ഹരിത വിഷയം തീര്‍പ്പാക്കി ലീഗ്; എംഎസ്എഫ് നേതാക്കള്‍ക്കെതിരായ നടപടി ഖേദപ്രകടനത്തില്‍ ഒതുങ്ങി 

 
MSF Haritha

ഏതെങ്കിലും തരത്തില്‍ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പി.കെ നവാസ് 

എംഎസ്എഫ്-ഹരിത വിഷയത്തില്‍ തീര്‍പ്പുമായി മുസ്ലീം ലീഗ് നേതൃത്വം. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന എംഎസ്എഫ് സംസ്ഥാന നേതാക്കളോട് പരസ്യമായി ഖേദപ്രകടനം നടത്താനാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക അധിക്ഷേപം ഉള്‍പ്പടെ നടത്തിയ നേതാക്കളെ പുറത്താക്കുകയോ മാറ്റിനിര്‍ത്തുകയോ പോലും ചെയ്യാതെയാണ് ലീഗ് വിഷയത്തില്‍ തീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. എംഎസ്എഫ്  സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്താണ്. സംഭവത്തില്‍ ഇവര്‍ പാര്‍ട്ടിയോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കണമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. വിഷയം അവസാനിപ്പിക്കാന്‍ ഹരിതയോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ലീഗ് പ്രസ്താവനയില്‍ അറിയിച്ചു.

ഹരിതയെ മരവിപ്പിച്ച നടപടി പിന്‍വലിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. നേതാക്കള്‍ മാപ്പ് പറഞ്ഞതോടെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കും. എംഎസ്എഫ് നേതാക്കള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നേട്ടീസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. ഹരിതയും എംഎസ്എഫും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളായതുകൊണ്ട് കൂടുതല്‍ യോജിച്ച് പോകുന്നതിന് ആവശ്യമായ ചര്‍ച്ചകളും പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണ്. ഇതിനായി പാര്‍ട്ടി നേതാക്കളുടെ നിയന്ത്രണത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. എംഎസ്എഫിന്റെ ജില്ലാ-സംസ്ഥാന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തും. എംഎസ്എഫ്, ഹരിത ഭരണഘടനകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തും. മലപ്പുറം ജില്ലാ ഹരിത കമ്മിറ്റിയില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവും. എംഎസ്എഫ്, ഹരിത സംഘടനകള്‍ വിദ്യാഭ്യാസ മേഖലയില്‍ സി.എമ്മിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ശബളിമയാര്‍ന്ന പങ്കുവഹിച്ചതായും ലീഗ് പ്രസ്താവനയില്‍ പറയുന്നു. 

ജൂണ്‍ 21ന് എംഎസ്എഫ് സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു ആരോപണം. സംഭവത്തില്‍ ഹരിത നേതാക്കള്‍ ലീഗ് സംസ്ഥാന സമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒന്നര മാസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടി സ്വീകരിക്കാതെ വന്നതോടെ, ഹരിത സംസ്ഥാന നേതാക്കള്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. 

ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് വലിയ വിവാദത്തിന് കാരണമായി. ലീഗ് പ്രവര്‍ത്തകരില്‍നിന്ന് അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുണ്ടായി. എന്നാല്‍, ഹരിതയുടെ നടപടി അച്ചടക്ക ലംഘനമാണെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ഇതോടെ, ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചു. എന്നാല്‍, നടപടിക്ക് മുമ്പ് ലീഗ് നേതൃത്വം വിശദീകരണം കേട്ടില്ലെന്ന ആരോപണവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. വിഷയത്തില്‍ ഹരിത നേതാക്കള്‍ക്ക് സ്വാഭാവിക നീതി കിട്ടിയില്ലെന്നും ഫാത്തിമ പറഞ്ഞു.  

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി.കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
 

ഏതെങ്കിലും തരത്തില്‍ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു: പി.കെ നവാസ് 
ഹരിത വിഷയത്തില്‍ ഫേസ്ബുക്കില്‍ പി.കെ നവാസ് ഖേദം പ്രകടിപ്പിച്ചു. ആരെയും വ്യകതിപരമായോ, ലിംഗപരമായോ ആക്ഷേപിക്കുംവിധമുള്ള ഒരു സംസാരവും നടത്തിയിട്ടില്ല. എന്നാല്‍ തന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിത ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്വപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല. ഇന്നലെ നടന്ന യോഗത്തിലേക്ക് പാര്‍ട്ടി നേതാക്കള്‍ വിളിച്ചുവരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍, പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചു. ആര്‍ക്കെങ്കിലും
ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ  പറയാനും തയ്യാറാകുമായിരുന്നെന്നും നവാസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.