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും പോരായ്മയാണെന്നാണ് വിമര്‍ശനം. കെപിസിസിയിലും ജില്ല തലത്തിലും ഉള്‍പ്പെടെ സമഗ്ര മാറ്റം വേണമെന്നാണ് നേതാക്കളുടെ ആവശ്യം. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.