സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവം: മരടിലെ ഫ്‌ളാറ്റുകള്‍ മണ്ണിലലിഞ്ഞ് ഇല്ലാതായിട്ട് രണ്ടാണ്ട്

 
flat

തീരദേശ നിയന്ത്രണ മേഖല (സിആര്‍ഇസഡ്) മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കിയിട്ട് രണ്ട് വര്‍ഷം തികയുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ആദ്യ ഫ്‌ളാറ്റായിരുന്നു മരടിലെ 19 നിലകളുണ്ടായിരുന്ന ഹോളിഫെയ്ത് എച്ച്ടുഒ 15 മിനിറ്റിനുള്ളില്‍ 16 നിലകളുള്ള ആല്‍ഫസെറിന്‍ ഇരട്ട ടവറുകളും സ്‌ഫോടനത്തിലൂടെ തകര്‍ത്തു. തൊട്ടടുത്ത ദിവസം ജെയ്ന്‍ കോറല്‍ കോവ്,ഗോള്‍ഡന്‍ കായലോരം എന്നിവയും പൊളിച്ചു. 

ഫ്‌ളാറ്റ് നഷ്ടപ്പെട്ട ഉടമകള്‍ക്ക് 91 കോടി രൂപ കഴിഞ്ഞ വര്‍ഷം നവംബറില്‍ തിരിച്ചുനല്‍കിയിരുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കെട്ടിട ഉടമകള്‍ക്കു നല്‍കിയ 120 കോടി രൂപയില്‍ 91 കോടി രൂപയാണ് ഇതിനകം തിരിച്ചു നല്‍കിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നത്. പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ള 272 ഫ്‌ളാറ്റുകളില്‍ 110 ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക്, അവര്‍ കെട്ടിടനിര്‍മാതാവിനു നല്‍കിയ പണം പൂര്‍ണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി അറിയിച്ചത്. 

2019 മേയ് 8 നാണ് മരടിലെ ഫ്‌ളാറ്റുകള്‍തീരദേശ പരിപാല നിയമം ലംഘിച്ച് നിര്‍മിച്ചവയാണെന്ന കണ്ടെത്തല്‍ ശരിയാണെന്നും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.  2019 ജൂലൈ 11 ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിക്കെതിരെ 4 ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 2019 സെപ്റ്റംബര്‍ 27 ന് ഫ്‌ളാറ്റ് ഉടമകള്‍ക്കു 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. 

മരടിലെ അനധികൃത ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് അഴിമുഖം 2019 ല്‍ നല്‍കിയ റിപോര്‍ട്ടിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍ ചുവടെ 

എന്തുകൊണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി പറഞ്ഞു ?

തീരദേശ നിയന്ത്രണ മേഖല (coastal regulation zone-CRZ) വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളില്‍ സിആര്‍ഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്. ഇപ്പോള്‍ ഇത് കാറ്റഗറി രണ്ടില്‍ ആണെന്നു പറയുന്നുണ്ട് (അതിന്റെ വിശദാംശങ്ങളിലേക്ക് വരാം). കേരള സ്റ്റേറ്റ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റി (കെ എസ് സി ഇസ്ഡ് എം എ)യില്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം മരട് നഗരസഭ സിആര്‍ഇസഡിന്റെ ഏത് കാറ്റഗറിയില്‍ വരുമെന്ന ചോദ്യത്തിന് അണ്ടര്‍ സെക്രട്ടറി, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയ ബി.വി.എസ് മണി നല്‍കിയ മറുപടിയില്‍ പറയുന്നത് the present distance regulation is as per the classification of the area in the CZMP of 1995, ie. areas under CRZ I and CRZ III എന്നാണ്. അതായത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്താന്‍ കഴിയാത്ത പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പെട്ടതാണ് ഇവിടം എന്ന്. ഏത് കാറ്റഗറിയില്‍ വരുന്നു എന്നതിനേക്കാള്‍ പ്രധാനം, മരട് നഗരസഭ തീരദേശ നിയന്ത്രണ മേഖലയില്‍പ്പെടുന്ന പ്രദേശമാണ് എന്നതാണ്. 1994 ല്‍ പാര്‍ലമെന്റ് പാസാക്കിയ ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത് വേലിയേറ്റവും വേലിയിറക്കവും (low tide and high tide) ബാധിക്കുന്ന പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ പുതുതായി ഒരു ബില്‍ഡിംഗ് നിര്‍മിക്കുന്നതിന് കെസിഇസഡ്എംഎയുടെ എന്‍ഒഎസി വാങ്ങിയിരിക്കണം എന്നാണ്. അങ്ങനെയൊരു അനുമതി കിട്ടിയാല്‍ മാത്രമെ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കാവൂ. കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ എന്‍ഒഎസിക്കായി ബില്‍ഡിംഗ് പെര്‍മിറ്റിന്റെ അപേക്ഷകള്‍ പഞ്ചായത്ത്/മുന്‍സിപ്പല്‍ സെക്രട്ടറിക്കോ അതല്ലെങ്കില്‍ ബില്‍ഡേഴ്സിന് നേരിട്ടോ നല്‍കാം. ഒരു നിശ്ചിത ഫീസ് അടയ്ക്കണം. അതിനുശേഷം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വേ നമ്പര്‍ അനുസരിച്ചുള്ള സ്ഥലം സിആര്‍ഇസഡ് കാറ്റഗറിയില്‍ വരുന്നതാണോ എന്ന് പരിശോധിക്കുകയും ചെയ്യും. ബില്‍ഡിംഗ് നിര്‍മാണത്തിന് തടസമില്ലെങ്കില്‍, അഥോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ (എഫ്എആര്‍ ഫ്ളോര്‍ ഏരിയ റേഷ്യു അടക്കം) പാലിച്ചു കൊണ്ട് നിര്‍മാണം നടത്താം. ഇത്രയും നിയമപരമായി നടക്കുന്ന കാര്യങ്ങള്‍.

എന്നാല്‍ അഞ്ചു ഫ്ളാറ്റുകളുടെയും കാര്യത്തില്‍ നിയമം അതിന്റെ വഴിക്കല്ല പോയതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. സിആര്‍ഇസഡ് ഒന്നിലും മൂന്നിലും നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെന്നിരിക്കെ, മരട് പ്രദേശം സിആര്‍ഇസ്ഡില്‍ വരുന്നതാണെന്നുമിരിക്കെ, യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും നോക്കാതെ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുക്കുകയായിരുന്നു അന്നത്തെ പഞ്ചായത്ത് സെക്രട്ടറി. തീരദേശ നിയന്ത്രണ മേഖലയിലുള്ള നിര്‍മാണങ്ങള്‍ക്കുള്ള അപേക്ഷ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റിക്ക് വിടണമെന്നുള്ള കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് ചട്ടത്തിലെ വകുപ്പ് 23(4) അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ലംഘിച്ചു. പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി ആക്ട് അനുസരിച്ച് ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കാനുള്ള സ്വതന്ത്രാധികരം സെക്രട്ടറിമാര്‍ക്കുണ്ടെങ്കിലും ഇത്രയും സെന്‍സിറ്റീവ് ആയ കേസുകളില്‍ പഞ്ചായത്ത് ഭരണസമിതിയോടോ കൗണ്‍സിലിനോടോ അഭിപ്രായം ചോദിക്കുന്നതില്‍ തെറ്റില്ലെന്നിരിക്കെ പഞ്ചായത്ത് സെക്രട്ടറി അങ്ങനെയൊരു നീക്കം നടത്തിയില്ലെന്നാണ് പറയുന്നത്. അതേസമയം അഞ്ചു വന്‍കിട ഫ്ളാറ്റ് നിര്‍മാണത്തിനുള്ള അപേക്ഷ പഞ്ചായത്തില്‍ വരികയും അതിന് അനുമതി നല്‍കുകയും ചെയ്ത കാര്യം അന്നത്തെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യവും ഉയര്‍ന്നു.

പഞ്ചായത്തില്‍ നിന്നും അനുമതി കിട്ടിയതോടെ ഫ്ളാറ്റ് നിര്‍മാണവുമായി ബില്‍ഡേഴ്സ് മുന്നോട്ടു പോകുമ്പോഴാണ് നിര്‍മാണങ്ങള്‍ക്കു പിന്നില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അഥോറിറ്റി ഇടപെടുന്നത്. തിരദേശ പരിപാല നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് കെസിഇസഡ്എംഎ മരട് പഞ്ചായത്തിന് കത്തു നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡേഴ്സിന് നോട്ടീസ് അയയ്ക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അഞ്ചു ബില്‍ഡേഴ്സിനും പഞ്ചായത്തില്‍ നിന്നും നോട്ടീസ് നല്‍കുകയും പിന്നാലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. നിര്‍മാണാനുമതി നല്‍കി ഏകദേശം ഒമ്പത് മാസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്തരമൊരു നടപടി വരുന്നത്. ഈ സ്റ്റോപ്പ് മെമ്മോയ്ക്കു മുന്‍പായി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ തന്നെ അതീവ ഗുരുതരമായിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ആല്‍ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ പറഞ്ഞിരിക്കുന്ന നിയമലംഘനങ്ങള്‍ ഇവയായിരുന്നു; സിആര്‍ഇസഡ് കാറ്റഗറി വണ്‍ നിയമങ്ങളും കാറ്റഗറി മൂന്ന് നിയമങ്ങളും ലംഘിച്ചിരിക്കുന്നു, റീജണല്‍ ടൗണ്‍ പ്ലാനറുടെ അനുമതി നേടിയിട്ടില്ല, അധിക എഫ്എആറിന്( ഫ്ളോര്‍ ഏരിയ റേഷ്യു) ഫീസ് അടച്ചിട്ടില്ല, കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂളില്‍ ചട്ടം 50 ലംഘിച്ചിരിക്കുന്നു, ഫയര്‍ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി വാങ്ങിയിട്ടില്ല, സ്ട്രക്ചറല്‍ ഡിസൈന്‍ സമര്‍പ്പിച്ചിട്ടില്ല, സീനിയര്‍ ടൗണ്‍ പ്ലാനറുടെ അനുമതി വാങ്ങിയിട്ടില്ല, എഫ്എആര്‍ മാനദണ്ഡം ലംഘിച്ചിരിക്കുന്നു, ആക്സസ് വിഡ്ത് കാണിച്ചിട്ടില്ല, ഓപ്പണ്‍ സ്പേസ് ലംഘനം നടത്തിയിരിക്കുന്നു. സീനിയര്‍ ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന ഇത്രയും നിയമലംഘനങ്ങളുടെ പേരില്‍ 1999-ലെ കെഎംബിആര്‍ റൂള്‍ 16 അനുസരിച്ച് (പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യലും പിന്‍വലിക്കലും) നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കാനാണ് 2007 ജൂണ്‍ നാലിന് മരട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍ പിന്നീട് അയച്ച സ്റ്റോപ്പ് മെമ്മോയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ച കുറ്റങ്ങള്‍ തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചു നിര്‍മാണം നടത്തുന്നു എന്നായിരുന്നില്ല, മറിച്ച് പെര്‍മിറ്റിന് വിരുദ്ധമായി നിര്‍മാണം നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു, അതിനാല്‍ തുടര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കൂ എന്നായിരുന്നു. സിആര്‍ഇസഡ് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണങ്ങള്‍ നടക്കുന്നതെന്ന ഗുരുതരമായ കുറ്റം മൂടിവയ്ക്കാനുള്ള ശ്രമങ്ങള്‍ അവിടെ നടന്നു. ഇതിന്റെ ഫലം നിര്‍മാതാക്കള്‍ നേടിയെടുത്തത് ഹൈക്കോടതിയില്‍ നിന്നായിരുന്നു. 2007 ല്‍ മരട് പഞ്ചായത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ സ്റ്റോപ്പ് മെമ്മോയ്ക്കെതിരേ ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ കേസിനു പോയി. ഓരോ ബില്‍ഡേഴ്സും പ്രത്യേകം പ്രത്യേകം പോയ ഹര്‍ജിയില്‍ കേരള സര്‍ക്കാര്‍, മരട് പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍ കക്ഷികളാക്കിയപ്പോള്‍ തന്ത്രപരമായി കേരള സ്റ്റേറ്റ് സോണല്‍ മാനേജ്മെന്റ് അഥോറിറ്റിയെ എതിര്‍കക്ഷിയായിക്കിയില്ല. സിംഗിള്‍ ബഞ്ചിനു മുന്നില്‍ വന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയ കാര്യം പെര്‍മിറ്റിനു വിരുദ്ധമായി തങ്ങള്‍ നിര്‍മാണം നടത്തി എന്നു കാണിച്ചു സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണെന്നും അത് റദ്ദ് ചെയ്യണമെന്നുമായിരുന്നു. ഇവിടെയൊന്നും തീരദേശ നിയന്ത്രണ മേഖല നിയമങ്ങളുടെ കാര്യം അവര്‍ മിണ്ടയില്ല. എന്നാല്‍ ഈ വിഷയം ചൂണ്ടിക്കാണിക്കാമായിരുന്നിട്ടും എതിര്‍ കക്ഷികളായ പഞ്ചായത്തും ഇതേക്കുറിച്ച് മിണ്ടിയില്ല. സ്വഭാവികമായി, തീരദേശ പരിപാലന നിയമം അട്ടിമറിക്കപ്പെട്ടു എന്ന വിഷയം കോടതിയുടെ മുന്നില്‍ വന്നില്ല. മറിച്ച് ബില്‍ഡിംഗ് പെര്‍മിഷന്‍ റദ്ദ് ചെയ്യല്‍ മാത്രമായി ആവശ്യം ചുരുങ്ങി. 

പെര്‍മിഷന്‍ ആദ്യം കിട്ടിയതുകൊണ്ട് തങ്ങള്‍ ഇത്രയും പണം മുടക്കി, പണി ഇത്രയും കഴിഞ്ഞു, ഇനിയത് നിര്‍ത്തിവച്ചാല്‍ വലിയ നഷ്ടമുണ്ടാകും എന്നൊക്കെയുള്ള ഹര്‍ജിക്കാരുടെ വാദം സിംഗിള്‍ ബഞ്ച് അംഗീകരിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കിയ പഞ്ചായത്ത് ഉത്തരവിന് കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഈ സ്റ്റേ ഉത്തരവിന്റെ പിന്‍ബലത്തില്‍ നിര്‍മാണവുമായി ബില്‍ഡേഴ്സ് മുന്നോട്ടു പോയി. 2012 സെപ്തംബര്‍ 19 ന് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ചില്‍ നിന്നും വിധി വരികയും ചെയ്തു. അതിന്റെ കൂടി ഒരു കാര്യം കൂടി ചേര്‍ത്തു പറയണം, മുകളില്‍ ആല്‍ഫ വെഞ്ചേഴ്സിന്റെ നിയമലംഘനങ്ങളുടെ കാര്യം മാത്രമാണ് പറഞ്ഞിരിക്കുന്നതെങ്കിലും ബാക്കി നിര്‍മാതാക്കള്‍ക്ക് നല്‍കിയ നോട്ടീസിലും സിആര്‍ഇസഡ് ഒന്നും മൂന്നും ലംഘിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിര്‍മാതാക്കളില്‍ ഒരാളും പോലും അവര്‍ നല്‍കിയ ഹര്‍ജിയില്‍ അക്കാര്യം കോടതിയില്‍ പറഞ്ഞിട്ടില്ല. ഒടുവില്‍ എല്ലാ കേസുകളും കൂടി ഒറ്റ പെറ്റീഷനാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് അനുകൂല ഉത്തരവ് നല്‍കിയതും (ആല്‍ഫ- ഡബ്ല്യുപി(സി) 22590/2007, ഹോളിഡേ ഹെറിറ്റേജ്- ഡബ്ല്യുപി(സി) 24709/2007, കെ വി ജോസ് ഗോള്‍ഡന്‍ കായലോരം-ഡബ്ല്യുപി(സി) 23293/2007, ഹോളി ഫെയ്ത്ത് എച്ച് ടു ഒ- ഡബ്ല്യുപി(സി) 23046/2007, ജയ്ന്‍ ഹൗസിംഗ്-ഡബ്ല്യുപി(സി) 23129/2007 എന്നിങ്ങനെയായിരുന്നു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയ്ക്കെതിരേ നിര്‍മാതാക്കള്‍ റിട്ട് പെറ്റീഷന്‍ നല്‍കിയത്. കോടതി ഇതെല്ലാം കൂടി ഒറ്റ പെറ്റീഷനാക്കി ഉത്തരവ് നല്‍കുകയായിരുന്നു. അതായത് നിര്‍മാതാക്കളുടെ എല്ലാവരുടെയും ആവശ്യം ഒന്നായിരുന്നു, നിയമലംഘനങ്ങള്‍ ഒരുമിച്ച് തന്നെ നടത്തി. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരും തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ കാര്യം കോടതിയില്‍ നിന്നും മറച്ചു വയ്ക്കുകയും ചെയ്തു).

കാര്യങ്ങള്‍ നിര്‍മാതാക്കള്‍ക്ക് അനുകൂലമായി മാറിയെന്നു കണ്ടതോടെയാണ് കെഎസ്ഇസഡ്എംഎ കേസില്‍ ഇടപെടുന്നത്. ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകാന്‍ നഗരസഭയോട് കെഎസ്ഇസഡ്എംഎ ആവശ്യപ്പെട്ടു. അങ്ങനെ 2015 ജൂണില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജിയെത്തി. കെഎസ്ഇസഡ്എംഎയും കക്ഷി ചേര്‍ന്നു. എന്നാല്‍ ഡിവിഷന്‍ ബഞ്ചില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. 

എന്നാല്‍ കേരള സ്റ്റേറ്റ് സോണല്‍ മാനേജ്മെന്റ് അഥോറിറ്റി ഈ വിഷയത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണവര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയത്. 2016-ല്‍ നല്‍കിയ അപ്പീലില്‍ സോണല്‍ മാനേജ്മെന്റ് അഥോറിറ്റി സുപ്രീം കോടതിയെ ധരിപ്പിച്ചത് ഈ നിര്‍മാണങ്ങള്‍ എല്ലാം തന്നെ തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുളളവ തന്നെയാണ് എന്നതായിരുന്നു. ഹൈക്കോടതിയിലേതില്‍ നിന്നും വ്യത്യസ്തമായി വാദപ്രതിവാദങ്ങള്‍ സുപ്രീം കോടതിയില്‍ നടന്നു. കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ വേണ്ടി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ്, എറണാകുളം ജില്ല കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള, ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ സുഭാഷ് പി.കെ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍. പ്രസ്തുത സമിതി നടത്തിയ അന്വേഷണത്തില്‍ സിആര്‍ഇസഡ് നിയമങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന കണ്ടെത്തല്‍ ഉണ്ടായി. അതിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2019 മേയ് എട്ടിന് ജസ്റ്റീസ് അരുണ്‍ മിശ്ര, ജസിറ്റീസ് നവീന്‍ സിന്‍ഹ എന്നിവരുടെ ബഞ്ച് നിയമലംഘനം നടത്തി നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിടുന്നത്. ഇതിനിടെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിക്കെതിരെ 4 ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കോടതി  ഉത്തരവ് പാലിക്കപ്പെടാതെ പോകുന്നതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ ആറിന് കോടതി അന്ത്യശാസനം നല്‍കുകയും സെപ്തംബര്‍ 20-നകം പൊളിച്ചു നീക്കിയില്ലെങ്കില്‍ ഗുരതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുകയായിരുന്നു. 

Also Read : 200 കോടി ജനങ്ങള്‍ക്ക് ഭീഷണി, തീരമുള്ള മഹാനഗരങ്ങള്‍ മുങ്ങും; 2050 ല്‍ ജീവിതം ദുസ്സഹമാകും