മരണം തെരഞ്ഞെടുക്കുന്ന മലയാളി; ആത്മഹത്യ കണക്കിലും മുന്നേറുന്ന കേരളം
 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം 8,500 പേരാണ് 2020 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്
 
suicide kerala


ജീവിതത്തെക്കുറിച്ച് ഹരികൃഷ്ണന്റെ സങ്കല്‍പ്പം എത്ര മനോഹരമായിരുന്നുവെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു കോട്ടയം പാമ്പാടി ആനിക്കാട് മുക്കാലി റൂട്ടിലെ പഴയ തറവാട് മാതൃകയില്‍ പണിതീര്‍ത്ത വീട്. ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍, കഥയും കവിതയും കൈമുതലായുണ്ടായിരുന്നവന്‍. പക്ഷേ, സ്വപ്‌നങ്ങളത്രയും ബാക്കി നിര്‍ത്തി 37-ആമത്തെ വയസില്‍ തന്റെ ജീവിതം അയാള്‍ അവസാനിപ്പിച്ചത് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു. ഭാര്യയോട് ഫോണില്‍ സംസാരിച്ചു നില്‍ക്കെ ട്രെയിനു മുന്നില്‍ ചാടിയാണ് ഹരികൃഷ്ണന്‍ എല്ലാം മതിയാക്കിയത്...

ഹരികൃഷ്ണനെപ്പോലെ, ഒരു നൊടിയില്‍ മരണം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കേരളത്തില്‍ ഭയപ്പെടുത്തുന്ന തരത്തില്‍ വര്‍ദ്ധിക്കുകയാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. കോവിഡ് പ്രതിസന്ധി ഈ വര്‍ദ്ധനവിന് പ്രധാന കാരണമായിട്ടുണ്ടെങ്കില്‍ തന്നെയും, വ്യക്തിപരമായ കാര്യങ്ങളാല്‍ മരണം തെരഞ്ഞെടുക്കുന്നവരുടെ കണക്കില്‍ വര്‍ഷം പ്രതി വര്‍ദ്ധനവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. 26 ശതമാനമാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്.

ഞെട്ടിക്കുന്ന കണക്കുകള്‍

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം 8,500 പേരാണ് 2020 ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 6,570 പേര്‍ പുരുഷന്മാരും 1,930 പേര്‍ സ്ത്രീകളുമാണ്. സ്‌കൂള്‍ തലം മുതല്‍ ഡിഗ്രി തലം വരെയുള്ള 5,049 വിദ്യാര്‍ത്ഥികളും കഴിഞ്ഞ കൊല്ലം കേരളത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്തവരാണ് ആത്മഹത്യ കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊഴിലില്ലായ്മ മൂലം ആത്മഹത്യ ചെയ്തത് 1,769 പേരാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനമാണ് കേരളത്തിന്. 2,496 ദിവസന വേതനക്കാര്‍, 893 സ്വയം തൊഴിലുകാര്‍, 448 ചെറുകിട ബിസിനസുകാര്‍ എന്നിങ്ങനെയാണ് തരംതിരിച്ചുള്ള കണക്ക്.

ഇത് 2020 ലെ കണക്കാണ്. 2021 അവസാനിക്കാറാകുമ്പോള്‍, ഈ കണക്ക് ഇനിയും വര്‍ദ്ധിക്കുമെന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. രോഗ വ്യാപ്തിയില്‍ കുറവുണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്നും ജനങ്ങള്‍ക്ക് കരകയറാന്‍ കഴിയുന്നില്ലെന്നതാണ് ആത്മഹത്യ വര്‍ദ്ധനവിനു പിന്നിലെ വാസ്തവം. കോവിഡ് എന്നത് ഒരു ആരോഗ്യ പ്രശ്‌നം മാത്രമല്ല, വര്‍ദ്ധിച്ച മാനസിക സംഘര്‍ഷങ്ങളിലേക്ക് മനുഷ്യനെ വലിച്ചിട്ട ഒരു സാമൂഹിക പ്രശ്‌നം കൂടിയാണെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. കോവിഡ് എന്ന രോഗത്തെ മറി കടക്കാന്‍ എന്തൊക്കെ ചെയ്‌തോ, അതേ ഗൗരവത്തോടെ തന്നെ കോവിഡ് സൃഷ്ടിച്ച മാനസികപ്രശ്‌നങ്ങളെ മറികടക്കാനുള്ള പ്രവൃത്തികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നടക്കം ഉണ്ടാകണം. ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളായിരിക്കും സമൂഹത്തില്‍ ഉണ്ടാവുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് ഉണ്ടാക്കിയ ആഘാതം

'ആളുകള്‍ എത്രത്തോളം പ്രശ്‌നബാധിതരായിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ആത്മഹത്യയും. വെളപ്പൊക്കമോ, മലയിടിച്ചിലോ പോലെ, മനുഷ്യനെ ഒറ്റത്തവണ ആഘാതം ഏല്‍പ്പിച്ച് കടന്നുപോകുന്ന ഒരു ദുരന്തം പോലെയല്ല കോവിഡ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജനങ്ങള്‍ ഈ പ്രതിസന്ധിയുടെ പിടിയിലാണ്, വരും വര്‍ഷങ്ങളിലും സ്ഥിതി ഇങ്ങനെ തന്നെയായിരിക്കും. പൂര്‍ണമായൊരു വിടുതലിന് എത്രകാലമെടുക്കുമെന്നു പറയാന്‍ കഴിയില്ല. ആളുകള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന ഉത്തരവാദിത്വങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ചുമക്കാന്‍ ഓരോരുത്തരും നിര്‍ബന്ധിതരായിരിക്കുന്നു. മനുഷ്യന്‍ ഒറ്റപ്പെടുന്നു. സാമൂഹിക ബന്ധങ്ങള്‍ കുറഞ്ഞു. സന്തോഷിക്കാനും ഉല്ലസിക്കാനുമുള്ള അവസരങ്ങള്‍ കുറഞ്ഞു. ജോലി നഷ്ടമാകുന്നു, വരുമാനം നിലയ്ക്കുന്നു, കുടുംബം നോക്കാന്‍ കഴിയാതെ വരുന്നു, കുട്ടികളെ സംരക്ഷിക്കാന്‍ പറ്റാതെ വരുന്നു-പലതരം ട്രോമകളില്‍ കൂടിയാണ് ശരാശരിക്കാര്‍ കടന്നു പോകുന്നത്. അത്തരം സന്ദര്‍ഭങ്ങളിലാണ്, മരണമാണ് പോംവഴിയെന്ന് ചിന്തിക്കുന്നതും അത് തെരഞ്ഞെടുക്കുന്നതും; കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ജിഷ ജോര്‍ജ് സാഹചര്യങ്ങളെ നിരീക്ഷിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്. മാസങ്ങളോളം വീടുകളില്‍ തന്നെ കഴിയേണ്ടി വന്നതും വ്യക്തികളില്‍ മാനസികബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കേന്ദ്രമാണ് വീട് എന്നത്  പലപ്പോഴും സങ്കല്‍പ്പമായി മാറുന്നു. ജോലി സ്ഥലങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി മാത്രമായിട്ടില്ല ആളുകള്‍ കാണുന്നത്. വീട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണത്. അത്തരമൊരു വഴി അടയുമ്പോള്‍, വ്യക്തികള്‍ കൂടുതല്‍ അസ്വസ്ഥരാകും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വര്‍ക്ക് അറ്റ് ഹോം പ്രക്രിയയിലാണ് ജോലികള്‍ നടക്കുന്നത്. തൊഴിലിടങ്ങളില്‍ ഉണ്ടായിരുന്ന സാമൂഹ്യവും വൈകാരികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അവസരം ഇല്ലാതായതോടെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് മനുഷ്യര്‍ വീണുപോവുകയും അവനവനോടു തന്നെയുള്ള മതിപ്പും ബഹുമാനവും നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നു. ഇതവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു; ജിഷ ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.

ദിവസവും കേള്‍ക്കേണ്ടി വരുന്ന ആത്മഹത്യ വാര്‍ത്തകള്‍

കോവിഡ് പ്രതിസന്ധി ആത്മഹത്യ കണക്കില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ കേരളത്തില്‍ നടന്നത് മറ്റ് കാരണങ്ങളാല്‍ ആയിരുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 3,573 പേര്‍ കോവിഡ് ഇതര കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം ജീവിതം അവസാനിപ്പിച്ചതെന്നു കാണാം. കടം മൂലം 180 പേരും,തൊഴിലില്ലായ്മ കാരണം 122 പേരും പ്രണയ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം 238 പേരും ജീവനൊടുക്കി. വിവിധതരം അസുഖങ്ങള്‍ ബാധിച്ച 1,933 പേരും ദീര്‍ഘകാലമായി അസുഖബാധിതരായി കഴിഞ്ഞിരുന്ന 688 പേരും മാനസികപ്രശ്‌നങ്ങളുള്ള 977 പേരും കഴിഞ്ഞ വര്‍ഷം തങ്ങളുടെ ജീവിതം സ്വയം അവസാനിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ടുപോയ 692 പേരും 2020 ല്‍ മരണം തെരഞ്ഞെടുത്തിരുന്നു. 

എപ്പോഴെങ്കിലുമൊരു നിമിഷത്തില്‍, മരിച്ചാലോ എന്നു ചിന്തിച്ചുപോയിട്ടില്ലാവര്‍ വിരളമാണ്. അത്തരമൊരു ചിന്തയെ മറികടക്കുന്നവരാണ് ഭൂരിഭാഗവും. അതിനു കഴിയാതെ പോകുന്നവരുടെ എണ്ണവും കൂടിവരികയാണെന്നതാണ് ഓരോ ദിവസവുമെന്നപോലെ കേള്‍ക്കേണ്ടി വരുന്ന ആത്മഹത്യ വാര്‍ത്തകള്‍. നവംബര്‍ മാസത്തില്‍ തന്നെ പത്തോളം ആത്മഹത്യകളാണ് ഇതിനകം നടന്നിരിക്കുന്നത്. ഇതില്‍ പലതും കൂട്ടാത്മഹത്യകളുമാണ്. ഒരു കുടുംബത്തിലെ തന്നെ എല്ലാവരും ജീവനൊടുക്കിയ മൂന്നോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എല്ലാം നിസ്സാരമായി കാണരുത്

 ' സ്വയം തെരഞ്ഞെടുക്കുന്ന മരണത്തെക്കുറിച്ച് ആലോചിക്കാത്തവര്‍ മനുഷ്യര്‍ക്കിടയില്‍ കുറവാണ്. ആ ചിന്ത പിന്നീട് എങ്ങനെ മരിക്കാം എന്നതിലേക്കും, അതിനുവേണ്ടിയുള്ള ഒരുക്കങ്ങളിലേക്കും കടക്കും മുമ്പ മറികടക്കാന്‍ കഴിയണം. ഒരു പ്രശ്‌നം വന്നാല്‍, അത് നിങ്ങളെ കീഴടക്കുന്നതിന് അനുവദിക്കാതെ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിനു മറ്റൊരാളുടെ സഹായം വേണമെങ്കില്‍ തേടണം. വീടിനുള്ളിലോ, ജോലി സ്ഥലത്തോ, സമൂഹത്തിലോ നിങ്ങള്‍ അസ്വസ്ഥനാണെന്നു തോന്നിയാല്‍ ഒരു കൗണ്‍സിലറെ കാണുന്നതിന് മടിക്കരുതെന്നാണ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ജിഷ ജോര്‍ജ് തന്റെ പ്രൊഫഷണല്‍ അനുഭവത്തില്‍ നിന്നും പറയുന്നത്. ചെറിയ പിരുമുറുക്കങ്ങളാകും പിന്നീട് മനസിനെ പൂര്‍ണമായി കീഴ്‌പ്പെടുത്തുക, അതിനുള്ള വഴിയൊരുക്കാതിരിക്കുകയെന്നാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്.

''നിസ്സാര പ്രശ്‌നത്തിനായിരുന്നു അവന്‍/ അവള്‍ ആത്മഹത്യ ചെയ്തത്'' പല ആത്മഹത്യ വാര്‍ത്തകള്‍ക്കും പിന്നാലെ കേള്‍ക്കുന്ന ഒരു വാചകമാണിത്. നിസാര കാര്യത്തിന് ഒരാള്‍ തന്റെ ജീവനൊടുക്കുമോ? ഇല്ലെന്നാണ് മനുഷ്യ മനശാസ്ത്രം പഠിച്ചവര്‍ പറയുന്നത്. കേള്‍ക്കുന്നവന് നിസാരമായി തോന്നുന്ന ഒരു കാര്യം, അത് പറയുന്നവന് അങ്ങനെയാകണമെന്നില്ല. ചില കൗണ്‍സിലര്‍മാര്‍ പോലും അത്തരത്തില്‍ കാര്യങ്ങളെ നിസ്സാരവത്കരിക്കുന്നുണ്ട്. ഒരാള്‍, തന്റെ കൈയിലെ കാശ് മുടക്കി ഒരു നിസ്സാര കാര്യത്തിനുവേണ്ടി കൗണ്‍സിലര്‍മാരെ കാണാന്‍ വരില്ല എന്നാണ് തന്റെ കൗണ്‍സിലിംഗ് അനുഭവങ്ങളില്‍ നിന്നും ജിഷ ജോര്‍ജ് പറയുന്നത്. 'ക്ഷമയോട് കാര്യങ്ങള്‍ പറയുകയും അതുകേള്‍ക്കുകയും ചെയ്താല്‍ മാത്രമേ പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ മതിയായെന്നും വരില്ല. ഒട്ടുമിക്ക മനുഷ്യരും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉള്ളിലിട്ട് നടക്കുന്നവരായിരിക്കും. അവരെ ഉപദേശിക്കുകയല്ല വേണ്ടത്, മുന്‍വിധികളോടെയുള്ള സമീപനവും പാടില്ല. ശ്വാസം മുട്ടുള്ളവരോട് അന്തരീക്ഷത്തില്‍ ഇഷ്ടംപോലെ ഓക്‌സിജന്‍ ഉണ്ടല്ലോ, ശ്വസിച്ചൂടോ എന്നു ചോദിക്കുന്ന തരത്തിലുള്ള മോട്ടിവേഷന്‍ സ്പീച്ചുകളും ഫലം ചെയ്യില്ല. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്നുള്ളതുകൊണ്ട് പലരും കൗണ്‍സിലിംഗിന് വിധേയരാകാന്‍ താത്പര്യപ്പെടാറില്ല'.

അവരെ കേള്‍ക്കാന്‍ തയ്യാറായിരുന്നോ?

എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ വീട്ടുകാരോടോ കൂട്ടുകാരോടോ പങ്കുവയ്ക്കാമായിരുന്നില്ലേ എന്ന നിരാശയും പല ആത്മഹത്യകള്‍ക്കു പിന്നാലെ കേള്‍ക്കുന്നതാണ്. എന്തുകൊണ്ടാണ് വീട്ടുകാരോടോ കൂട്ടുകാരോടോ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയാതെ പോകുന്നത്? ' യാതൊരു മുന്‍വിധിയുമില്ലാതെ, ഉപാധികളില്ലാതെ, ക്ഷമയോടെ ഒരാളുടെ പ്രശ്‌നം കേട്ടിരിക്കാന്‍ തയ്യാറാകുന്നവരാണോ മറ്റുള്ളവര്‍? അത് അച്ഛനോ അമ്മയോ, ഭാര്യയോ ഭര്‍ത്താവോ, സഹോദരങ്ങളോ, സുഹൃത്തുക്കളോ ആരുമാകട്ടെ, അങ്ങനെ പെരുമാറാന്‍ കഴിയുമോ? എന്നൊരു ചോദ്യവും അവിടെയുണ്ട്. അത്തരം ആളുകള്‍ ഉണ്ടെങ്കില്‍ പല ആത്മഹത്യകളും തടയാന്‍ കഴിയും. പക്ഷേ, അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നത്, ആത്മഹത്യ ചെയ്തയാളുടെ മാത്രം തീരുമാനം കൊണ്ടാകില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. ' കൗണ്‍സിലിംഗിന് വരുന്നവരില്‍, കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ പറയുന്നൊരു വാചകമുണ്ട്- ഇതൊന്നും വീട്ടിലുള്ള മറ്റാരോടും പറയരുത്- അതായത് തങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വന്തം വീട്ടിലുള്ളവരോട് തന്നെ പങ്കുവയ്ക്കാന്‍ മടിക്കുന്നവരാണ് ഭൂരിപക്ഷവും. നമുക്കിടയില്‍ നിന്നാല്‍ മതിയെന്നു പറഞ്ഞാണ് കുട്ടികള്‍ പോലും പല കാര്യങ്ങളും നമ്മളോട് പറയുന്നത്. ഒരു വീട്ടില്‍ തന്നെയായാലും അവിടെയുള്ള എല്ലാവര്‍ക്കും പരസ്പരമുള്ള സ്വീകാര്യതയോ മാനസിക ഐക്യമോ ഉണ്ടാകണമെന്നില്ല. എനിക്കൊരു തെറ്റ് പറ്റി, അല്ലെങ്കില്‍ എനിക്കൊരു പ്രശ്‌നമുണ്ടെന്ന് ഒരംഗം പറയുമ്പോള്‍, അത് ആ രീതിയില്‍ തന്നെ കേള്‍ക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നില്ലെങ്കില്‍ ആരും ഒന്നും പറയില്ല. വിമര്‍ശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്നവര്‍, മുന്‍വിധി കൊണ്ടു നടക്കുന്നവര്‍ ആണ് എന്റെ വീട്ടിലുള്ളത്, അവരോട് ഞാനെങ്ങനെ ഇതൊക്കെ പറയുമെന്നാണ് പലരും നിരാശപ്പെടുന്നത്. നമ്മളോട് സഹാനുഭൂതി കാണിക്കാത്ത ഒരാളോടും നമ്മള്‍ മനസ് തുറക്കാറില്ലെന്നതാണ് വാസ്തവം. കുട്ടിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മള്‍ വീട്ടില്‍ പറയും, എന്നാല്‍ മുതിര്‍ന്ന് തുടങ്ങുന്നതോടെ അത്തരം പറച്ചിലുകള്‍ നിര്‍ത്തും. എല്ലാക്കാര്യങ്ങളും എല്ലാവരോടും പറയാന്‍ പാടില്ലെന്ന് നമ്മള്‍ അനുഭവങ്ങളില്‍ നിന്നും പഠിക്കുകയാണ്. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. എല്ലാം ഷെയര്‍ ചെയ്ത് ജീവിക്കാന്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും, പക്ഷേ, അതിന് വിമുഖത കാണിക്കുന്നത് തിരിച്ചുള്ള പ്രതികരണം എങ്ങനെയാണെന്ന ആശങ്കയുള്ളതുകൊണ്ടാണ്. ആത്മഹത്യ ചെയ്ത വ്യക്തിയെ, അയാള്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നപേരില്‍ കുറ്റപ്പെടുത്തും മുമ്പ് നമ്മള്‍ അയാളെ കേള്‍ക്കാന്‍ സന്നദ്ധമായിരുന്നോ എന്നാണ് കുടുംബമായാലും കൂട്ടുകാരായാലും സമൂഹമായാലും ചിന്തിക്കേണ്ടത്; ജിഷ ജോര്‍ജ് പറയുന്നു.

കൂട്ട ആത്മഹത്യകളും കൂട്ടക്കൊലകളും

കൂട്ട ആത്മഹത്യകളാണ് കേരളത്തെ ഭയപ്പെടുത്തുന്ന മറ്റൊരു പ്രവണത. ഒരു കുടുംബത്തിലെ എല്ലാവരും മരിക്കുന്ന സംഭവങ്ങളില്‍ പലതിലും ഒരാളുടെ നിര്‍ബന്ധത്തിനു വിധേയരായാണ് മറ്റുള്ളവരും ജീവനൊടുക്കേണ്ടി വരുന്നത്. ഗൃഹനാഥന്മാര്‍ മരണം തെരഞ്ഞെടുക്കുമ്പോഴാണ് കൂട്ട ആത്മഹത്യകള്‍ ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ്, പിഞ്ചുകുഞ്ഞുങ്ങളെയും കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളും കൂടിവരുന്നത്. ഒരു പാട്രിയാര്‍ക്കല്‍ സൊസൈറ്റിയില്‍ ഉണ്ടാകുന്ന രണ്ട് തരം ചിന്തികളാണ് ഇത്തരം കൂട്ട ആത്മഹത്യകള്‍ക്ക് കാരണമായി മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്ത്രീ(അമ്മ) ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍, പ്രായപൂര്‍ത്തിയാകാത്ത മക്കളെയായിരിക്കും പൊതുവില്‍ മരണത്തിലേക്ക് കൂടെക്കൂട്ടുന്നത്. ഞാന്‍ ഇല്ലാതായാല്‍ എന്റെ മക്കള്‍ എങ്ങനെ ജീവിക്കും എന്നായിരിക്കും കൊച്ചുകുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന ഒരമ്മയുടെ മനസില്‍. ഒരു പുരുഷനാണ്(കുടുംബനാഥന്‍) മരണം തെരഞ്ഞെടുക്കുന്നതെങ്കില്‍ ആ കുടുംബത്തിലുള്ള എല്ലാവരെയും(തനിക്കൊപ്പം വളര്‍ന്ന മക്കളെയടക്കം) അയാള്‍ തന്റെയൊപ്പം ഇല്ലാതാകാന്‍ നിര്‍ബന്ധിക്കുകയാണ്. ഇത് പലപ്പോഴും കൊലപാതകങ്ങളുമായി മാറുന്നു. ഈ മാസം കൊട്ടാരക്കരയില്‍ നടന്ന സംഭവമൊക്കെ ഇതിന് ഉദ്ദാഹരണമാണ്. ഭാര്യയെയും പ്രായപൂര്‍ത്തിയായ മക്കളെയും കൊലപ്പെടുത്തിയശേഷമായിരുന്നു കുടുംബനാഥനായ വ്യക്തി ആത്മഹത്യ ചെയ്തത്. ഇത്തരം സംഭവങ്ങളില്‍ ഇമോഷണല്‍ ബ്ലാക്‌മെയിലിംഗ്, അല്ലെങ്കില്‍ ഭീഷണിയൊക്കെ ഉപയോഗിച്ച് നിര്‍ബന്ധപൂര്‍വം ആത്മഹത്യയിലേക്ക് മറ്റുള്ളവരെ നയിക്കുകയോ, അതിന് വിസമ്മതിക്കുന്ന പക്ഷം കൊല്ലപ്പെടുത്തുകയോ ആണ് ചെയ്യുന്നത്. ആത്മഹത്യയിലൂടെയും തന്റെ ആണധികാരം കാണിക്കാനുള്ള ശ്രമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് സൈക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം തന്നെ, അമ്മമാര്‍ മക്കളെയും കൊണ്ട് മരിക്കുന്നതിനു പിന്നില്‍ എപ്പോഴും കുട്ടികളുടെ ഭാവിയോര്‍ത്തുള്ള ആകുലത മാത്രമാകില്ല, പ്രതികാര ചിന്തയും കാരണമാകാം എന്നും വിദഗ്ധര്‍ പറയുന്നു. ആത്മഹത്യയെ ഒരു റിവഞ്ച് ടൂള്‍ ആയും ചിലര്‍ ഉപയോഗിക്കാറുണ്ടെന്നും സൈക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.