എആര്‍ നഗര്‍ ബാങ്കില്‍ 1021 കോടിയുടെ ക്രമക്കേട്; സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടി : കെ.ടി ജലീല്‍

 
jaleel

കു‍ഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും കൂടുതല്‍ ആരോപണങ്ങളുമായി കെ.ടി. ജലീല്‍ എംഎല്‍എ. മലപ്പുറം എ.ആർ. നഗര്‍ സഹകരണബാങ്കില്‍ 1021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി ജലീല്‍ ആരോപിച്ചു. കള്ളപ്പണ സൂക്ഷിപ്പിന്റെയും അഴിമതിപ്പണം വെളുപ്പിക്കലിന്റെയും സൂത്രധാരന്‍ കു‍ഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 50,000ല്‍ പരം അംഗങ്ങളും 80,000ല്‍ പരം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമര്‍ ഐഡികളില്‍ മാത്രം 862 വ്യജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ബാങ്കിലെ സെക്രട്ടറിയുമായിരുന്ന  ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ.ഹരികുമാര്‍ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 വ്യാജ ബിനാമി അക്കൗണ്ടുകള്‍ ജലീല്‍ ആരോപിച്ചു.  കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 114  കോടിയുടെ അനധികൃത  ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അങ്ങനെയെങ്കിൽ എആർ ബാങ്കിലെ മുഴുവൻ അക്കൊണ്ടും പരിശോധിക്കപ്പെട്ടാൽ  കള്ളപ്പണ ഇടപാടിൽരാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽകൊള്ളയുടെ ചുരുളഴിയും". "കുഞ്ഞാലിക്കുട്ടിയും സംഘവും ഈ ബാങ്കിനെ അവരുടെ സിസ് ബാങ്ക് ആയാണ് മാറ്റിയിരിക്കുന്നത്. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ബാങ്കിലെ ഇടപാട് നടന്ന തിയ്യതികൾ പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുന്നത്". ഇതോടൊപ്പം മലബാർ സിമന്റ്സ് അഴിമതി പണവും ഇതേ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീൽ ആരോപിച്ചു.

ബാങ്കിലെ ജീവനക്കാരുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ട്. ബാങ്കിലെ കംപ്യൂട്ടർ രേഖകൾ മായ്ച്ചും കൃത്രിമം കാണിച്ചു. ബാങ്കിന് വരുന്ന പിഴ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഈടാക്കണം. ഒരു കോടി പതിനാല് ലക്ഷം രൂപ കുഞ്ഞാലിക്കുട്ടിയുടെ മകൻ അഷിഖ് പിഴയടക്കേണ്ടതുണ്ട്. എന്നാൽ ഇത് 35 ലക്ഷം രൂപയായി കുറക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. ബാങ്കിലെ അനധികൃത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടു സഹകരണ സംഘം റജിസ്ട്രാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവിട്ടായിരുന്നു ജലീലിന്റെ ആരോപണം