കേരളത്തിന്റെ വയറ് നിറയ്ക്കുന്ന കുടുംബശ്രീ അടുക്കളകള്‍, കൊറോണകാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു വിജയഗാഥ

 
കേരളത്തിന്റെ വയറ് നിറയ്ക്കുന്ന കുടുംബശ്രീ അടുക്കളകള്‍, കൊറോണകാലത്ത് സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു വിജയഗാഥ

കഴിഞ്ഞ നാല് ദിവസമായി ബീന ചേച്ചിയുടെ ഒരു ദിവസം തുടങ്ങുന്നത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ്. എഴുന്നേറ്റ് കുളിച്ച് ഭക്ഷണമൊന്നും കഴിക്കാന്‍ നില്‍ക്കാതെ വീട്ടില്‍ നിന്നിറങ്ങി നേരെ വടക്കോട്ടു വെച്ചു പിടിക്കും. ഏകദേശം പത്തുമിനിറ്റ് നടന്നാല്‍ മതി ആര്യനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെത്തും. ഇന്ന് ഉച്ഛയ്ക്ക് 800 പേര്‍ക്കുള്ള ഭക്ഷണമാണുണ്ടാക്കേണ്ടത്. കണക്ക് മനസിലുണ്ടെങ്കിലും ഇന്നലെ പോകാന്‍ നേരം കണക്കു കുറിച്ചുവെച്ച പുസ്തകം ഒന്നുകൂടി എടത്തു നോക്കി. അതേ 800 തന്നെ. സഹായത്തിനെത്തുന്ന ശ്യാമള ചേച്ചിയും സൗമ്യ ചേച്ചിയും എത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാളില്‍ അഞ്ചാറ് അടുപ്പുകളുണ്ട്. അരിവെക്കാനാണ്, അതുകൊണ്ട് വലിയ അടുപ്പു നോക്കി വേണം ആദ്യം തീകൂട്ടാന്‍. 800 പേര്‍ക്ക് ഏകദേശം 90 കിലോ അരി വേണം. അളന്ന് വൃത്തിയായി കഴുകുന്ന നേരം ശ്യാമള ചേച്ചി അടുപ്പില്‍ വെള്ളം വെച്ചു. സൗമ്യ ചേച്ചിയാകട്ടെ ആകട്ടെ ഇന്നലെ വൈകുന്നേരം അരിഞ്ഞു വെച്ച സാമ്പാറുകഷ്ണങ്ങള്‍ എടുത്തു കഴുകി സാമ്പാറുണ്ടാക്കാനുള്ള തിരക്കിലാണ്. ഇന്ന് രാവിലെ ഇഡലിയും സാമ്പാറുമാണ്. അരി അടുപ്പത്തിട്ടിട്ടു വേണം ഇഡലി ഉണ്ടാക്കാന്‍ തുടങ്ങാന്‍....

ആര്യനാട് പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം ഇവര്‍ മൂന്നു പേരുടെയും രാവിലെകള്‍ ഇങ്ങനെ തിരക്കിട്ടതാണ്. ഇനിയൊന്നു ശ്വാസം വിടണമെന്നുണ്ടെങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയെങ്കിലും ആകണം. ബീനയും സൗമ്യയും ശ്യാമളയും മാത്രമല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളം വരുന്ന മൂവായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലാണ്. ചിലര്‍ മൂന്നു നേരത്തെ ഭക്ഷണം നല്‍കുമ്പോള്‍ ചിലര്‍ ഉച്ചയൂണ് മാത്രമാണ് നല്‍കുന്നത് എന്നുള്ളത് മാത്രമാണ് വ്യത്യാസം.

"വീട്ടില്‍ നിന്നും ഒരു കാപ്പി കുടിച്ച് രവിലെ ആറുമണിക്കിറങ്ങണം. എങ്കിലെ കൃത്യസമയത്ത് ഭക്ഷണം നല്‍കാന്‍ പറ്റൂ. രാവിലെ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഒന്നിനും നേരമില്ല. രാവിലത്തേക്കുള്ളതും, ഉച്ചയ്ക്കുള്ളതും ഉണ്ടാക്കാന്‍ തുടങ്ങണം. രാവിലെ എട്ടുമണിയാകുമ്പോഴേക്ക് തന്നെ ആളുകള്‍ ഭക്ഷണം വാങ്ങാന്‍ എത്തി തുടങ്ങും. അതുകഴിഞ്ഞ് ഇരിക്കാന്‍ പോലും സമയം കിട്ടില്ലെന്നേ. ഉച്ചയ്ക്കുള്ള കറികള്‍ ഉണ്ടാക്കണം. പതിനൊന്നര ആകുമ്പോവേക്കെങ്കിലും എല്ലാം ആകണം. ഒരു പന്ത്രണ്ട് മണി ആയാല്‍ പിന്നെ കുറച്ചു നേരം വിശ്രമിക്കാം. വൈകിട്ടത്തേക്കുള്ളത് ആറരയ്ക്ക് കൊടുത്താല്‍ മതി. എല്ലാവരും കൂടി ആഞ്ഞു പിടിക്കണം, എന്നാലെ എല്ലാം സമയത്തിന് നടക്കൂ." തന്റെ തിരക്കേറിയ ഒരു ദിവസത്തെക്കുറിച്ച് ബീനച്ചേച്ചി നിര്‍ത്താതെ പറഞ്ഞു തുടങ്ങി. ബീന ചേച്ചിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണില്‍ രാവിലെ ഇഡലി, സാമ്പാര്‍ അല്ലെങ്കില്‍ ഉപ്പുമാവും പഴവുമാണ് ലഭിക്കുന്നത്. ഇതിന് 15 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വന്നു വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടിലേക്കും എത്തിച്ചു കൊടുക്കും. അതിന് ഫീസായി അഞ്ചുരൂപ കൂടുതല്‍ വാങ്ങുമെന്നുമാത്രം. ഊണിന് 20 രൂപയാണ്. വീട്ടില്‍ എത്തിച്ചാല്‍ 25 രൂപ. 20 രൂപയാണ് ഊണിന് ഈടാക്കുന്നതെങ്കിലും വിഭവങ്ങള്‍ക്ക് കുറവൊന്നുമില്ല. സാമ്പാറ്, പുളിശ്ശേരി, തോരന്‍, അച്ചാര്‍, പച്ചടി എന്നിങ്ങനെ നീളുന്നു വിഭവങ്ങളുടെ പട്ടിക. കഴിഞ്ഞ രണ്ട് ദിവസമായി ഈ വിഭവങ്ങള്‍ക്കൊപ്പം കക്കതോരനും, കക്ക റോസ്റ്റുമുണ്ട്. ദരിദ്രര്‍ക്കും, കിടപ്പു രോഗികള്‍ക്കും, ആരോരുമില്ലാത്തവര്‍ക്കും ഭക്ഷണം പണമീടാക്കാതെ ഫ്രീയായി നല്‍കുന്നു. മൂന്നു നേരവും അവര്‍ക്കുള്ള ഭക്ഷണം ഫ്രീയാണ്. ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമാണ് ബീനചേച്ചിയുടെയും കൂട്ടരുടെയും പ്രധാന പണി. അത് പാക്ക് ചെയ്യാനും വീടുകളിലേക്ക് കൊണ്ടു ചെന്നു കൊടുക്കാനുമായി പഞ്ചായത്തഗങ്ങള്‍ ഉള്‍പ്പടെയുള്ള സന്നദ്ധപ്രവര്‍ത്തകരുണ്ട്. വാഴയിലയിലാണ് ഭക്ഷണം പൊതിഞ്ഞു നല്‍കുന്നത്. "വാഴയില പുറത്തു നിന്നും വാങ്ങുന്നതാണ്. ഇപ്പോഴാണെങ്കില്‍ നല്ല വിലയും. കുടുംബശ്രീയ്്ക്കു തന്നെ ചിലയിടത്ത് വാഴ കൃഷി ഉണ്ട്. അതില്‍ നിന്നും വാഴയിലകള്‍ മുറിയ്ക്കും. തികയാതെ വരുമ്പോഴാണ് പുറത്തു നിന്നും വാങ്ങുന്നത്. വിലയുണ്ടെങ്കിലും ആളുകള്‍ക്ക് നല്ലരീതിയില്‍ ഭക്ഷണം കൊടുക്കണമല്ലോ." ബീന ചേച്ചി പറഞ്ഞു.

ആര്യനാട് പഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡിലേയും മെമ്പര്‍മാരെ വിളിച്ച് ആര്‍ക്കെല്ലാമാണ് ഭക്ഷണം വേണ്ടത് എന്ന കണക്ക് തലേദിലസം തന്നെ എടുക്കും. അതിനനുസരിച്ചാണ് ഭക്ഷണുണ്ടാക്കുന്നത്. എല്ലാത്തിനും സഹായമായി സന്നദ്ധ പ്രവര്‍ത്തകരുണ്ടാവും. പഞ്ചായത്ത് പ്രസിഡന്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്മ്യൂണിറ്റി കിച്ചണില്‍ തന്നെ ഉണ്ടാകുമെന്നും, വേണ്ട സഹായങ്ങളെല്ലാം ചെയ്തുതരുമെന്നുമാണ് ബീനചേച്ചി പറയുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പാചകക്കാരിയായിരുന്നു ബീന. കുടുംബാംഗങ്ങളും, കുടുംബശ്രീയിലെ തന്നെ മറ്റു ചിലരുമാണ് അതിനായി സഹായിച്ചിരുന്നത്. കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നത് തടയാനായി കേരളം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ തല്‍ക്കാലത്തേക്ക് ജോലി നിര്‍ത്തിവെച്ചിരിക്കുന്ന സമയത്താണ് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങാനായി പഞ്ചായത്തു പ്രസിഡന്റ് കവിത ബീന ചേച്ചിക്ക് നിര്‍ദ്ദേശം നല്‍കുന്നത്. മറ്റൊന്നും ആലോചിക്കാതെ ആ ദൗത്യം ഏറ്റെടുത്തു ബീന. 'മുന്‍പ് എന്റെ ജോലി പാചകമായിരുന്നു. കല്യാണം, പിറന്നാള്‍, അങ്ങനെയുള്ള ആഘോഷങ്ങള്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കാന്‍ പോകും. ചിലതൊന്നും ഒറ്റയ്ക്കു കൂട്ടിയാല്‍ കൂടില്ല. അപ്പോള്‍ മോനോ, കുടുംബശ്രീയിലെ ഏതെങ്കിലും അംഗങ്ങളൊ സഹായിക്കാന്‍ വരും. ഇപ്പൊ കുറച്ചു ദിവസമായി പണിയെല്ലാം നിര്‍ത്തിവെച്ചിരിക്കയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പ്രസിഡന്റ് വിളിച്ച് കമ്മ്യൂണിറ്റി കിച്ചണെക്കുറിച്ചു പറയുന്നത്'. അങ്ങനെ അത് ഏറ്റെടുത്തു. കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചതിനെക്കുറിച്ച് ബീന ചേച്ചി പറയുന്നു.

മാര്‍ച്ച് 27 നാണ് ആര്യനാട് പഞ്ചായത്തില്‍ ഇവരുടെ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. മാര്‍ച്ച 26 ന് പഞ്ചായത്തില്‍ കൂടിയാലോചന ഉണ്ടാവുകയും പിറ്റേന്ന് തന്നെ തുടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു. 100 പേര്‍ക്ക് ഉച്ചയൂണ് നല്‍കണമെന്നു പറഞ്ഞാണ് ആരംഭിക്കുന്നത് എങ്കിലും തുടങ്ങിയ ദിവസം തന്നെ 125 പേര്‍ ഭക്ഷണം ആവശ്യപ്പെട്ടു. രണ്ടാമത്തെ ദിവസമായപ്പോഴേക്കും എണ്ണം 400 ആയി. ഇന്നിപ്പോള്‍ 800 പേര്‍ക്കാണ് ഭക്ഷണമുണ്ടാക്കേണ്ടത്. ഇവിടെയിപ്പൊ നല്ല തിരക്കാണ്. രണ്ട് ദിവസമായിട്ടെ ഉള്ളൂ തുടങ്ങിയിട്ട് എങ്കിലും നിറയെ ആളുകള്‍ ഭക്ഷണം ആവശ്യപ്പെടുന്നുണ്ട്. ഇത്ര കുറച്ചു പൈസക്ക് നല്ല ഭക്ഷണമാണല്ലോ നമ്മള്‍ നല്‍കുന്നത്, അത് തന്നെയായിരിക്കണം കാരണം. ഭക്ഷണം വന്നു വാങ്ങുന്നവരെല്ലാം ഭക്ഷണത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. അതുകേള്‍ക്കുമ്പോഴാണ് സന്തോഷം. ബീന ചേച്ചി കമ്മ്യൂണിറ്റി കിച്ചണെക്കുറിച്ചു പറയുന്നു.

ആലപ്പുഴ ജില്ലയിലെ തന്നെ മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തന്ന കമ്മ്യൂണിറ്റി കിച്ചണും നല്ല അഭിപ്രായം നേടിയാണ് മുന്നോട്ടു പോകുന്നത്. ആശ മോളുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘമാണ് അവിടെ കമ്മ്യൂണിറ്റി കിച്ചണിലുള്ളത്. കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതിന് മുന്‍പ് കുടുംബശ്രീയുടെ തന്നെ കാറ്ററിങ് യൂണിറ്റ് നടത്തിവരികയായിരുന്നു ഇവര്‍ അഞ്ചുപേരും. നിലവില്‍ ഭക്ഷണം പാകം ചെയ്യുന്നത് പാതിരപ്പള്ളിയിലുള്ള ഇവരുടെ കാറ്ററിങ് യൂണിറ്റില്‍ തന്നെയാണ്. തുടര്‍ന്ന് വിതരണത്തിനായി മുഹമ്മ ആശുപത്രിക്കടുത്തുള്ള കെട്ടിടത്തിലേക്കെത്തിക്കുന്നു.

ഞങ്ങള്‍ ഇപ്പോള്‍ തുടങ്ങിയതല്ലേ ഉള്ളൂ. അതുകൊണ്ട് ഞങ്ങളുടെ പാതിരപ്പള്ളിയിലെ കാറ്ററിങ് യൂണിറ്റിന്റെ അടുക്കളയില്‍ വെച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്. ഭക്ഷണമായിക്കഴിഞ്ഞാല്‍ അത് മുഹമ്മ ആശുപത്രിയുടെ അടുത്തുള്ള കെട്ടിടത്തിലേക്കു കൊണ്ടുവരും. അവിടെ വെച്ചാണ് വിതരണം നടത്തുന്നത്. കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പുകാരില്‍ ഒരാളായ ആശമോള്‍ പറഞ്ഞു. ആശമോളെ കൂടാതെ സീന, വിജയകുമാരി, ശാന്തി, പ്രസന്ന കുമാരി എന്നിവരാണ് മറ്റംഗങ്ങള്‍.

ആര്യനാട്ടുള്ള കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും മൂന്നു നേരത്തെ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ മുഹമ്മയില്‍ ഒരു നേരത്തെ ഭക്ഷണമാണ് നല്‍കുന്നത്. അച്ചാര്‍, തോരന്‍, കൂട്ടുകറി, സാമ്പാര്‍, മീന്‍ ചാറ് എന്നിവയുള്‍പ്പെടുന്ന ഊണിന്റെ വില 20 രൂപ തന്നെ. സ്‌പെഷലായി എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ 30 രൂപ അധികം നല്‍കണം. രാവിലെ ഒന്‍പത് മണിയാകുമ്പോഴാണ് ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കി തുടങ്ങുന്നത്. ഉച്ചയൂണ് മാത്രം മതിയല്ലോ. ഭക്ഷണത്തിന് തീരെ നിവര്‍ത്തിയില്ലാത്തവര്‍ക്കാണ് കൂടുതലായും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഊണുകളുടെ എണ്ണവും കുറവാണ്. ആശമോള്‍ പറയുന്നു.

രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരുടെ കാറ്ററിങ് യൂണിറ്റും അടച്ചിരുന്നു. അതിനാല്‍ തന്നെ തൊഴിലില്ലാതിരുന്ന സാഹചര്യത്തിലാ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത്. അത് തങ്ങള്‍ക്ക് വലിയൊരു അനുഗ്രഹമായെന്നാണ് ഇവര്‍ പറയുന്നത്. 20 രൂപയ്ക്ക് വേറെ എവിടെ നിന്നും ഊണ് ലഭിക്കില്ല. ഇത് ഗവണ്‍മെന്റിന്റെ നല്ലൊരു പദ്ധതിയാണ്. പട്ടിണിയിലായിപ്പോയവര്‍ക്കെല്ലാം ഇതിലൂടെ ഭക്ഷണം ലഭിക്കുന്നു. ഞങ്ങള്‍ക്കും ഈ കമ്മ്യൂണിറ്റി കിച്ചണ്‍ ഒരു അനുഗ്രഹമായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോലി ഇല്ലാതയി. ഇപ്പോള്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഞങ്ങള്‍ക്ക് കുറച്ചു ദിവസത്തേക്ക് ജോലി ലഭിച്ചിരിക്കയാണല്ലോ. ആശമോള്‍ പറഞ്ഞു നിര്‍ത്തി.

കൊറോണക്കാലത്ത് ഒരാളും പട്ടിണികിടക്കരുതെന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയമുണ്ടാവുന്നത്. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍, ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവര്‍, പ്രായമായവര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, സെല്‍ഫ് ക്വാറന്റൈനിലും മറ്റും കഴിയുന്നവര്‍, തെരുവില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ എന്നു തുടങ്ങി കേരളത്തില്‍ ഭക്ഷണം ലഭിക്കാത്ത എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കുകയാണ് സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി കുടുംബശ്രീപ്രവര്‍ത്തകരേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയുമാണ് സര്‍ക്കാര്‍ ചുമതലപെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നടത്താത്ത മാതൃകയാണ് ഇതിലൂടെ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കച്ചണ്‍ വഴി ഭക്ഷണം ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും അതിഥിതൊഴിലാളികളുടെ കൂട്ട പലായനം നടക്കുമ്പോള്‍ കേരളത്തില്‍ മാത്രം അതുണ്ടാകാത്തതിന്റെ കരണങ്ങളില്‍ ഒന്ന് കമ്മ്യൂണിറ്റി കിച്ചണ്‍ തന്നെയാണ്.

സര്‍ക്കാര്‍ പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം തന്നെ കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നിലവില്‍ കേരളത്തില്‍ 1059 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 913 എണ്ണം ഏറ്റെടുത്തു നടത്തുന്നത് കുടുംബശ്രീയാണ്. ഓരോ ദിവസവും നിരവധിപേര്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലായി 34670 പേര്‍ക്കാണ് മാര്‍ച്ച് 28 ന് ഭക്ഷണമെത്തിച്ചിരിക്കുന്നത്. 29392 പേര്‍ക്ക് ഹോം ഡെലിവറിയായാണ് ഭക്ഷണം നല്‍കിയത്.

'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ മികവിന്റെയും, കുടുംബശ്രീയുടെ സംഘാടന മികവിന്റെയും ജില്ല കലക്ടര്‍മാരുടെ ഏകോപനത്തിന്റെയും വലിയൊരു വിജയമാണ് ഈ കമ്മ്യൂണിറ്റി കിച്ചണ്‍. മൂന്നോ അഞ്ചോ പേരുള്ള യൂണിറ്റായാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാം സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നത് എന്നു പറഞ്ഞ് ദേശീയ തലത്തില്‍ നിന്നുവരെ ഈ കമ്മ്യൂണിറ്റി കിച്ചണ് പ്രശംസ ലഭിച്ചിട്ടുണ്ട്'. കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണില്‍ മാത്രമല്ല, കൊറോണക്കാലത്ത് ഹാന്റ് സാനിറ്റെസര്‍ നിര്‍മ്മാണത്തിലും ഫെയ്‌സ് മാസ്‌ക് നിര്‍മ്മാണത്തിലും കുടുംബശ്രീ മുന്നില്‍ തന്നെ നിന്നിരുന്നു. കുടുംബശ്രീയുടെ വിവിധ ടൈലറിങ്ങ് യൂണിറ്റുകള്‍ ചേര്‍ന്നാണ് ഫേസ്മാസ്‌ക്ക് നിര്‍മിച്ചത്. 306 നിര്‍മ്മാണ യൂണിറ്റുകളാണ് ഇതില്‍ പങ്കെടുത്തത്. 11 ദിവസങ്ങളിലായി 12,45,505 ഫേസ്മാസ്‌ക്കുകളാണ് കുടുംബശ്രീ നിര്‍മിച്ചത്. ഇതില്‍ 934207 എണ്ണം കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. സാനിറ്റെസര്‍ നിര്‍മ്മാണത്തിനായി 21 നിര്‍മ്മാണ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. പത്തു ദിവസം കൊണ്ട് ഇവര്‍ നിര്‍മ്മിച്ചത്, 1808.65 ലിറ്റര്‍ സാനിറ്റെസറാണ്. ഇതില്‍ 1584.9 ലിറ്റര്‍ ഇതിനോടകം കേരളത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന കുടുംബശ്രീ കൊറോണക്കാലത്ത് എല്ലാ മേഖലകളിലും ഇടപെടലുകള്‍ നടത്തി മറ്റു സംസ്ഥാനങ്ങള്‍ക്കു തന്നെ മാതൃകാവുകയാണ്.

കേരളത്തെ കേരളാക്കിയ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളെക്കുറിച്ചു പറയുമ്പോള്‍ ചേര്‍ത്തു പറയേണ്ട പേരാണ് കുടുംബശ്രീയുടേത്. 80 ലക്ഷത്തോളം കുടുംബങ്ങളുള്ളകേരളത്തില്‍ 43 ലക്ഷം കുടുംബങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീളുണ്ട്. സംസ്ഥാനത്തെ കേവല ദാരിദ്രം പത്തുവര്‍ഷക്കാലം കൊണ്ട് പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യുന്നതിനായി കേരളസര്‍ക്കാര്‍, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കുടുംബശ്രീ.