എണ്‍പതാം വയസിലും മൈതാനത്ത് പ്രചോദനം; പിറവത്തിന്റെ എംജെയ്ക്ക് ആത്മധൈര്യം പകരുന്നത്

 
mj

കോവിഡ് മഹാമാരിയും മാറി വരുന്ന കാലാവസ്ഥ വ്യതിയാനങ്ങളുമൊന്നും പിറവത്തിന്റെ മുന്‍ എംഎല്‍എ എം.ജെ ജേക്കബ്ബിനെ തളര്‍ത്താനാകില്ല.
തന്റെ 80 ആം വയസിലും ആത്മധൈര്യം ചോരാതെ അദ്ദേഹം കര്‍മ്മ നിരതനാണ്.  സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് സ്വര്‍ണം നേടിയാണ് എംജെ യുവതലമുറയ്ക്ക് ആവേശം പകര്‍ന്നത്. കോഴിക്കോട് നടന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പിലും 80,  200 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് മുന്‍ നിയമസഭാ സാമാജികന്‍ ഒന്നാമതെത്തിയത്. 1963 ല്‍ കേരളത്തിലെ അന്നത്തെ ഏക സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റിയുടെ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് കായിക ലോകത്ത് എം ജെ ജേക്കബിന്റെ മിന്നും പ്രകടനങ്ങള്‍ ശ്രദ്ധനേടുന്നത്.  അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡ് വിജയം നേടിയിരുന്നു അദ്ദേഹം. പിന്നീട് മൈതാനത്ത് തിളങ്ങാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കിയില്ല.

ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ മീറ്റിലും ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടി. നാല് വെറ്ററന്‍സ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് ഇദ്ദേഹം.  2006 ല്‍  പിറവം മണ്ഡലത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി  മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ചാണ് എംഎല്‍എയായത്. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി.  രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് നേടി. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. പൊതുപ്രവര്‍ത്തനത്തിനൊപ്പം അത്‌ലെറ്റിക്‌സിലും മികവ് നിലനിര്‍ത്താന്‍ എംജെയ്ക്ക് പ്രായം ഒരു ഘടകമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ഇതിന് കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.

''നമുക്ക് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിക്കുക, എവിടെ പോയാലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, നമ്മുടെ ആരോഗ്യത്തിന് വേണ്ടി വ്യായാമം ചെയ്യുക'' എം ജെ ജേക്കബ് വരും തലമുറയോട് പറയുക മാത്രമല്ല പ്രവൃത്തിച്ച് കാണിക്കുകയും ചെയ്യുകയാണ്.  കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് ചാമ്പ്യനായത് മുതല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ മൈതാനത്തെ  നേട്ടങ്ങള്‍. പിന്നീടിത് ആലുവ യുസി കോളജിലെത്തിയപ്പോഴും തുടര്‍ന്നു, അവിടെയും സ്‌പോര്‍ട്‌സ് ചാമ്പ്യനായിരുന്നു. 60 കളില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ എംജെ 400 ഹര്‍ഡില്‍സില്‍ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ വര്‍ഷങ്ങളോളം അനക്കം തട്ടാതെ കിടന്നു.

എംഎല്‍എ ആയിരുന്നപ്പോള്‍ സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മീറ്റിന്റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചതാണ് എണ്‍പതാം വയസിലും കായിക താരമാകാന്‍ പ്രചോദനമായത്. പരിപാടിയില്‍ ചെന്നപ്പോള്‍ മൈതാനത്ത് ഒന്നോടി നോക്കാന്‍ അവസരം ലഭിച്ചു പിന്നീട് അത് ആത്മവിശ്വാസമായി വളര്‍ന്നു.  ഇപ്പോള്‍ 15 വര്‍ഷത്തിന് മേലെ സ്ഥിരമായി മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ എംജെ പങ്കെടുക്കുന്നു. ജില്ല സംസ്ഥാന ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ സ്ഥിര സാന്നിദ്ധ്യമാണ്. പത്തോളം വിദേശ രാജ്യങ്ങളില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. എംഎല്‍എ ആയിരുന്നപ്പോഴും നിയമസഭാ സാമാജികരുടെ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 50 വയസിന് മുകളില്‍ ചാമ്പ്യനായാണ് എം ജെ ജേക്കബ് അന്ന് എംഎല്‍മാര്‍ക്കിടയില്‍ തിളങ്ങിയത്. 

തന്റെ ഒരു ദിവസം ആരംഭിക്കുന്നതിനെ കുറിച്ച് എം ജെ പറയുന്നതിങ്ങനെ - ''രാവിലെ നാല് മണിക്ക് എഴുനേറ്റാല്‍ കുറെ നടക്കും കുറച്ച് ഓടും പിന്നെ എക്‌സെര്‍സൈസ് ചെയ്യും ഏകദേശം അഞ്ച് കിലോമീറ്ററോളം ഇതുണ്ടാകും. വീട്ടിലെത്തിയാല്‍ യോഗയും പരിശീലിക്കും. ഭക്ഷണം എന്തും ആകട്ടെ ആവശ്യത്തിന് മാത്രം കഴിക്കുക അധികമായി കഴിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.'' തന്റെ പ്രഭാത നടത്തം യുവതലമുറയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് എംജെ പറയുന്നു. 

''നടക്കാന്‍ പോകുന്ന മണിമലകുന്ന് നഴ്‌സിംഗ് കോളജ് സ്‌റ്റേഡിയത്തിടുത്ത് 160 നടയുണ്ട്. ആ നട കുട്ടികള്‍ പോലും ഉപയോഗിക്കാറില്ല. താന്‍ സ്ഥിരമായി ആ നട കയറുന്നതും ഇറങ്ങുന്നതും ചെയ്തതോടെ ഇപ്പോള്‍ കുട്ടികളും അതുപയോഗിക്കാന്‍ തുടങ്ങി. ജീവിച്ചിരിക്കുന്നിടത്തോളം കാലം നടക്കാനാവുന്നിടത്തോളം നടക്കും'' എം ജെ ജേക്കബ് പറഞ്ഞു. 

80- 70 കളില്‍ മാനേജരായാണ് പ്രൊഫഷണല്‍ ലൈഫ് തുടങ്ങുന്നത്. എംഎ,എല്‍എല്‍ബിയും കഴിഞ്ഞ് 26 ആം വയസിലാണ് എഫ്എസിടിയില്‍ മാനേജരായി തുടങ്ങുന്നത്. പിന്നീട് 79 ല്‍ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ മാനേജര്‍ ലെവല്‍ ജോലി തടസമായി, രാഷ്ട്രീയം ജോലിക്ക് പ്രശ്‌നമാകുമെന്നറിഞ്ഞപ്പോള്‍ വിഷയം അവതരിപ്പിച്ചതോടെ കമ്പനി ഡയറക്ടര്‍ എം കെ കെ നായര്‍ സാര്‍ മാനേജര്‍ ലെവലിന് താഴെ ജോലി തരപ്പെടുത്തി തന്നു. ആ ജോലി 94 വരെ ചെയ്തു. എംജെ രണ്ട് വട്ടം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തെന്ന നേട്ടം കൈവരിച്ചു. കാക്കൂര്‍ സര്‍വീസ് സഹകര ബാങ്കിന്റെ രണ്ട് ടേമില്‍ പ്രസിഡന്റായി, കാക്കൂര്‍ കാളവയല്‍ നാടിന്റെ ഉത്സവമാക്കി മാറ്റിയതില്‍ എംജെക്കും ക്രെഡിറ്റ് അവകാശപ്പെടാനുണ്ടായി.