ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു പീഡനം: 'ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനും യുവതിയെ അടിമയാക്കി'

 
Martin Joseph

മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കുറ്റപത്രം

ഒപ്പം താമസിച്ച യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. കണ്ണൂര്‍ സ്വദേശിനിയും ഫാഷന്‍ ഡിസൈനറുമായ ഇരുപത്തിയേഴുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 
 
കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാര്‍ട്ടിനെ പരിചയപ്പെടുന്നത്. ലോക്ഡൗണ്‍ കാലത്ത് എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ ഒരുമിച്ച് താമസം തുടങ്ങി. ഇതിനിടെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മാര്‍ട്ടിന്‍ പകര്‍ത്തി. ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ഒരുങ്ങിയതോടെ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഫ്‌ളാറ്റ് പൂട്ടിയിട്ട് പീഡനം തുടര്‍ന്നു. മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പോയ തക്കത്തിലാണ് യുവതി ഫ്‌ളാറ്റില്‍നിന്ന് രക്ഷപെട്ടത്. ദേഹമാകെ മര്‍ദനമേറ്റ പാടുകളുമായി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

എന്നാല്‍ പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തില്ല. മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ, സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് അന്വേഷണം തുടങ്ങിയത്. തൃശൂരില്‍വച്ചാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജാമ്യത്തിനായി മാര്‍ട്ടിന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. മാര്‍ട്ടിനെ സഹായിച്ച തൃശൂര്‍ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28), പ്രിന്റോ (25) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കാക്കനാട്ടെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറിയ മാര്‍ട്ടിന്‍ മര്‍ദ്ദിച്ചതായി മറ്റൊരു യുവതിയും പരാതി നല്‍കിയിട്ടുണ്ട്.