'സഹകരണ വകുപ്പ് അന്വേഷണം നല്ലനിലയില്‍; എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല'

 
jaleel

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി അന്വേഷണം വേണമെന്ന അഭിപ്രായമില്ലെന്നും മലപ്പുറം എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍
ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്‍മന്ത്രി കെ.ടി ജലീല്‍.  ചന്ദ്രിക കള്ളപ്പണ ഇടപാട് സംബന്ധിച്ച രേഖകള്‍ കൊച്ചി ഇഡി ഓഫീസിലെത്തി നല്‍കിയ ശേഷം ജലില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ സഹകരണ വകുപ്പ് അന്വേഷണം നല്ലനിലയിലാണ് നടക്കുന്നത്. എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംസ്ഥാന സഹകരണ വകുപ്പ്  അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നത് ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മാത്രമാണ് ഇഡി തന്നെ വിളിപ്പിച്ചത്. ഇതുസംബന്ധിച്ച രേഖകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേസില്‍ വിജിലന്‍സ് അന്വേഷണമാണോ വേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ അന്വേഷണം തടസപ്പെട്ടത് കോടതിയില്‍ നിന്നുള്ള സ്റ്റേ നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചിട്ടുണ്ട്. സ്റ്റേ നീങ്ങുന്ന മുറയ്ക്ക് ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു. വിവാദത്തിനിടെ മുഖ്യമന്ത്രിയെ കണ്ടത് അദ്ദേഹം തന്നെ വിളിപ്പിച്ചിട്ടല്ലെന്നും ജലീല്‍ പറഞ്ഞു.