സില്‍വര്‍ ലൈന്‍: എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടി, മുഖ്യമന്ത്രി  വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും

 
silver line

കെ റെയില്‍ പദ്ധതി ബാധിത പ്രദേശത്ത് പ്രതിഷേധം തുടരുമ്പോള്‍ ഇടതുമുന്നണിയുടെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.
വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

പദ്ധതി പ്രദേശങ്ങളില്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുകയാണ്. ഈ പ്രദേശങ്ങളില്‍ മന്ത്രിമാര്‍ അടക്കം രംഗത്തെത്തി ജനങ്ങളില്‍ ബോധവത്കരണം നടത്തും. വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി തദ്ദേശ സ്ഥാപനങ്ങളെയും രംഗത്തിറക്കും. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പായ ശേഷം പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയാല്‍ മതിയാവുമെന്ന നിലപാട് ആയിരിക്കും സില്‍വര്‍ ലൈന്‍ അനുകൂല പ്രചാരണത്തിലൂടെ ജനങ്ങളെ ബോധിപ്പിക്കാന്‍ ശ്രമിക്കുക.

പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍ ഡി എഫ് തുടക്കമിടുന്നത്.

സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവരുടെ ഒപ്പം സര്‍ക്കാരുണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.