'എല്‍ഡിഎഫിനൊപ്പം ചേരില്ല'; കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം തമാശയെന്ന് കെ.വി.തോമസ്

തന്നെ പുറത്താക്കിയെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം തമാശയെന്ന് കെ.വി.തോമസ്. തന്നെ പുറത്താക്കേണ്ടത് എഐസിസിയാണ്. എഐസിസി അറിയിപ്പ് വന്നിട്ടില്ല. പ്രാഥമിക അംഗത്വത്തില്‍ നിന്ന് മാറ്റാനായേക്കും. എന്നാല്‍ തന്നെ കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്നോ വികാരത്തില്‍ നിന്നോ മാറ്റാനാകില്ല. എല്‍ഡിഎഫിനൊപ്പം ചേരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

'കെപിസിസി പ്രസിഡന്റ് നുണകൂടി പറയാന്‍ തുടങ്ങി എന്ന് പത്രം വായിച്ചപ്പോഴാണ് മനസ്സിലായത്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. കെ. സുധാകരന് ആള് മാറിയതാകാം. ഫോണില്‍ വിളിച്ച് ആളെ സസ്പെന്‍ഡ് ചെയ്തു എന്ന് പറയുന്നത് പുതിയ സംവിധാനമാണ്, കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും എല്‍ഡിഎഫിലേക്ക് പോകില്ലെന്നും' കെ വി തോമസ് കൂട്ടിച്ചര്‍ത്തു.
ഇനി മുതല്‍ താന്‍ സ്വതന്ത്രമായി നില്ക്കും. കോണ്‍ഗ്രസിന്റെ തന്നെ പ്രസക്തി നഷ്ടമായി. കോണ്‍ഗ്രസ് ഒരു അസ്ഥികൂടമായി. എഐസിസി യ്ക്ക് വികസന കാഴ്ചപ്പാടില്ലെന്നും കെ വി തോമസ് പറഞ്ഞു. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ച് കെ വി തോമസ് രംഗത്തെത്തിയിരുന്നു. പിണറായി വിജയനൊപ്പമെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. താന്‍ ഈ സമ്മേളനത്തില്‍ വരുന്നത് കോണ്‍ഗ്രസുകാരനായാണെന്നും കെ വി തോമസ് പറഞ്ഞു.
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെ കെ.വി. തോമസിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന് അറിയിക്കുകയായിരുന്നു. കെ.വി. തോമസിനൊപ്പം കോണ്‍ഗ്രസുകാര്‍ ആരുമില്ലെന്നും ഒരാള്‍ പോലും പാര്‍ട്ടി വിടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.