ചര്‍ച്ചയ്ക്കായി കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ല; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

 
Sudhakran VD Satheesan

സോഷ്യല്‍ മീഡിയയിലൂടെ ദുഷ്പ്രചാരണം നടക്കുന്നു

വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണെന്ന് കോണ്‍ഗ്രസ്. അനുനയ നീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിനായി ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. 

സോഷ്യല്‍ മീഡിയയിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നമോ ടിവി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ തെളിവ് സഹിതം പരാതി നല്‍കിയിട്ടും നടപടിയില്ല. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുപോലും നടപടിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.