കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു

 
KSRTC

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സിയില്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അര്‍ദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച് നില്‍ക്കുന്നതായി യൂണിയനുകള്‍ അറിയിച്ചു

ഐഎന്‍ടിയുസി ഉള്‍പ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെ എസ് ആര്‍ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.  സമരം ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. സമരത്തെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ജനം വലഞ്ഞു. 

ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സി എം ഡി പറഞ്ഞത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് 93 യുണിറ്റുകളില്‍ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇതില്‍ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കുമെന്നാണ് റിറിപോര്‍ട്ട്.